ഭീകരത മുസ്‌ലിംകള്‍ക്കു ബാധ്യതയായി: മക്ക ഇമാം

കോഴിക്കോട്: ഇസ്‌ലാമിന്റെ പേരില്‍ ചിലര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ക്കു ബാധ്യതയായെന്ന് മക്ക ഇമാം ഡോ. ശൈഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുതാലിബ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ തന്നെ ഭീകരതയുടെ ഇരകളാവുകയാണ്. ഇസ്‌ലാമും ഭീകരതയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മക്ക ഹറം മസ്ജിദ് ഇമാം.
ഭീകരതയെ ഇസ്‌ലാമുമായി ബന്ധിപ്പിക്കേണ്ടതില്ല. പല തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകത്തു ധാരളമായി നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. എന്നാല്‍, സമീപകാലത്തെ ചില സംഭവങ്ങളുടെ ചുവടുപിടിച്ച് ഇസ്‌ലാമിനെയും ഭീകരതയെയും ബന്ധിപ്പിക്കുന്നതില്‍ അര്‍ഥമില്ല. അങ്ങേയറ്റം സഹിഷ്ണുത വിളംബര ചെയ്ത മതമാണ് ഇസ്‌ലാം. ലോകര്‍ക്കാകെ സമാധാനവും കാരുണ്യവുമായാണ് പ്രവാചകനെ അയച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. സമാധാനം ദൈവത്തില്‍നിന്നാണെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു. എല്ലാ മനുഷ്യരും ഒരേ പിതാവില്‍നിന്നും മാതാവില്‍നിന്നുമാണെന്നു വ്യക്തമാക്കി. ഇസ്‌ലാമില്‍ പരസ്പരമുള്ള അഭിവാദനം പോലും താങ്കള്‍ക്കു സമാധാനമുണ്ടാകട്ടെ എന്നാണ്.
ഒരു ഘട്ടത്തിലും മറ്റൊരാളോട് അനീതിയോ അക്രമോ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നായിരുന്നു ഇസ്‌ലാമിന്റെ നിര്‍ദേശം. യുദ്ധമുണ്ടായാല്‍ പോലും സ്ത്രീകളെയോ കുട്ടികളെയോ ആരാധനാകര്‍മങ്ങളില്‍ മുഴുകിയവരെയോ ദ്രോഹിക്കരുതെന്ന് പഠിപ്പിച്ചു. ഇത്തരത്തിലൊരു മതത്തിന് ഇപ്പോള്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനവുമായി എന്തു ബന്ധമാണുണ്ടാവുകയെന്നും സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുതാലിബ് ചോദിച്ചു. ഭീകരതയ്‌ക്കെതിരെ അതിശക്തമായ നിലപാടാണ് സൗദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിം പണ്ഡിതരും നേതാക്കളുമൊക്കെ ഇത്തരം പ്രവര്‍ത്തനങ്ങളെ തുടക്കത്തില്‍ത്തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയും സമാധാനവും സഹിഷ്ണുതയുമാണ് മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിന്റെ ആന്തരികസത്തയെ ഇല്ലാതാക്കുന്ന വിധത്തിലുള്ള അനാചാരങ്ങള്‍ ഉപേക്ഷിച്ച് പ്രവാചകന്‍ മുന്നോട്ടുവച്ച തനതായ ഇസ്‌ലാം ശീലിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണ ശേഷം വേദിയില്‍ അദ്ദേഹം സമാധാന വൃക്ഷത്തൈ നട്ടു.
Next Story

RELATED STORIES

Share it