Idukki local

ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവും തിരികെ ലഭിക്കാന്‍ കുടുംബകോടതിയെ സമീപിച്ച ഭര്‍ത്താവിന്റെ കേസ് തള്ളി

തൊടുപുഴ: ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവും തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ച ഭര്‍ത്താവിന്റെ കേസ് തള്ളി. മൂവാറ്റുപുഴ കാവന കരയില്‍ ചക്കുങ്കല്‍വീട്ടില്‍ ജിജി ജേക്കബ് ഭാര്യ ടുമിക്കെതിരെ തൊടുപുഴ കുടുംബകോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
ജിജി ജേക്കബ് 1995ല്‍ സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പെട്രോള്‍ പമ്പ് നടത്തിയും മറ്റും സമ്പാദിച്ച പണം ഉപയോഗിച്ച് കാവനയില്‍ രണ്ട് ഏക്കര്‍ സ്ഥലം ഭാര്യയുടെ പേരില്‍ വാങ്ങി. ഇതിനിടെ ഭര്‍ത്താവിനു വാഹനാപകടത്തില്‍ ഗുരുതരമായി കാലിന് പരിക്കുപറ്റി വിരല്‍ നഷ്ടപ്പെട്ടു. വൈകല്യത്തെ തുടര്‍ന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ജോലിയും നഷ്ടപ്പെട്ടു.വര്‍ഷങ്ങളായി ഭര്‍ത്താവിനെ ഉപേക്ഷിച്ച് പിരിഞ്ഞ് താമസിക്കുന്ന ഭാര്യയില്‍ നിന്നു ഈ വസ്തു തിരികെ ലഭിക്കണമെന്നും ഒപ്പം വിവാഹമോചനം വേണമെ ന്നും ആവശ്യപ്പെട്ടാണ് ജിജി കോടതിയിലെത്തിയത്.
വസ്തുക്കച്ചവടത്തിന്റെ എഗ്രിമെന്റ് തിയ്യതിയില്‍ ജിജിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് കലൂര്‍ ശാഖയിലുള്ള എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്നു അഞ്ച് ലക്ഷം ഭാര്യ പിന്‍വലിച്ചതും ആധാര ദിവസം ജിജിയുടെ പേരിലുള്ള ഫെഡറല്‍ ബാങ്കിലെ ആറ് ലക്ഷം രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് ഭാര്യാ മാതാവിന്റെ പേരിലേയ്ക്ക് ട്രാന്‍സഫര്‍ ചെയ്തു പിന്‍വലിച്ചതും സംബന്ധിച്ച രേഖകള്‍ അടിസ്ഥാനമാക്കിയാണ് കേസ് ഫയല്‍ ചെയ്തത്.
എന്നാല്‍ ഭര്‍ത്താവിന്റെ ക്രൂരമായ പെരുമാറ്റത്തെതുടര്‍ന്ന് പിതാവിന്റെ ഭവനത്തില്‍ അഭയം തേടുകയായിരുന്നെന്നും ജിജി നല്‍കിയ പണം വസ്തു വാങ്ങാന്‍ ഉപയോഗിച്ചിട്ടില്ലെന്നുമുള്ള ടുമിയുടെ വാദം അംഗീകരിച്ച് ഇരു കേസുകളും തൊടുപുഴ കുടുംബകോടതി ജഡ്ജി എം കെ പ്രസന്നകുമാരി തള്ളുകയായിരുന്നു. ടുമിക്ക് വേണ്ടി അഡ്വ. ബിജുപറയന്നിലം, അഡ്വ. ജോബി ജോണ്‍, അഡ്വ. അഞ്ജു കെ. സുരേന്ദ്രന്‍ എന്നിവര്‍ ഹാജരായി.
Next Story

RELATED STORIES

Share it