palakkad local

ഭാര്യയും മക്കളും കൈവെടിഞ്ഞ വയോധികനെ പോലിസ് അനാഥമന്ദിരത്തിലാക്കി

ചളവറ: സാമ്പത്തിക സ്ഥിതിയുള്ള മക്കളും ഭാര്യയും ഉണ്ടായിട്ടും സംരക്ഷിക്കാത്തതിനെ തുടര്‍ന്ന് പിതാവിനെ പോലിസ് അനാഥമന്ദിരത്തിലാക്കി. ചളവറ പുളിയക്കോട്ടു തൊടി ശങ്കരന്‍ നായര്‍ (83)ക്ക് വാര്‍ധക്യകാലത്ത് ഈ ദുര്‍വിധിയുണ്ടായിട്ടുള്ളത്. ഭാര്യയും മക്കളും സംരക്ഷിക്കാത്തതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലിസ് ഇടപെട്ട് ഇദ്ദേഹത്തെ കൊപ്പത്തെ 'അഭയം 'അനാഥസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഭാര്യയും മൂന്ന് പെണ്‍മക്കളുമാണ് ശങ്കരന്‍നായര്‍ക്കുള്ളത്. മൂന്ന് പെണ്‍മക്കളും നല്ല സാമ്പത്തിക സ്ഥിതിയിലുമാണ്. ഇതില്‍ ഒരു മകളുടെ കൂടെയായിരുന്നു താമസം.എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് ഇവര്‍ ശങ്കരന്‍ നായരുടെ ഭാര്യ താമസിക്കുന്ന പുലിയാനം കുന്ന് മുണ്ടന്‍കാട്ടിലെ വീട്ടില്‍ കൊണ്ടു വന്നാക്കുകയായിരുന്നു. ഉടന്‍ തന്നെ ഭാര്യ വീടുവിട്ടു പോവുകയായിരുന്നുവെന്ന് ശങ്കരന്‍നായര്‍ പറയുന്നു.
തുടര്‍ന്ന് കഴിഞ്ഞ പതിനൊന്ന് ദിവസമായി ശങ്കരന്‍ നായര്‍ ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസം. വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഏറെയുള്ള ഇദ്ദേഹത്തിന് പരാശ്രയം കൂടാതെ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാനാകില്ല. പലപ്പോഴും പ്രാഥമിക കൃത്യങ്ങള്‍ പോലും കിടന്ന കിടപ്പില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഇക്കഴിഞ്ഞ പതിനൊന്നു ദിവസവും അയല്‍വാസിയായ കാരു കുളം മുഹമ്മദലിയാണ് ഇദ്ദേഹത്തിന് ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും ചെയ്ത് കൊടുക്കുന്നത്.വീട്ടുകാരെ പല തവണ വിവരമറിയിച്ചെങ്കിലും ശങ്കരന്‍നായരെ ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറായില്ല.ഇതേ തുടര്‍ന്ന് അയല്‍വാസികള്‍ ചെര്‍പ്പുളശ്ശേരി പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് സ്ഥലത്തെത്തിയ ചെര്‍പ്പുളശ്ശേരി എസ് ഐ ദീപക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ശങ്കരന്‍നായരെ കൊപ്പം 'അഭയം'അനാഥസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.പിതാവിനെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ കേസെടുക്കന്ന കാര്യം പരിഗണനയിലാണെന്ന് എസ് ഐ ദീപക് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it