Thejas Special

ഭീകരതാവിരുദ്ധ യുദ്ധം: സത്യവും മിഥ്യയും

യാസീന്‍ സെയ്ദ്


''ഈ ഭൂമി നമുക്ക് ദൈവം കനിഞ്ഞനുഗ്രഹിച്ചതാണ്. ലോകരെ മുഴുവന്‍ തീറ്റിപ്പോറ്റാനും അവരെ ഉടയാടകള്‍ അണിയിക്കാനും നമുക്കാവും. ലോകരാഷ്ട്രീയത്തില്‍ ശക്തരും പ്രബലരുമാണ് നാം. നമ്മുടെ പ്രവൃത്തികള്‍ ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നു. ജനസമൂഹങ്ങളെ നിര്‍മൂലനം ചെയ്യാന്‍ നമുക്കാവും. അവരെ ജീവിപ്പിക്കാനും നമുക്കു കഴിയും. ഭൂമുഖത്തുള്ള ഏതൊരു ഭരണകൂടത്തെയും പിഴുതെറിയാന്‍ നമുക്ക് കെല്‍പ്പുണ്ട്. അതിന്റെ സ്ഥാനത്ത് മറ്റൊരു ഭരണകൂടത്തെ പ്രതിഷ്ഠിക്കാനും നാം ശക്തരാണ്.'' അമേരിക്ക ഇത്തരമൊരു പ്രതിച്ഛായയാണ് അതിന്റെ പൗരന്മാരുടെ മനസ്സില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ അഹന്തയും ആക്രമണോത്സുകതയും മേധാവിത്വ മനഃസ്ഥിതിയും ഈ പ്രസ്താവനയില്‍ വ്യക്തമായുമുണ്ട്. സാമ്രാജ്യത്വം എന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു വസ്തുതയും അതിന്റെ അന്തസ്സിന്റെ ഘടകവുമാണ്. സാമ്രാജ്യത്വം അമേരിക്കന്‍ മഹത്ത്വത്തിന്റെ പര്യായമാണ്. അമേരിക്ക പിറവിയെടുത്തതു മുതല്‍ അതിന്റെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളുടെ വിജയത്തിനായി ചിലപ്പോള്‍ യുദ്ധഭീഷണി മുഴക്കി, ചിലപ്പോള്‍ ജനാധിപത്യത്തിനു വേണ്ടി വാദിച്ചു, ചിലപ്പോള്‍ ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ നേതൃത്വം ഏറ്റെടുത്ത് രംഗത്തു പ്രത്യക്ഷപ്പെടുന്നു. അമേരിക്ക മൂന്നാംലോക രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സ്വേച്ഛാപരവും ജനാധിപത്യവിരുദ്ധവുമായ സൈനിക ഇടപെടലുകള്‍ നടത്തുകയുണ്ടായി. കമ്മ്യൂണിസത്തെ ചെറുക്കാന്‍ എന്ന വ്യാജേന ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടങ്ങളെ പുറത്താക്കുകയും സമാന്തര സര്‍ക്കാരുകളെ സ്ഥാപിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും കുപ്രസിദ്ധങ്ങളായ ഭീകരസംഘടനകളില്‍ മണ്ടേല നേതൃത്വം നല്‍കിയ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെയും യാസിര്‍ അറഫാത്തിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ വിമോചന സംഘടനയെയും അമേരിക്ക വളരെക്കാലം ശത്രുതാപരമായ ഉള്‍പ്പെടുത്തി അവര്‍ക്കെതിരേ നിലപാടുകള്‍ അനുവര്‍ത്തിച്ചു. 