malappuram local

ഭര്‍ത്താവിന് മര്‍ദ്ദനമേറ്റ സംഭവം ; പോലിസിനെതിരേ യുവതിഡി.ജി.പിക്ക് പരാതി നല്‍കി

എടപ്പാള്‍: ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയ പ്രതിക്ക് വിദേശത്തേക്ക് കടത്താന്‍ സൗകര്യം ഒരുക്കികൊടുത്ത പോലിസിനെതിരേ നടപടി ആവശ്യപ്പെട്ട് ഭാര്യ ഡി.ജി.പിക്ക് പരാതി നല്‍കി. തെയ്യങ്ങാട് ഓംതൃക്കാവ് കായലുംപള്ളത്ത് വീട്ടില്‍ ശശീധരന്റെ ഭാര്യ ശ്രീദേവിയാണ് പരാതിക്കാരി. ആഗസ്ത് 8ന് അയല്‍വാസിയായ യുവാവ് ശശീധരനെ വീട്ടുമുറ്റത്ത് വച്ച് മര്‍ദ്ദിച്ചുവെന്നാണ് കേസ്. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ശശീധരന്‍ സംഭവശേഷം അബോധാവസ്ഥയില്‍ എറണാംകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് പൊന്നാനി പോലിസ് മൊഴി രേഖപ്പെടുത്തിയത്.

മര്‍ദ്ദനം നടത്തിയ യുവാവ് പൊന്നാനി നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകനാണെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതിക്ക് വിദേശത്തേക്ക് പോവാനുള്ള ഒത്താശ ചെയ്ത ശേഷമാണ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നിസ്സാരമായ വകുപ്പ് ചുമത്തി കേസെടുത്തതെന്ന് ചൂണ്ടിക്കാണ്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി. പൊന്നാനി സി.ഐയോട് അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടു. പൊന്നാനി അഡീഷനല്‍ എസ്.ഐ. എം സൂഫി എറണാംകുളത്തെ ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഈ മാസം 14ന് മലപ്പുറത്ത് നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ്ങില്‍ ഹാജരാവാനാണ് ശ്രീദേവിയുടെയും കുടുംബത്തിന്റെയും തീരുമാനം.
Next Story

RELATED STORIES

Share it