Idukki local

ഭാര്യാ പിതാവിനെ കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം തടവും പിഴയും

തൊടുപുഴ: ഭാര്യയുടെ പിതാവിനെ കുത്തിക്കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. ഉപ്പുതോട് കരിമ്പന്‍ കരോളില്‍ കണ്ണന്‍ എന്ന വിശ്വാസി(30)നെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് (ഒന്ന്) ജഡ്ജ് കെ ആര്‍ മധുകുമാര്‍ ശിക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കൊലപാതക കുറ്റത്തിന് ജീവപര്യന്തവും പതിനായിരം രൂപയുമാണ് ശിക്ഷ.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
തങ്കമണി നായരുപാറ ഭാഗത്ത് വടക്കേടത്ത് മണി (58) ആണ് കുത്തേറ്റ് മരിച്ചത്. മണിയുടെ മകള്‍ സിമി സില്‍വിയയുടെ ഭര്‍ത്താവാണ് കണ്ണന്‍. 2012 ഏപ്രില്‍ 19ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു കൊലപാതകം. സിമി സില്‍വിയയും കണ്ണനും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് രണ്ട് പേരുടേയും വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം നടത്തി. ഈ സമയത്ത് സിമി സില്‍വിയ കട്ടപ്പന സര്‍ക്കാര്‍ കോളജില്‍ ബിഎസ്‌സി കോഴ്‌സ് പഠിക്കുന്നുണ്ടായിരുന്നു. വിവാഹ സമയത്ത് സിമി സില്‍വിയയുടെ വീട്ടുകാര്‍ പത്തരപവന്‍ സ്വര്‍ണമാണ് നല്‍കിയത്. വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച പിന്നിട്ടപ്പോഴെക്കും ഇരുവരും തമ്മില്‍ കലഹം തുടങ്ങി. ഇടയ്ക്ക് സിമി സില്‍വിയ അച്ഛനും അമ്മയ്ക്കുമൊപ്പം വന്ന് നില്‍ക്കുന്നതും പതിവായിരുന്നു. ഭാര്യയെ തിരികെ കൊണ്ടുപോവാന്‍ കണ്ണന്‍ വടക്കേടത്ത് വീട്ടിലെത്തി വഴക്കുണ്ടാകുന്നത് നിത്യസംഭവമായിരുന്നു. എല്ലാ തവണയും രാത്രിയിലാണ് ഇയാള്‍ ഭാര്യയെ അന്വേഷിച്ച് എത്തിയിരുന്നത്. സംഭവ ദിവസം രാത്രിയും കണ്ണന്‍ ഭാര്യയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. നാല് മാസം ഗര്‍ഭിണിയായ മകളെ രാത്രിയില്‍ വീട്ടില്‍ നിന്നു കൊണ്ടുപോവുന്നത് ശരിയല്ലെന്ന് മണി പറഞ്ഞു. ഇതേത്തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് കണ്ണന്‍ മണിയെ മൂന്ന് തവണ കുത്തി. ഗുരുതരമായി പരിക്കേറ്റ മണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതിയെ പിന്നീട് പോലിസ് പിടികൂടി. കേസില്‍ 28 സാക്ഷികളുണ്ടായിരുന്നു. കൊല്ലപ്പെട്ട മണിയുടെ ഭാര്യ കുട്ടിയമ്മ, മകള്‍ സിമി സില്‍വിയ, അയല്‍വാസി രാജന്‍ എന്നവരായിരുന്നു കേസിലെ പ്രധാന സാക്ഷികള്‍. വിസ്താര വേളയില്‍ അച്ഛനെ കൊന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ സിമി സില്‍വിയ കൂറുമാറി. പ്രോസിക്യൂഷന്റെ ശക്തമായ ഇടപെടല്‍ മൂലം കേസില്‍ പ്രതിക്ക് ശിക്ഷ ലഭിക്കുന്നതിന് അവസരമുണ്ടായി.
അച്ഛനെ കുത്തിക്കൊല്ലുന്നത് കണ്ടെന്ന് പോലിസിന് മൊഴി കൊടുത്ത സിമിസില്‍വിയ കേസ് വിസ്താര വേളയില്‍ ഭര്‍ത്താവ് കണ്ണനെ രക്ഷിക്കാനാണ് മൊഴി മാറ്റിയത്. പ്രധാന സാക്ഷിയായിരുന്ന സിമിയുടെ മൊഴിമാറ്റം കേസിനെ ബാധിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. നൂര്‍സമീറിന്റെ തന്ത്രപരമായ നീക്കങ്ങളാണ് പ്രതിക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഇടയാക്കിയത്. പിതാവ് മണിയെ ഭര്‍ത്താവ് കണ്ണന്‍ ജീന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മൂന്ന് തവണ കുത്തിയെന്നാണ് സിമി പോലിസില്‍ മൊഴി നല്‍കിയത്. എന്നാല്‍ പിടിവലിക്കിടെ അച്ഛന്റെ പക്കല്‍ കത്തിയുണ്ടായിരുന്നെന്നും ഈ കത്തിയില്‍ നിന്നാണ് മുറിവേറ്റതെന്നും സിമി പറഞ്ഞു. എന്നാല്‍ കണ്ണന്‍ മണിയുടെ വീട്ടില്‍ വന്നു എന്നത് പ്രതിക്കെതിരായ തെളിവായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കണ്ണന്‍ ഭാര്യവീട്ടിലെത്തുമ്പോഴൊക്കെ ബഹളം ഉണ്ടാകുന്നത് നിത്യസംഭവമായിരുന്നെന്നും കൊലപാതകം നടന്ന് കഴിഞ്ഞ് കണ്ണന്റെ പക്കലുണ്ടായിരുന്ന കത്തി താഴെ ഈടാന്‍ നിര്‍ദേശിച്ചത് താനാണെന്നും അയല്‍വാസിയായ രാജന്‍ പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കി.
Next Story

RELATED STORIES

Share it