Middlepiece

ഭീകരത, നമ്മുടെ ഇരട്ടത്താപ്പ്

ബെന്‍ നോര്‍ട്ടണ്‍

സപ്തംബര്‍ 11ലെ ആക്രമണത്തിനു ശേഷം എവിടെ സാധാരണക്കാര്‍ക്കു നേരെ ആക്രമണമുണ്ടായാലും പടിഞ്ഞാറിന്റെ ശീലം മുസ്‌ലിംകളെ വിമര്‍ശിക്കുകയെന്നതാണ്. ഇതിനാകട്ടെ തെളിവുകളൊന്നും ഉണ്ടാകാറുമില്ല. 2009 മുതല്‍ 2013 വരെയുള്ള കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ടു ശതമാനം മാത്രമാണ് മതവുമായി ബന്ധപ്പെട്ടത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുസ്‌ലിംകള്‍ക്കെതിരായ പ്രചാരണത്തിനു യാതൊരു കുറവും ഉണ്ടായില്ല.
പാരിസ് ആക്രമണം സംബന്ധിച്ച പ്രതികരണത്തിലും കാപട്യം പ്രകടമായിരുന്നു. ആക്രമണത്തിന്റെ വാര്‍ത്ത പരന്നയുടനെ വലതുപക്ഷ പണ്ഡിറ്റുകള്‍ മുസ്‌ലിംകള്‍ക്കെതിരേയും മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കെതിരേയും ആക്രമണോല്‍സുകമായ രീതിയില്‍ പ്രചാരണം തുടങ്ങി. ഈ സംഭവത്തെ ആക്രമണത്തിന്റെ ഇരകളെപ്പോലും അവമതിക്കുന്ന രീതിയിലുള്ള ചൂഷണത്തിനാണ് ചിലര്‍ വിധേയമാക്കിയത്. രാജ്യത്തെ ആഭ്യന്തരപ്രശ്‌നങ്ങളെ വരെ അവഗണിച്ചുകൊണ്ടാണ്, കുടിയേറ്റമാണ് വലിയ പ്രശ്‌നമെന്ന രീതിയില്‍ പ്രചാരണം നടത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തു. എന്നാല്‍, മുസ്‌ലിംകള്‍ക്കെതിരായ പ്രചാരണം തുടര്‍ന്നു. മുസ്‌ലിംകള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി എത്തുന്നത് ആക്രമണങ്ങള്‍ നടത്താനാണെന്നും അവര്‍ ഇനിയും ആക്രമണം നടത്തുമെന്നും ആക്ഷേപങ്ങളുയര്‍ത്തി. ഓരോ തവണ മുസ്‌ലിം തീവ്രവാദികള്‍ ആക്രമണം നടത്തുമ്പോഴും ലോകത്തെ 1.6 ബില്യന്‍ മുസ്‌ലിംകള്‍ കൂട്ടായി അതിന്റെ പേരില്‍ മാപ്പു പറയുമെന്നാണ് ചിലര്‍ പ്രതീക്ഷിക്കുന്നത്.
രാജ്യത്തേക്ക് മുസ്‌ലിം അഭയാര്‍ഥികളുടെ പ്രവാഹം തടയണമെന്ന് ആരെല്ലാമാണ് ആഗ്രഹിക്കുന്നത്? രണ്ടു വിഭാഗമാണ് ഇതില്‍ പ്രധാനം. മുസ്‌ലിം തീവ്രവാദികളാണ് ഇതില്‍ ഒരു വിഭാഗം. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ അംഗീകരിക്കുന്നില്ലെന്നും അവര്‍ ഇസ്‌ലാമിനെതിരേ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെന്നുമുള്ള അവരുടെ പ്രചാരണത്തിനു ബലമേകാനാണിത്. രണ്ടാമത്തേത് യൂറോപ്പില്‍ വളരുന്ന വലതുപക്ഷമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ഇടം കൊടുക്കരുതെന്നും ഇസ്‌ലാമിനെതിരേ യുദ്ധം പ്രഖ്യാപിക്കണമെന്നുമുള്ള അവരുടെ ആവശ്യത്തിനു തെളിവായി ഇത്തരം സംഭവങ്ങള്‍ അവര്‍ക്ക് ആവശ്യമുണ്ട്. ഫലത്തില്‍ ശത്രുക്കളാണെങ്കിലും രണ്ടു വിഭാഗവും ഒരേ താല്‍പര്യമാണ് പങ്കുവയ്ക്കുന്നത്.