1940നും 1980നും ഇടയില്‍ ഇന്തോനീസ്യ, ഇറാന്‍, ഗ്വാട്ടിമാല, ബ്രസീല്‍, ചിലി, സാല്‍വദോര്‍, അര്‍ജന്റീന, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ അമേരിക്ക സൈനികമായി ഇടപെടുകയോ അവയ്‌ക്കെതിരേയുള്ള നീക്കങ്ങളെ സഹായിക്കുകയോ ചെയ്യുകയുണ്ടായി. ഫലസ്തീനില്‍ നിന്നു തദ്ദേശവാസികളെ ആട്ടിപ്പായിച്ച് അവിഹിതവും ഹിംസാത്മകവുമായ മാര്‍ഗങ്ങള്‍ അവലംബിച്ച് ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ച സയണിസ്റ്റുകളോട് അമേരിക്ക സൗഹൃദബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. പണവും ആയുധവും എത്തിച്ചുകൊടുക്കുന്നു എന്നു മാത്രമല്ല, ദേശാന്തരീയ വേദികളില്‍ ഇസ്രായേലിന്റെ ദുര്‍നയങ്ങളെ അമേരിക്ക ന്യായീകരിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ പിന്തുണ സയണിസത്തിന് എന്തു മാത്രം സഹായകമാവുന്നു എന്നതിനു റജാ ഗരോഡിയുടെ വാക്കുകള്‍ തെളിവു നല്‍കുന്നു: ''ഇവിടെ നാം കൈകാര്യം ചെയ്യുന്നത് വിലക്കപ്പെട്ട ഒരു വിഷയമാണ്. സയണിസവും ഇസ്രായേല്‍ രാഷ്ട്രവും എന്ന വിഷയം. ഫ്രാന്‍സില്‍ നിങ്ങള്‍ക്ക് കത്തോലിക്കാ സിദ്ധാന്തങ്ങളെയോ മാര്‍ക്‌സിസത്തെയോ വിമര്‍ശിക്കാം. നിരീശ്വരവാദത്തെയോ ദേശീയതയെയോ ആക്രമിക്കാം. സോവിയറ്റ് യൂനിയനിലെയും അമേരിക്കന്‍ ഐക്യനാടുകളിലെയും ഭരണകൂടങ്ങളെ അധിക്ഷേപിക്കാം. അരാജകത്വമോ രാജവാഴ്ചയോ പ്രചരിപ്പിക്കുകയുമാവാം. ഒരു വിവാദത്തില്‍ പങ്കാളിയാവുന്നു, എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു, സാധാരണമായ ഇത്തരം കാര്യങ്ങള്‍ക്കപ്പുറം യാതൊരു അപകടവും അതുകൊണ്ടുണ്ടാകുന്നില്ല. എന്നാല്‍, നിങ്ങള്‍ സയണിസത്തെ വിശകലനം ചെയ്യാന്‍ തുനിയുന്നുവെന്നിരിക്കട്ടെ. വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് അതോടെ നിങ്ങള്‍ കടന്നുചെല്ലുന്നത്. എഴുത്തിന്റെ മേഖലയില്‍ നിന്നു നിയമകോടതിയുടെ ലോകത്തേക്കു നിങ്ങള്‍ മാറുകയായി. നിങ്ങളെ ഒരു നാത്‌സിയായി കാണുന്നു. ജീവനു നേരെത്തന്നെ ഭീഷണികള്‍ ഉയര്‍ന്നുവരുന്നു.'' 