ഭിന്നശേഷി ക്ഷേമത്തിനായി വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രവര്‍ത്തനം കാഴ്ചവച്ച സര്‍ക്കാരാണു കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ രംഗത്ത് പണം ഒരിക്കലും തടസ്സമാവാന്‍ പാടില്ലെന്ന് സര്‍ക്കാരിനു നിര്‍ബന്ധമുണ്ടായിരുന്നു. കൂടുതല്‍ ശക്തമായി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുന്നതിന് തദ്ദേശ സ്വയംഭരണം, ആരോഗ്യം, സാമൂഹിക നീതി എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് കേരള വികലാംഗക്ഷേമ കോര്‍പറേഷന്‍ നല്‍കുന്ന സ്‌കൂട്ടര്‍ വിതരണം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭിന്നശേഷിക്കാര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിച്ച് യാത്രചെയ്യാന്‍ കഴിയുന്ന ആയിരം ആധുനിക വീല്‍ച്ചെയറുകള്‍ ഏപ്രില്‍ മാസത്തിനു മുമ്പ് വിതരണം ചെയ്യാന്‍ പദ്ധതിയുള്ളതായി യോഗത്തില്‍ അധ്യക്ഷനായ മന്ത്രി എം കെ മുനീര്‍ അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ വികലാംഗക്ഷേമ കോര്‍പറേഷന്‍ മുഖേന ഇത്തരം 1100 സൈഡ് വീല്‍ സ്‌കൂട്ടറുകള്‍ സാമൂഹിക നീതി, പഞ്ചായത്ത്, പട്ടികക്ഷേമ വകുപ്പുകള്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് 86 പേര്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്. ഭിന്നശേഷിക്കാരായ നാലായിരത്തോളം പേര്‍ക്ക് ഈ സര്‍ക്കാര്‍ നിയമനം നല്‍കിയതായും മന്ത്രി മുനീര്‍ അറിയിച്ചു.
ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്ദുല്ല, മാനേജിങ് ഡയറക്ടര്‍ അംബികാദേവി, വികലാംഗ കമ്മീഷണര്‍ ഡോ. അഹ്മദ് പിള്ള, സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി പി അഷ്‌റഫ്, കേരള ഓട്ടോമൊബൈല്‍സ് എംഡി അബ്ദുല്‍ ലത്തീഫ്, കൊറ്റാമം വിമല്‍കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it