ഓരോ വര്‍ഷവും യൂറോപ്പില്‍ നിരവധി ഭീകരാക്രമണങ്ങളാണ് ഉണ്ടാകാറ്. എന്നാല്‍, ഇതില്‍ മുസ്‌ലിംകള്‍ നടത്തുന്ന ആക്രമണം മാത്രമാണ് വാര്‍ത്തയുടെ തലക്കെട്ടില്‍ ഇടംപിടിക്കാറ്. വംശീയ-ദേശീയവാദികളോ തീവ്രവലതുപക്ഷമോ നടത്തുന്ന ആക്രമണങ്ങള്‍ ഇത്ര വലിയ വാര്‍ത്തയാകാറില്ല. ഇതാകട്ടെ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പാരിസ് ആക്രമണം നടന്നു മിനിറ്റുകള്‍ക്കകം പ്രസിഡന്റ് ഹൊളാന്‍ദും ഒബാമയും ലോകത്തെ അഭിസംബോധന ചെയ്തു. ജോണ്‍ കെറി സംഭവത്തെ പൈശാചികം, നിന്ദ്യം എന്നിങ്ങനെ വിശേഷിപ്പിച്ചു.
എന്നാല്‍, ഇതിനെല്ലാം ഒരു ദിവസം മുമ്പ് നടന്ന ഒരു ആക്രമണത്തെക്കുറിച്ച് ഇവരെല്ലാം നിശ്ശബ്ദരായിരുന്നുവെന്നത് ശ്രദ്ധിക്കുക. നവംബര്‍ 12നു ബെയ്‌റൂത്തിലെ ശിയാ വിഭാഗങ്ങള്‍ക്കു നേരെ ഐഎസ് നടത്തിയ സമാനമായ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രസിഡന്റ് ഒബാമ ലോകത്തെ അഭിസംബോധന ചെയ്യുകയോ സ്‌ഫോടനത്തെ അപലപിക്കുകയോ ചെയ്തില്ല. ബെയ്‌റൂത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു ഇത്.
ഒക്‌ടോബറില്‍ തുര്‍ക്കിയില്‍ നടന്ന ആക്രമണത്തെയും വൈറ്റ്ഹൗസ് അപലപിക്കുകയുണ്ടായില്ല. കുര്‍ദ് അനുകൂല രാഷ്ട്രീയപ്പാര്‍ട്ടിയുടെ റാലിക്കു നേരെയുണ്ടായ ആക്രമണത്തില്‍ 128 പേരാണ് കൊല്ലപ്പെട്ടത്. 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനെല്ലാം ഉപരിയായി സപ്തംബര്‍ 28നു യമനിലെ ഒരു വിവാഹപ്പാര്‍ട്ടിക്കു നേരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം നടത്തിയ ബോംബ് ആക്രമണത്തില്‍ 131 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 80 പേര്‍ സ്ത്രീകളായിരുന്നു. ഈ ആക്രമണവാര്‍ത്ത വൈറലായില്ല. ഒബാമയോ ഹൊളാന്‍ദോ അപലപിക്കുകയോ മാപ്പു പറയുകയോ ചെയ്തില്ല.
ലബ്‌നാന്‍കാരുടെ ജീവനേക്കാള്‍ വിലപ്പെട്ടതാണോ ഫ്രഞ്ച് ജീവന്‍? തുര്‍ക്കികളുടെയും യമനികളുടെയും കുര്‍ദുകളുടെയും ജീവനു വിലയില്ലേ? അവര്‍ക്കെതിരേ ആക്രമണം നടക്കുമ്പോള്‍ അതു പൈശാചികമോ നിന്ദ്യമോ ആകുന്നില്ല. ഈ കാപട്യമെല്ലാം നമ്മള്‍ നേരത്തെയും കാണുന്നതാണ്. ഇതിനോട് വിചിത്രമായ രീതിയില്‍ സമരസപ്പെടുകയും ചെയ്തിരിക്കുന്നു. പാരിസ് ആക്രമണം ഉണ്ടായപ്പോള്‍ തന്നെ അതിന്റെ പ്രതികരണവും പ്രതീക്ഷിച്ചതായിരുന്നു.