80കളില്‍ അമേരിക്ക പുതിയൊരു ശത്രുവിനെ കണ്ടെത്തി- ഇസ്‌ലാമിക മൗലികവാദം. ഈ ഘട്ടത്തില്‍ വേഷമാറ്റം (റോള്‍ റിവേഴ്‌സല്‍) എന്ന പുതിയൊരു അടവുകൂടി ചവിട്ടിത്തുടങ്ങി. സമരങ്ങളും സംഭാഷണങ്ങളും ഭീകരപ്രവര്‍ത്തനമായി ചിത്രീകരിക്കുന്ന അടവാണിത്. അമേരിക്ക ഉള്‍പ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളും പാശ്ചാത്യര്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കൃത സമൂഹങ്ങളും ഭീകരരുടെ ലക്ഷ്യങ്ങളാവുന്നുവെന്ന പ്രചാരണം അതോടെ ശക്തമായി. ഇസ്‌ലാമിക മൗലികവാദത്തെ ശത്രുവാക്കിക്കൊണ്ടുള്ള രാഷ്ട്രീയ-സൈനികനീക്കങ്ങള്‍ക്കും പ്രചാരണ വ്യവഹാരങ്ങള്‍ക്കും പശ്ചാത്തലമായി വര്‍ത്തിച്ചത് 1979ല്‍ ഖുമൈനിയുടെ നേതൃത്വത്തില്‍ ഇറാന്‍ ഇസ്‌ലാമിക വിപ്ലവം വിജയം നേടിയതും തുടര്‍ന്ന് ആ രാജ്യം അനുവര്‍ത്തിച്ച നയങ്ങളുമായിരുന്നു. ലോകത്തെങ്ങുമുള്ള വിമോചനപ്രസ്ഥാനങ്ങള്‍ക്ക് ഇറാന്‍ പിന്തുണ പ്രഖ്യാപിച്ചു. ഫലസ്തീന്‍ വിമോചനപ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതു ഇറാന്റെ വിദേശനയങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തുകയുണ്ടായി. ഇസ്രായേലിനെയും സയണിസത്തെയും ഈ മേഖലയിലെ സാമ്രാജ്യത്വത്തിന്റെ പ്രതിരൂപങ്ങളായി ഇറാന്‍ കണ്ടു. കിഴക്കും വേണ്ട പടിഞ്ഞാറും വേണ്ട എന്ന മുദ്രാവാക്യത്തില്‍ അടങ്ങിയ വിദേശനയം വന്‍ശക്തികളുമായി ഒരു ഒത്തുതീര്‍പ്പും തങ്ങള്‍ നടത്തില്ല എന്നതിന്റെ പരസ്യമായ പ്രഖ്യാപനമായിരുന്നു. അമേരിക്കയുടെ സാമ്രാജ്യത്വ വികസന പദ്ധതികളെല്ലാം ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര വേദികളില്‍ തുറന്നെതിര്‍ക്കുമെന്ന് ഇറാന്‍ പ്രസ്താവിച്ചു. മുസ്‌ലിം ലോകത്ത് മേല്‍ക്കോയ്മ നിലനിര്‍ത്തണമെന്നു കരുതിയ അമേരിക്കക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സുഖലോലുപതയില്‍ കഴിഞ്ഞുകൂടിയിരുന്ന അറബ് രാജാക്കന്മാര്‍ക്കും ഏകാധിപതികള്‍ക്കും ഇറാന്‍ വിപ്ലവം ശക്തമായ ഒരു പ്രഹരമായിരുന്നു. ഇസ്‌ലാമിക റിപബ്ലിക് ഓഫ് ഇറാന്‍ മധ്യപൗരസ്ത്യദേശത്ത് നിര്‍ണായക ശക്തിയാകുന്നതിലുള്ള ആശങ്കയും ഭയപ്പാടുമായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇതര അറബ് ഭരണകൂടങ്ങളുടെയും പിന്തുണയോടെ ഇറാഖ് ഇറാനെതിരേ നടത്തിയ എട്ടു വര്‍ഷത്തോളം (1980-88) നീണ്ടുനിന്ന ഗള്‍ഫ് യുദ്ധത്തിന്റെ പ്രധാന കാരണങ്ങള്‍. ഇറാഖിന്റെ ധിക്കാരത്തിന് മുസ്‌ലിം ലോകം കനത്ത വില നല്‍കേണ്ടിവന്നു. പതിനായിരക്കണക്കിനു മുസ്‌ലിംകള്‍ മുസ്‌ലിം പ്രദേശങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. വികസനപ്രവര്‍ത്തനങ്ങള്‍ക്കും