ഭീകരബന്ധം; സൗദി അറേബ്യ 47 പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: ഭീകരപ്രവര്‍ത്തന കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട ശിയാ നേതാവ് നിംറ് അന്നിംറും അല്‍ഖാഇദ ബന്ധമുള്ള ഫാരിസ് സഹ്‌റാനിയും ഉള്‍പ്പെടെ 47 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. മനുഷ്യാവകാശ സംഘടനകളുടെയും ഇറാന്റെയും പ്രതിഷേധം അവഗണിച്ചാണ് സൗദി നടപടി. 2003നും 2006നും ഇടയില്‍ രാജ്യത്ത് നടന്ന സായുധാക്രമണങ്ങളില്‍ പിടിയിലായ ഇവരില്‍ ഭൂരിഭാഗവും അല്‍ഖാഇദ ബന്ധമുള്ളവരാണ്. ഇവരുടെ പേരുകള്‍ ശനിയാഴ്ച ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടിരുന്നു.
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച നിംറ് അന്നിംറിന്റെ വധശിക്ഷ കഴിഞ്ഞ ഒക്ടോബറില്‍ സൗദി സുപ്രിം കോടതി ശരിവച്ചിരുന്നു. സൗദി അന്വേഷിച്ചിരുന്ന 'ഭീകര പട്ടികയില്‍' ഒരാളായി എണ്ണപ്പെട്ട സഹ്‌റാനി നിയമവിരുദ്ധമായി ആയുധം കൈവശം വച്ചെന്നാരോപിച്ച് 2004ലാണ് അറസ്റ്റിലായത്. നിംറിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം പോലിസ് തടഞ്ഞതും തുടര്‍ന്നു നടന്ന പ്രതിഷേധത്തിലും മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിംറിന്റെ വധശിക്ഷ സൗദിയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശിക്ഷിക്കപ്പെട്ടവരില്‍ ഈജിപ്ഷ്യന്‍, ചാഡ് പൗരന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജനവാസകേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ പങ്കാളികളായവരാണ് ശിക്ഷിക്കപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2015ല്‍ സൗദി അറേബ്യ 151 പേരുടെ വധശിക്ഷ നടപ്പാക്കിയെന്നും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നുമുള്ള ആംനസ്റ്റിയുടെ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് കൂട്ട വധശിക്ഷ നടപ്പാക്കല്‍.
കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫ് സ്വദേശിയായ നിംറ് സൗദി രാജഭരണത്തിനെതിരേ ശബ്ദമുയര്‍ത്തുകയും തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമായി പോലിസിനു നേരെ ആക്രമണം അഴിച്ചുവിെട്ടന്ന കുറ്റം ചുമത്തിയാണ് നിംറിന്റെ വധശിക്ഷ. സൗദിയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 157 പേരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്.
Next Story

RELATED STORIES

Share it