എന്താണ് അവരെ ഇത്തരമൊരു ആക്രമണം നടത്താന്‍ പ്രകോപിതരാക്കിയിരിക്കുകയെന്നും ഓര്‍ക്കുക. തീര്‍ച്ചയായും അത് ഷാര്‍ലി ഹെബ്ദോ കാര്‍ട്ടൂണല്ല. മറിച്ച്, യുഎസിന്റെ നേതൃത്വത്തില്‍ ഇറാഖില്‍ നടത്തിയ ആക്രമണവും അബൂഗുറയ്ബിലെ ക്രൂരമായ പീഡനങ്ങളുമാണ്. മറ്റൊന്നുകൂടി ശ്രദ്ധിക്കുക: ആക്രമണം നടത്തിയവരില്‍ ഭൂരിഭാഗവും അല്‍ജീരിയക്കാരാണ്. ക്രൂരമായ ഫ്രഞ്ച് അധിനിവേശത്തിന്റെയും പീഡനത്തിന്റെയും ഇരകളാണ് അവര്‍. 1962ല്‍ ആയിരക്കണക്കിനു പേര്‍ മരിച്ച സ്വാതന്ത്ര്യസമരത്തോടെയാണ് ഈ അധിനിവേശത്തിന് അന്ത്യമായത്.
ജനുവരിയിലെ പാരിസ് ആക്രമണത്തിനു ശേഷം സൗദി ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ നേതാക്കള്‍ പാരിസില്‍ നടന്ന മാര്‍ച്ചില്‍ ഒത്തുകൂടി. സൂക്ഷ്മതയോടെ ആസൂത്രണം ചെയ്തതായിരുന്നു അത്. ഈ ആക്രമണം നടന്ന് ആറു ദിവസങ്ങള്‍ക്കു ശേഷം നാഷനല്‍ ഒബ്‌സര്‍വറി എഗയ്ന്‍സ്റ്റ് ഇസ്‌ലാമോഫോബിയ, ഇസ്‌ലാംപേടിയുമായി ബന്ധപ്പെട്ടുണ്ടായ 60 ആക്രമണങ്ങളുടെയും ഭീഷണികളുടെയും വിവരങ്ങള്‍ പുറത്തുവിട്ടു. യുകെ ആസ്ഥാനമായുള്ള ടെല്‍ മാമ എന്ന സംഘടനയും മുസ്‌ലിംകള്‍ക്കെതിരേ ഉണ്ടായ ആക്രമണത്തിന്റെ വിവരങ്ങളും പുറത്തുവിട്ടു.
ജനുവരിയിലെ പാരിസ് ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ബോക്കോഹറാം നൈജീരിയയില്‍ 2000ല്‍ അധികം തദ്ദേശീയരെയാണ് കൂട്ടക്കൊല ചെയ്തത്. എന്നാല്‍, ആഫ്രിക്കക്കാര്‍ക്കു വേണ്ടി മാര്‍ച്ച് നടത്താന്‍ ആരും ഉണ്ടായിരുന്നില്ല. അതെല്ലാം പടിഞ്ഞാറില്‍ മുസ്‌ലിം തീവ്രവാദികളുടെ ആക്രമണം ഉണ്ടാകുമ്പോള്‍ ചെയ്യാന്‍ വേണ്ടി മാറ്റിവച്ചതായിരുന്നു. മിഡില്‍ഈസ്റ്റില്‍ നിന്നും വടക്കന്‍ ആഫ്രിക്കയില്‍ നിന്നും എന്തുകൊണ്ടാണ് ഇത്രയധികം അഭയാര്‍ഥിപ്രവാഹം ഉണ്ടാകുന്നത് എന്നത് അവഗണിക്കാനാവാത്ത ചോദ്യമാണ്. ആയിരങ്ങളാണ് കുടുംബവും വീടും ഉപേക്ഷിച്ച് സംഘര്‍ഷങ്ങളില്‍ നിന്നു പലായനം ചെയ്യുന്നത്. ഈ സംഘര്‍ഷങ്ങളും അരാജകത്വവുമെല്ലാം പടിഞ്ഞാറിന്റെ സൈനിക ഇടപെടല്‍ മൂലം ഉണ്ടായതാണ്.
ഇറാഖിലെ ആക്രമണങ്ങള്‍ക്കും തകര്‍ച്ചയ്ക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് യുഎസിന് നേരിട്ട് ഉത്തരവാദിത്തമുണ്ട്. അതോടൊപ്പം അഫ്ഗാനിസ്താന്‍, ലിബിയ, യമന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു പേരാണ് അഭയാര്‍ഥികളാക്കപ്പെട്ടത്. ഇറാഖിലേക്ക് യുഎസിന്റെ നേതൃത്വത്തിലുള്ള അധിനിവേശത്തില്‍ 10 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. അതാകട്ടെ, മേഖലയെ ആകെ അസ്ഥിരപ്പെടുത്തി. അത് അല്‍ഖാഇദ പോലുള്ള സംഘടനകളുടെ വളര്‍ച്ചയ്ക്കും തുടര്‍ന്ന് ഐഎസിന്റെ രൂപീകരണത്തിനും കാരണമായി.
