ഭവന ബോര്‍ഡില്‍ രണ്ടു കുടുംബ പെന്‍ഷന്‍ പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡില്‍ ജീവനക്കാരനായിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു കുടുംബപെന്‍ഷന്‍ ഒരേസമയം ലഭ്യമാക്കുന്ന കാര്യം ധനവകുപ്പിന്റെ തീരുമാനത്തിന് വിധേയമായി നടപ്പാക്കാമെന്ന് ഭവനനിര്‍മാണ ബോര്‍ഡ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ബോര്‍ഡില്‍ ജീവനക്കാരനായിരിക്കെ 1993ല്‍ മരിച്ച വിമുക്തഭടനായ കെ രവീന്ദ്രന്‍ നായരുടെ ഭാര്യ കെ രമാദേവിയാണ് പരാതി നല്‍കിയത്.
രവീന്ദ്രന്‍ നായരുടെ കുടുംബത്തിന് മിലിറ്ററിയില്‍നിന്നുള്ള കുടുംബ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. അക്കാരണത്താല്‍ ഭവന ബോര്‍ഡ് കുടുംബ പെന്‍ഷന്‍ നിഷേധിച്ചു. മിലിറ്ററിയിലും സംസ്ഥാന സര്‍ക്കാരിലും ജോലി ചെയ്തവര്‍ക്ക് രണ്ട് കുടുംബ പെന്‍ഷന്‍ ഒരേസമയം അനുവദിക്കാവുന്നതാണെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജിഒ (പി) 427/14 നമ്പരായി ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഉത്തരവ് ബോര്‍ഡില്‍ നടപ്പാക്കാന്‍ ധനവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ രമാദേവിക്ക് കുടുംബ പെന്‍ഷന്‍ നല്‍കാമെന്ന് ബോര്‍ഡ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
Next Story

RELATED STORIES

Share it