പഠനത്തിനും ഗവേഷണത്തിനും യഥാര്‍ഥ ശത്രുക്കള്‍ക്കെതിരേയുള്ള സജ്ജീകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഉപയോഗപ്പെടുത്തപ്പെടേണ്ട വിഭവങ്ങള്‍ യുദ്ധം ഏറ്റുവാങ്ങി. മുസ്‌ലിം ലോകത്ത് ഭിന്നിപ്പിന്റെയും പിണക്കത്തിന്റെയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇറാന്‍-ഇറാഖ് യുദ്ധം സൈനികമണ്ഡലത്തില്‍ പരിമിതമാകാതെ മതത്തിന്റെയും ആദര്‍ശത്തിന്റെയും സംസ്‌കാരത്തിന്റെയും മേഖലകളില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിച്ചുവെന്ന് ഫഹ്മി ഹുവൈദിയെ പോലുള്ളവര്‍ വിലയിരുത്തി. 1988ല്‍ ഇറാന്‍-ഇറാഖ് യുദ്ധം അവസാനിച്ചു. ഇറാനുമായുള്ള യുദ്ധം ഇറാഖിനു സാമ്പത്തികമായി കനത്ത നഷ്ടമുണ്ടാക്കിയിരുന്നു. ഇറാനുമായി യുദ്ധം നടത്തിയത് മുഴുവന്‍ അറബ് രാജ്യങ്ങളുടെയും സുരക്ഷിതത്വത്തിനു വേണ്ടിയായിരുന്നുവെന്നും ഇറാഖിന്റെ സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ കുവൈത്ത് ആയിരം കോടി ഡോളര്‍ കടമായി നല്‍കണമെന്നും സദ്ദാം ആവശ്യപ്പെട്ടു. ഇറാഖിന്റെ ഉടമസ്ഥതയിലുള്ള റുമൈലയിലെ എണ്ണപ്പാടങ്ങളില്‍ നിന്നു കുവൈത്ത് എണ്ണ ചോര്‍ത്തുന്നുണ്ടെന്നും നഷ്ടപരിഹാരമായി കുവൈത്ത് 240 കോടി ഡോളര്‍ ഇറാഖിനു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ച, ജര്‍മനികളുടെ ഏകീകരണം ശീതസമരത്തിന്റെ അന്ത്യം എന്നീ കാരണങ്ങളാല്‍ അമേരിക്കക്ക് പല മേഖലകളിലുമായി വിന്യസിച്ചിരുന്ന സൈനികവ്യൂഹങ്ങളെ തിരിച്ചുവിളിക്കേണ്ടിവന്നു. സൈന്യത്തെ തീറ്റിപ്പോറ്റാന്‍ അമേരിക്കക്ക് പുതിയ ആതിഥേയന്മാരെ കണ്ടെത്തേണ്ടിവന്നു. പശ്ചിമേഷ്യ സംഘര്‍ഷഭരിതമാക്കിക്കൊണ്ട് തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍ തീരുമാനിച്ചു. കുവൈത്തും ഇറാഖും തമ്മിലുള്ള അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും മുതലെടുത്തു പശ്ചിമേഷ്യയെ ഒരു മേച്ചില്‍പ്പുറമാക്കാന്‍ അമേരിക്ക പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇറാഖിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ഏപ്രില്‍ ഗ്ലാസ്പിയെ സദ്ദാമുമായി ഒരു സംഭാഷണത്തിന് ബുഷ് നിയോഗിക്കുകയുണ്ടായി. ഇറാഖും കുവൈത്തുമായുള്ള തര്‍ക്കപ്രശ്‌നങ്ങളില്‍ അമേരിക്ക ഇടപെടില്ലെന്ന സൂചനയായിരുന്നുവത്രേ ബുഷിന്റെ നിര്‍ദേശപ്രകാരം അവര്‍ സദ്ദാമിന് നല്‍കിയത്. 