ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം ഇന്ത്യയെ വേട്ടയാടുന്നു: തുഷാര്‍ ഗാന്ധി

കൊച്ചി: ബ്രീട്ടിഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം ഇപ്പോഴും ഇന്ത്യയെ വേട്ടയാടുകയാണെന്ന് ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി. ഫ്രണ്ട്‌സ് ഓഫ് തിബത്ത് ഫൗണ്ടേഷന്‍ ഫോര്‍ ദി വെല്‍ബീയിങ് സംഘടിപ്പിച്ച തിബത്ത് കാര്‍ട്ടൂണ്‍ പ്രദര്‍ശനം തിബത്ത് സ്വപ്‌നങ്ങള്‍ കൊച്ചിയിലെ കേരള ഹിസ്റ്ററി ഓഫ് മ്യൂസിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലിംഗം, ജാതി, മതം, വംശം എന്നിങ്ങനെ ഇന്ത്യയില്‍ വിഭാഗീയത വര്‍ധിച്ച് വരുകയാണ്. ഇത്തരമൊരു വിഭാഗീയ അന്തരീക്ഷത്തില്‍ എങ്ങനെ ഏകതയെന്ന വികാരം ഉയര്‍ന്നുവരുമെന്നും അദ്ദേഹം ചോദിച്ചു.
മൂന്ന് വര്‍ഷം മുമ്പ് അഴിമതി വിരുദ്ധ നീക്കമുണ്ടായപ്പോള്‍ അത് ഇന്ത്യയുടെ നല്ല ദിനങ്ങള്‍ക്കുള്ള പ്രതീക്ഷയാണ് നല്‍കിയത്. എന്നാലത് യാഥാര്‍ഥ്യമായില്ല. അഴിമതിയെ ചോദ്യം ചെയ്യാനുള്ള തന്റേടമാണ് ഇന്ത്യന്‍ ജനത നേടിയെടുക്കേണ്ടത്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തമ്മില്‍ ഇപ്പോഴും പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പലപ്പോഴും പ്രക്ഷോഭങ്ങളാവുകയാണ്. മുല്ലപ്പെരിയാര്‍, കാവേരി പ്രശ്‌നങ്ങളില്‍ സംസ്ഥാനങ്ങള്‍ പരസ്പരം പഴിചാരുന്ന അവസ്ഥയാണുണ്ടായത്. ഈ സ്ഥിതിക്കാണ് മാറ്റം വരേണ്ടത്. പുതിയൊരു നയം സ്വീകരിക്കുമ്പോള്‍ ലാഭത്തെക്കാള്‍ ആവശ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അത്തരമൊരു രാഷ്ട്രത്തില്‍ മാത്രമേ നടപ്പാക്കുന്ന നയങ്ങളിലൂടെ എല്ലാവര്‍ക്കും ഒരേപോലെ നീതി ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജി സ്വപനംകണ്ട ഭാരതം ഇതായിരുന്നില്ല. ഗാന്ധിജിയുടെ ദര്‍ശനങ്ങളില്‍ നിന്ന് വളരെ അകലെയാണ് ഇന്നത്തെ ഭാരതം. എവിടെയാണ് ഇന്ത്യ്ക്ക് തെറ്റുപറ്റിയതെന്ന് അന്വേഷിക്കണം. തെറ്റ് തിരുത്തി മുന്നോട്ട് പോയാല്‍ മാത്രമേ ഇന്ത്യക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഓരോ വ്യക്തികളോടും അവരവരുടെ ഉള്ളിലേക്ക് നോക്കി സ്വന്തം തെറ്റുകള്‍ തിരിച്ചറിയാനും സ്വയം വിമര്‍ശനാത്മകമായ നിലപാട് സ്വീകരിക്കാനും ആവശ്യപ്പെടുമായിരുന്നു.
ഇന്ത്യന്‍ ജനതയ്ക്കു പോലും ഇന്ത്യയില്‍ സുരക്ഷിതരാവാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദലൈലാമ ഇന്ത്യയെ വീടായി കരുതുന്നതില്‍ ഇന്ത്യക്കാര്‍ അഭിമാനം കൊള്ളുന്നു. എന്നാല്‍, ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യക്കാര്‍ വിഗ്രഹങ്ങളെ മാത്രമാണ് ദൈവങ്ങളായി കാണുന്നത്. വ്യക്തികളെ ദൈവമായി കണക്കാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ടിബത്തിലെ പ്രശ്‌നങ്ങളെ സമകാലിക ചിത്രകലയിലൂടെ അവതരിപ്പിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, ചിത്രകാരന്‍മാരായ ഫ്രാന്‍സിസ് കോടംകണ്ടത്ത്, അലക്‌സാണ്ടര്‍ ദേവസ്യ എന്നിവരെ തുഷാര്‍ ഗാന്ധി പൊന്നാടയണിയിച്ചു ആദരിച്ചു. പക്ഷാഘാതത്തില്‍ നിന്ന് മുക്തരായി വരുന്ന രോഗികളെ സഹായിക്കുന്നതിനായി പുതുതായി രൂപീകരിക്കപ്പെട്ട സ്‌ട്രോക്ക് സര്‍വൈവേഴ്‌സ് യുനൈറ്റഡ് എന്ന സംഘടനയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. പക്ഷാഘാതത്തില്‍ നിന്ന് മുക്തനായി വരുന്ന എബ്രഹാം ലോറന്‍സിന് ലോഗോ നല്‍കിയായിരുന്നു പ്രകാശനം. ഗാന്ധിയന്‍ രവി പാലത്തിങ്കല്‍ തുഷാര്‍ ഗാന്ധിക്ക് ഉപഹാരം സമ്മാനിച്ചു. ഈശ്വര്‍ ആനന്ദന്‍, ദിവ്യ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it