അഫ്ഗാനിസ്താനില്‍ ഇപ്പോഴും തുടരുന്ന യുദ്ധം ലക്ഷം അഫ്ഗാനികളെ കൊലപ്പെടുത്തി. ലക്ഷങ്ങള്‍ ഭവനരഹിതരായി. ലിബിയയിലെ നാറ്റോ ഇടപെടല്‍ സര്‍ക്കാരിനെ അട്ടിമറിച്ചു. അത് രാജ്യത്തെ അസ്ഥിരതയിലേക്കും ഐഎസ് പോലുള്ള സംഘങ്ങള്‍ക്ക് വടക്കന്‍ ആഫ്രിക്കയില്‍ വളരാനും സൗകര്യമൊരുക്കി. സിറിയയിലെ സ്ഥിതിയാകട്ടെ, കൂടുതല്‍ സങ്കീര്‍ണമാണ്. അഞ്ചു വര്‍ഷത്തോളമായി തുടരുന്ന യുദ്ധം രാജ്യത്തെ കീറിമുറിച്ചിരിക്കുന്നു. ഇതിലുമുണ്ട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് പങ്ക്.
പാരിസ് ആക്രമണം നടത്തിയെന്നു കരുതപ്പെടുന്ന ഐഎസില്‍ നിന്നു രക്ഷപ്പെടാന്‍ പലായനം ചെയ്യുന്ന സിറിയന്‍ അഭയാര്‍ഥികളെക്കുറിച്ച് പറയാതെ പോകുന്നതെങ്ങനെ? അഭയാര്‍ഥികളെ തടയുന്നതിലൂടെ കൂട്ടക്കൊലയ്ക്ക് കളമൊരുക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. യുഎസും അതിന്റെ സഖ്യരാജ്യങ്ങളും അഫ്ഗാനിസ്താനിലും യമനിലുമായി വിവാഹപ്പാര്‍ട്ടികള്‍ക്കും ആശുപത്രികള്‍ക്കും ബോംബിടുകയും ആളെ കൊല്ലുകയും പാരിസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം മുസ്‌ലിംകളുടെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നു.
സാമ്രാജ്യത്വ പടിഞ്ഞാറ് എപ്പോഴും വസ്തുതകള്‍ മറച്ചുവയ്ക്കാറാണ് പതിവ്. പടിഞ്ഞാറ് ചെയ്യുന്ന ദുഷ്‌ചെയ്തികളുടെയെല്ലാം പഴി പടിഞ്ഞാറേതര വിഭാഗങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുക്കും. ഇസ്‌ലാമാണ് ഇപ്പോഴത്തെ ബലിയാടെന്നു മാത്രം. തങ്ങളുടെ സാമ്രാജ്യത്വ അതിക്രമങ്ങളെ അഭിമുഖീകരിക്കാന്‍ പടിഞ്ഞാറ് എന്നും അശക്തമാണ്. അതിനു പകരമായി അവര്‍ തങ്ങളുടെ രക്തം പുരണ്ട വിരലുകള്‍ ലോകത്തെ 1.6 ബില്യന്‍ മുസ്‌ലിംകള്‍ക്കു നേരെ ചൂണ്ടുന്നു.
പാരിസില്‍ നമ്മള്‍ കണ്ട ആക്രമണം പോലുള്ള സംഭവങ്ങള്‍ നിര്‍ഭാഗ്യവശാല്‍ മിഡില്‍ഈസ്റ്റില്‍ സര്‍വസാധാരണമാണ്. ഫ്രാന്‍സിന്റെയും യുഎസിന്റെയും യുകെയുടെയും വിദേശ നയങ്ങളാണ് കാര്യങ്ങള്‍ ഇവിടംവരെ എത്തിച്ചത്. പാരിസ് ആക്രമണത്തില്‍ നാം വിലപിക്കേണ്ടതില്ലെന്നല്ല പറയുന്നത്. തീര്‍ച്ചയായും ഇരകള്‍ക്കായി വിലപിക്കേണ്ടതുണ്ട്. അതോടൊപ്പം നമ്മുടെ സര്‍ക്കാരിന്റെ ചെയ്തികളുടെ ഇരകള്‍ക്കു വേണ്ടിയും നാം വിലപിക്കണം.

(പരിഭാഷ: കെ എ സലിം) $
Next Story

RELATED STORIES

Share it