1990 ആഗസ്ത് 2ന് ഇറാഖ് കുവൈത്ത് അധീനപ്പെടുത്തി. അമേരിക്ക തന്റെ പക്ഷത്തു ചേരുമെന്നായിരുന്നു സദ്ദാം കരുതിയത്. കുവൈത്ത് അധിനിവേശം അമേരിക്കയുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നു എന്നു കരുതുന്നവരുണ്ട്. പക്ഷേ, കുവൈത്ത് ആക്രമിക്കപ്പെട്ട അതേ ദിവസം തന്നെ ഇറാഖ് പിന്‍വാങ്ങണമെന്ന പ്രമേയം അമേരിക്കന്‍ സമ്മര്‍ദ്ദത്തോടെ ഐക്യരാഷ്ട്രസഭ പാസാക്കി. പിന്നീട് നാം കാണുന്നത് പുതിയ ലോകക്രമത്തെക്കുറിച്ച് വാചാലനാവുന്ന ബുഷിനെയാണ്. അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് ബുഷ് പറഞ്ഞു: ''അമേരിക്ക നാഗരിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥമാണ്. നീതിയെയും സ്വാതന്ത്ര്യത്തെയും ഉത്തരവാദിത്തമായി ഏറ്റെടുക്കുന്ന ലോകക്രമമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. വന്‍കിട രാജ്യങ്ങള്‍ ചെറുകിട രാജ്യങ്ങളുടെ അവകാശങ്ങള്‍ക്ക് അംഗീകാരം കല്‍പ്പിക്കുന്ന ഒരു ലോകം.'' 1990 നവംബര്‍ 29ന് അമേരിക്കന്‍ പിന്തുണയോടെ രക്ഷാസമിതി പാസാക്കിയ പ്രമേയം, ഇറാഖിനെ കുവൈത്തില്‍ നിന്നു പുറന്തള്ളാന്‍ ആവശ്യമായതെന്തും ചെയ്യാന്‍ അനുവാദം നല്‍കി. വാസ്തവത്തില്‍ അമേരിക്കയുടെ താല്‍പ്പര്യം കുവൈത്തിനെ മോചിപ്പിക്കുകയോ സദ്ദാമിനെ ശിക്ഷിക്കുകയോ ആയിരുന്നില്ല. പശ്ചിമേഷ്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് വിവിധ പ്രദേശങ്ങളില്‍ നിന്ന് പിരിഞ്ഞുപോന്ന സൈനികരെ അവിടെ വിന്യസിക്കുകയായിരുന്നു. എണ്ണയുല്‍പ്പാദനത്തില്‍ ഏഷ്യയില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇറാഖ് എണ്ണപ്പാടങ്ങള്‍ ദേശസാല്‍ക്കരിച്ചത് അമേരിക്കക്ക് പൊറുക്കാന്‍ കഴിഞ്ഞില്ല. ഇറാഖ് ഒരു അണ്വായുധ രാജ്യമായി മാറുമെന്നും ഇസ്രായേലിന് അതൊരു ഭീഷണിയായിത്തീരുമെന്നും അമേരിക്ക ഭയപ്പെട്ടു. ഈ കാരണങ്ങളാലാണ് ഇറാഖിനെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ സൈനികനീക്കമുണ്ടായത്. കുവൈത്തിന്റെ മോചനമായിരുന്നു ഉദ്ദേശ്യമെങ്കില്‍ അത് അമേരിക്കന്‍ സൈന്യത്തിന് എളുപ്പം ചെയ്യാന്‍ കഴിയുമായിരുന്ന സംഗതിയായിരുന്നു. ഫലസ്തീനില്‍ നിന്ന് ഇസ്രായേല്‍ സൈനികരെ തിരിച്ചുവിളിക്കുക, റുമൈലയിലെ എണ്ണപ്പാടങ്ങളില്‍ നിന്നു വിദേശ സൈനികരെ പിന്‍വലിക്കുക തുടങ്ങിയ ഇറാഖിന്റെ നിര്‍ദേശങ്ങള്‍ ഏകപക്ഷീയമായി തിരസ്‌കരിക്കപ്പെട്ടു. സംഭാഷണം മുഖേനയോ നയതന്ത്രതലത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ മുഖേനയോ ഇറാഖിനെ അനുനയിപ്പിക്കാന്‍ യാതൊരു ശ്രമവും നടന്നില്ല.