thiruvananthapuram local

ഭവന നിര്‍മാണത്തിന് പദ്ധതികളേറെ; നടയറ നിവാസികള്‍ക്ക് ലഭിക്കുന്നില്ല

വര്‍ക്കല: ജനകീയാസൂത്രണം വഴി ഭവന നിര്‍മാണത്തിനും സമ്പൂര്‍ണ ശുചിത്വത്തിനും കിണര്‍ കുഴിക്കുന്നതിനും മറ്റും വ്യക്തിഗത ആനുകൂല്യത്തില്‍പ്പെടുത്തി പദ്ധതികള്‍ പലതുണ്ടെങ്കിലും നടയറയിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. വര്‍ക്കല നഗരസഭ പരിധിയില്‍ ഒമ്പതാം വാര്‍ഡിലുള്‍പ്പെട്ട കുന്നില്‍ പുത്തന്‍ വീട്ടിലാണ് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നത്.
പ്രദേശത്തെ ഒരു ചുറ്റുവട്ടത്തുള്ള നിരവധി വീടുകള്‍ക്ക് പൊതുവെയുള്ള പേരാണ് കുന്നില്‍ പുത്തന്‍ വീട്. ഇവിടെ മണ്‍ഭിത്തികള്‍ ഇടിഞ്ഞും മേലാപ്പ് ചോര്‍ന്നൊലിച്ചും ദുര്‍ബലാവസ്ഥയില്‍ തുടരുന്ന നാലോളം കുടിലുകളാണുള്ളത്. അടച്ചുറപ്പില്ലാത്ത ഈ മണ്‍കുടിലുകള്‍ ഏതു നിമിഷവും നിലംപൊത്താവുന്ന വിധം ജീര്‍ണാവസ്ഥയിലാണ്.
ഒരു മണ്‍കൂരയ്ക്കുള്ളില്‍ 12 കുട്ടികളടക്കം 19 പേരുള്‍പ്പെടുന്ന നാലു കുടുംബങ്ങളാണ് തിങ്ങി നിറഞ്ഞ് താമസിക്കുന്നത്. സമീപത്തെ മറ്റൊരു വീട്ടില്‍ ഏഴു കുട്ടികളടക്കം 15 പേരുള്‍പ്പെടുന്ന ആറ് കുടുംബങ്ങളും താമസമുണ്ട്.
വൃദ്ധയായ ക്യാന്‍സര്‍ രോഗിയും കുട്ടത്തില്‍പെടും. വാര്‍ഡുസഭകളിലെത്തി തുടരെ തുടരെ അപേക്ഷ നല്‍കിയിട്ടും ഭവന നിര്‍മാണമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആനുകൂല്യം നല്‍കാത്തതായി ആക്ഷേപമുണ്ട്.
വരുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതിനൊപ്പം ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനും ബന്ധപ്പെട്ട ഉന്നതാധികാരികള്‍ക്കും പരാതി സമര്‍പ്പിക്കുവാന്‍ ഒരുമ്പെടുകയാണ് ഗ്രാമവാസികള്‍.
ഒരു പ്രദേശത്തിന്റെ പ്രാഥമിക സൗകര്യങ്ങള്‍ പോലും പരിഗണിക്കാതെയുള്ള ദുര്‍ഭരണമാണ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ നഗരസഭയിലുണ്ടായതെന്നും ഇവര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it