palakkad local

ഭാരതപ്പുഴ വറ്റിവരണ്ടു; ഒറ്റപ്പാലത്ത് കുടിവെള്ളം കിട്ടാക്കനി

ഒറ്റപ്പാലം: ഭാരതപ്പുഴ വറ്റി വരണ്ടതോടെ ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാവുന്നു. നഗരത്തില്‍ നാലു ദിവസമായി ജലവിതരണം നിലച്ചിരിക്കുകയാണ്.
മാസങ്ങളായി നഗരസഭയിലെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പുഴയില്‍ ജലമുണ്ടായിരുന്നതിനാല്‍ അവശ്യകാര്യങ്ങള്‍ക്കായി നാട്ടുകാര്‍ പുഴയെ ആശ്രയിക്കുകയായിരുന്നു.
കുടിവെള്ള ക്ഷാമത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന സമഗ്ര കുടിവെള്ള പദ്ധതി സ്ഥിരം തടയിണയില്ലാത്തതിനാല്‍ തുടക്കത്തിലേ പാളിയിരുന്നു. തടയിണയുടെ നിര്‍മാണം പൂര്‍ത്തിയാവാതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തിയതു വിവാദമാവുകയും ചെയ്തിരുന്നു.
പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞു പമ്പിങ് ആരംഭിച്ചതിനാല്‍ ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷനു സമീപത്തെ പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തിരുന്നു. ഇതാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്. ഈ പമ്പ് ഹൗസിന് സമീപമാണ് വര്‍ഷങ്ങളായി താല്‍ക്കാലിക തടയിണ നിര്‍മിച്ചിരുന്നത്.
സാധാരണ എല്ലാ വര്‍ഷവും ജനുവരി ആദ്യത്തില്‍ നഗരസഭയും ജല അതോരിറ്റിയും സംയുക്തമായി ജനകീയ പങ്കാളിത്തത്തോടെ താല്‍ക്കാലിക തടയിണകള്‍ നിര്‍മിച്ചിരുന്നു. ഇതു പമ്പ് ഹൗസിന് സമീപമുള്ള കിണറുകളില്‍ ജലം സംഭരിക്കാന്‍ ഉപകരിച്ചിരുന്നു.
എന്നാല്‍ ഈ വര്‍ഷം ജലം പുഴയില്‍ വറ്റിയതിനു ശേഷമാണ് തടയിണ ബലപ്പെടുത്തിയത്. അതിനാല്‍ ആവശ്യത്തിന് ജലം സംഭരിക്കാന്‍ കഴിഞ്ഞതുമില്ല. പുഴയിലെ നാല് കിണറുകളില്‍ നിന്നും സംഭരിക്കുന്ന ജലമാണ് ഇപ്പോള്‍ ഇവിടുത്തെ ജനങ്ങളുടെ ഏക ആശ്രയം.
മലമ്പുഴ ഡാമിലെ വെള്ളമാണ് ഇനി ഈ പ്രദേശത്തെ ജനങ്ങള്‍ക്കുള്ള ഏക ആശ്രയം. പറളി, ലക്കിടി പ്രദേശങ്ങളിലെ സ്ഥിരം തടയിണകള്‍ നിറഞ്ഞ് ഡാമിലെ വെള്ളം ഒറ്റപ്പാലത്ത് എത്തണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണം.
Next Story

RELATED STORIES

Share it