പിറവികൊണ്ട നാള്‍ മുതല്‍ കൊലക്കളങ്ങളില്‍ ചവിട്ടിനില്‍ക്കുകയാണ് അമേരിക്ക. സ്വതന്ത്രരാജ്യങ്ങളെ അത് വെട്ടിപ്പിടിച്ചുകൊണ്ടിരുന്നു. ജനസമൂഹങ്ങളെ കൊലപ്പെടുത്തിക്കൊണ്ടിരുന്നു. യുദ്ധമോ കൊലയോ സപ്തംബര്‍ 11 സംഭവവുമായി അമേരിക്ക പുതുതായി ചെയ്യുന്നവയല്ല. താലിബാന്റെയോ ഇറാഖിന്റെയോ സദ്ദാമിന്റെയോ തീവ്രവാദ നിലപാടുകള്‍ക്കെതിരിലുള്ള ജനാധിപത്യപരമായ പ്രവൃത്തിയായി അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധത്തെ കാണുന്നത് വിഡ്ഢിത്തമാണ്. പക്ഷേ, അങ്ങനെ ഒരാശയം ജനങ്ങളുടെ പൊതുബോധത്തില്‍ ശക്തമായി രൂപപ്പെട്ടിട്ടുണ്ട്. 9/11 സംഭവം ഇന്നും ദുരൂഹമായി തുടരുകയാണ്. സംഭവം നടന്നുകഴിഞ്ഞ ഉടനെ, ആരെല്ലാം എന്തെല്ലാം എന്നതിനെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കുമെന്ന് അമേരിക്ക ഉറപ്പുപറഞ്ഞിരുന്നു. പക്ഷേ, സംഭവത്തിനു ശേഷം 21ാം നൂറ്റാണ്ടിന്റെ അജണ്ടയെന്ന പേരില്‍ അഫ്ഗാനെയും ഇറാഖിനെയും യുദ്ധം ചെയ്ത് നശിപ്പിക്കാനുള്ള പദ്ധതിയുമായി രംഗത്തുവരുകയാണ് ആ തെമ്മാടിരാഷ്ട്രം ചെയ്തത്.അഫ്ഘാനെ കടന്നാക്രമിക്കുകയും മുല്ലാ ഉമറിന്റെ നേതൃത്വത്തിലുള്ള ഭരണത്തെ തൂത്തെറിയുകയും പകരം പാവസര്‍ക്കാറിനെ സ്ഥാപിക്കുകയും ചെയ്തു.2003 മാര്‍ച്ച് 19ന് അമേരിക്ക അല്‍ഖാഇദയും ബിന്‍ലാദിനുമായി ബന്ധം ആരോപിച്ച് ഇറാഖിനെ ആക്രമിച്ചു. ഇറാഖ് തെമ്മാടിരാജ്യമാണെന്ന് ലോകത്തിനു മുമ്പില്‍ അമേരിക്ക വരുത്തിത്തീര്‍ത്തു. തെമ്മാടിരാജ്യത്തിനെതിരില്‍ ഭീകരവിരുദ്ധ യുദ്ധം അനിവാര്യമാണെന്നു പ്രചാരണം നടത്തി. ഇറാഖ് മാരകായുധങ്ങള്‍ കൈവശം വച്ചിരിക്കുന്നുവെന്ന് അമേരിക്ക അന്താരാഷ്ട്ര വേദികളില്‍ പ്രചരിപ്പിച്ചു. യു.എന്‍. പരിശോധകസംഘം 12,000 സൈറ്റുകള്‍ പരിശോധിച്ചു. ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സിയുടെ നേതൃത്വത്തിലും മാരകായുധങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടന്നു. പക്ഷേ, അമേരിക്കയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതങ്ങളാണെന്നാണ് കണ്ടെത്തിയത്. എന്നിട്ടും അമേരിക്ക ഇറാഖിനെ ആക്രമിച്ചു. ആറായിരത്തോളം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു രാജ്യത്തെ ചുട്ടുചാമ്പലാക്കുന്നതില്‍ അമേരിക്ക യാതൊരു അസാധാരണത്വവും ദര്‍ശിച്ചില്ല. