ഭാരത് മാതാ കീ ജയ് വിളിച്ചില്ല: എംഎല്‍എക്ക് സസ്‌പെന്‍ഷന്‍



മുംബൈ: ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ വിസമ്മതിച്ച ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എംഎല്‍എ വാരിസ് പത്താനെ മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നടപ്പ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. ഗവര്‍ണറുടെ നയ പ്രഖ്യാപനത്തെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോഴാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം.
ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എംഎല്‍എ ഇംതിയാസ് ജലീല്‍ പ്രമുഖ വ്യക്തികളുടെ സ്മാരകം നിര്‍മിക്കാന്‍ നികുതിദായകരുടെ പണം ചെലവഴിക്കരുതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് ആവശ്യപ്പെട്ടു. ഈ സമയത്ത് ശിവസേനയിലെ ഒരു എംഎല്‍എ ഇടപെടുകയും ഭാരത് മാതാ കീ ജയ് വിളിക്കുകയില്ലെന്ന അസദുദ്ദീന്‍ ഉവൈസിയുടെ പ്രസ്താവനയെ പരാമര്‍ശിക്കുകയും ചെയ്തു. അപ്പോഴാണ് താന്‍ ജയ് ഹിന്ദ് വിളിക്കുമെന്നും എന്നാല്‍ ഭാരത് മാതാ കീ ജയ് വിളിക്കുകയില്ലെന്നും വാരിസ് പത്താന്‍ സഭയില്‍ പറഞ്ഞത്.
തുടര്‍ന്ന് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ ബഹളം വച്ചു. പത്താന്‍ മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം സഭയില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബഹളം കാരണം മൂന്നുവട്ടം സഭ നിര്‍ത്തിവച്ചു. അവസാനം ആഭ്യന്തര സഹമന്ത്രി രഞ്ജിത്ത് പാട്ടീല്‍, പത്താനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ചു. സഭ ഐകകണ്‌ഠ്യേന പ്രമേയം അംഗീകരിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it