ഭാഗ്യവും ലീഗും തുണയായി; വയനാട്ടില്‍ 16 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്

കല്‍പ്പറ്റ: നറുക്കെടുപ്പിലൂടെ വൈത്തിരി, വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ തരിയോട് പഞ്ചായത്ത് എല്‍ഡിഎഫിന് ലഭിച്ചത് ലീഗ് അംഗത്തിന്റെ പിന്തുണയില്‍. ഇതോടെ വയനാട്ടില്‍ 16 ഗ്രാമപ്പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഒരു ബ്ലോക്ക് പഞ്ചായത്തും എല്‍ഡിഎഫ് നേടി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നു പഞ്ചായത്തുകളില്‍ മാത്രമായിരുന്നിടത്താണ് ഇത്തവണ അട്ടിമറി വിജയം നേടിയത്. യുഡിഎഫിന്റെ കുത്തകയായിരുന്ന പല പഞ്ചായത്തുകളും പിടിച്ചെടുത്ത എല്‍ഡിഎഫിന് പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തങ്ങളുടെ ആധിപത്യത്തിലുണ്ടായിരുന്ന മൂന്ന് പഞ്ചായത്തുകള്‍ നിലനിര്‍ത്താനുമായി. വൈത്തിരിയില്‍ തുല്യസീറ്റുകള്‍ നേടിയതോടെ നറുക്കിടുകയായിരുന്നു. വെങ്ങപ്പള്ളിയിലും ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്നു മാറി നിന്നതോടെ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റുകളായതിനാല്‍ നറുക്കെടുപ്പ് നടത്തി.
രണ്ടിടങ്ങളിലും എല്‍ഡിഎഫിനെയാണ് ഭാഗ്യം തുണച്ചത്. യുഡിഎഫിന്റെ കുത്തകയായിരുന്ന തരിയോട് ലീഗ് അംഗത്തിന്റെ പിന്തുണയോടെയും എല്‍ഡിഎഫ് ഭരണംപിടിച്ചു. കോണ്‍ഗ്രസ്സുമായി വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ലീഗ് എല്‍ഡിഎഫിനെ പിന്തുണക്കാന്‍ കാരണം.
മുട്ടില്‍ ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതന്‍ ഒപ്പം നിന്നതോടെ എല്‍ഡിഎഫിന് ഭരണം നേടാനായി. നൂല്‍പ്പുഴ, നെന്മേനി, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, മീനങ്ങാടി, തവിഞ്ഞാല്‍, തിരുനെല്ലി, പൂതാടി, പൊഴുതന, മേപ്പാടി, കോട്ടത്തറ ഗ്രാമപ്പഞ്ചായത്തുകളും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭകളും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും എല്‍ഡിഎഫിനാണ്.
കണിയാമ്പറ്റ, പനമരം, വെള്ളമുണ്ട, മൂപ്പൈനാട്, മുള്ളന്‍കൊല്ലി, അമ്പലവയല്‍, എടവക എന്നീ ഏഴ് പഞ്ചായത്തുകളും കല്‍പ്പറ്റ നഗരസഭയും മാനന്തവാടി, പനമരം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും യുഡിഎഫിനാണ്.
Next Story

RELATED STORIES

Share it