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ഇത്രമേല്‍ അവഹേളിച്ച മറ്റൊരു പ്രവൃത്തിയും ആരും എവിടെയും ദര്‍ശിച്ചിട്ടില്ലെന്നാണ് നോം ചോംസ്‌കി പ്രതികരിച്ചത്. യുദ്ധം ചെയ്ത് ഇറാഖിനെ സര്‍വവിധേനയും ദുര്‍ബലമാക്കാനാണ് അമേരിക്ക ഉദ്യമിച്ചത്. 40 നാളുകള്‍ നീണ്ടുനിന്ന യുദ്ധം ഇറാഖിന് അപരിഹാര്യമായ ദുരിതങ്ങളാണ് നല്‍കിയത്. പശ്ചിമേഷ്യയിലെങ്ങും വിദേശ സൈന്യങ്ങള്‍ തമ്പടിക്കാന്‍ രണ്ടാം ഗള്‍ഫ് യുദ്ധം അവസരമൊരുക്കി. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മേലുള്ള അറബ് രാജ്യങ്ങളുടെ ആശ്രിതത്വം വര്‍ധിച്ചു എന്നതായിരുന്നു ഇതിന്റെ മറ്റൊരു ദുരന്തഫലം. 2003 ഡിസംബര്‍ 13ന് സദ്ദാം പിടിക്കപ്പെട്ടു. 2006ന് ഡിസംബര്‍ 3ന് അദ്ദേഹം തൂക്കിലേറ്റപ്പെടുകയും ചെയ്തു. യാഥാസ്ഥിതിക മതവിശ്വാസികളല്ലാത്ത, കേവലം അനുകര്‍ത്താക്കളല്ലാത്ത, അക്ഷരപൂജകരല്ലാത്ത പ്രബുദ്ധരായ അമേരിക്കന്‍ പൗരന്മാരില്‍ ഗണനീയമായ ഒരു വിഭാഗം ആളുകള്‍ അമേരിക്കയുടെ യുദ്ധക്കൊതിക്കെതിരായി ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ കാപട്യവും ഇരട്ടമുഖവും മനസ്സിലാക്കുന്നവര്‍ നിരവധിയുണ്ട്. ഭീകരവാദത്തോട് യുദ്ധം ചെയ്യുന്നുവെന്നു വാദിക്കുന്ന അമേരിക്ക ഭീകരവാദവുമായി കിടപ്പറ പങ്കിടുന്നുവെന്ന് വിളിച്ചുപറയുന്നവരുണ്ട്. 2005ല്‍ 'ലോകത്തിന് ഇനി കാത്തിരിക്കാന്‍ കഴിയില്ല. ബുഷിനെ ആട്ടിയോടിക്കുക' എന്ന മുദ്രാവാക്യവുമായി ഒരു പ്രചാരണം നടത്തുകയുണ്ടായി. നൊബേല്‍ പ്രൈസ് വിജയിയായ ഹാരോള്‍ഡ് പിന്ററെ പോലുള്ളവര്‍ ആ പ്രചാരണ പരിപാടിയെ ശക്തമായി പിന്തുണച്ചു. ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും ഭീകര ഭരണകൂടം ബുഷിന്റെ ഭരണകൂടമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. റോമിലും ലണ്ടനിലും പാരിസിലും ബെര്‍ലിനിലും ന്യൂയോര്‍ക്കിലും അമേരിക്കയുടെ യുദ്ധക്കൊതിക്കെതിരേ ബഹുജനറാലികള്‍ നടന്നു. അമേരിക്ക തീവ്രവാദത്തിനെതിരേയുള്ള യുദ്ധത്തിന്റെ പ്രചാരണത്തില്‍ ഏര്‍പ്പെട്ട സന്ദര്‍ഭത്തില്‍ ലോറ ബുഷ് കവിത ചൊല്ലാന്‍ കവികളെ ക്ഷണിച്ചത്രേ. എന്നാല്‍, ഒരു കവിയും അവരുടെ ക്ഷണം സ്വീകരിക്കുകയുണ്ടായില്ല. എന്നാല്‍, സമാഹ്മില്‍ വിളിച്ചുചേര്‍ത്ത യുദ്ധവിരുദ്ധ ചടങ്ങില്‍ കവിത ആലപിക്കാന്‍ 2000 പേരാണ് എത്തിയത്. സമാഹ്മില്‍ 50 പേരെ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. 'കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ഓണ്‍ ക്രൈംസ് എഗൈന്‍സ്റ്റ് ഹ്യൂമാനിറ്റി ബൈ ബുഷ്' പുറത്തിറക്കിയ കുറ്റപത്രത്തില്‍ ഇങ്ങനെ പറഞ്ഞു: ''താങ്കളുടെ ഗവണ്‍മെന്റ് ഇറാഖിലും മറ്റു രാജ്യങ്ങളിലും അന്യായമായ നുണകളുടെ അടിസ്ഥാനത്തില്‍ ഹിംസാത്മകവും നിയമവിരുദ്ധവുമായ യുദ്ധത്തില്‍ ഏര്‍പ്പെട്ട് ജനങ്ങളെ പരസ്യമായി പീഡിപ്പിക്കുന്നു. മതാധിപത്യത്തിലേക്കു നീങ്ങുന്ന ഇടുങ്ങിയതും പക്ഷപാതപരവുമായ ക്രിസ്ത്യന്‍ മതമൗലികവാദം നടപ്പാക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ അതിന്റെ മത-രാഷ്ട്രീയ-സാമ്പത്തിക അജണ്ടയ്ക്ക് യോജിക്കാത്ത ശാസ്ത്രീയ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തി ഇന്നത്തെയും ഭാവിയിലെയും തലമുറകളെ നശിപ്പിക്കുന്നു. ആര്‍ത്തിയുടെയും മര്‍ക്കടമുഷ്ടിയുടെയും അജ്ഞതയുടെയും സംസ്‌കാരമാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.'' അമേരിക്കന്‍ സൈനികരുടെയും ബന്ധുക്കളുടെയും പ്രതിഷേധം ശക്തമാണ്. ഒരു അമേരിക്കന്‍ പട്ടാള ഉദ്യോഗസ്ഥന്‍ അമേരിക്കന്‍ സൈന്യത്തെ പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറയുകയുണ്ടായി: ''എന്തൊരു ഭാഗ്യം ചെയ്ത പട്ടാളം! ചത്തൊടുങ്ങാന്‍ എന്തൊക്കെ വഴികളാണ് അവര്‍ക്കുള്ളത്. തൂണിനും മരത്തിനും പിന്നില്‍ നിന്നു വരുന്ന വെടിയുണ്ടകള്‍, പൊട്ടിത്തെറിക്കുന്ന കുഴിബോംബുകള്‍, റോക്കറ്റുകള്‍, മിസൈലുകള്‍.'' ഭൂമിശാസ്ത്ര ഭേദങ്ങളില്ലാതെ മൂന്നാംലോകം സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ എടുത്തുകൊണ്ടിരിക്കുന്നതായി സിയാവുദ്ദീന്‍ സര്‍ദാര്‍ നിരീക്ഷിക്കുന്നുണ്ട്. ഇതൊക്കെയും സമാധാനം കൊതിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ വകനല്‍കുന്ന കാര്യങ്ങള്‍. എന്നാല്‍, മുസ്‌ലിം രാജ്യങ്ങളും മുസ്‌ലിം നേതാക്കളും ഒരു പ്രതീക്ഷയും നല്‍കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
Next Story

RELATED STORIES

Share it