ഭര്‍ത്താവിനെതിരേ വനിതാ കമ്മീഷന്‍ നിയമനടപടിക്ക്

ആലപ്പുഴ: വാട്‌സ്ആപ്പിലൂടെ മൊഴിചൊല്ലിയ ഭര്‍ത്താവിനെതിരേ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിനിയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ നിയമനടപടിക്ക്. ബി.ഡി.എസ്. വിദ്യാര്‍ഥിനിയെയാണ് ഭര്‍ത്താവ് വാട്‌സ്ആപ്പിലൂടെ മൊഴിചൊല്ലിയത്.  വൈക്കം കുലശേഖരമംഗലം റുബീനാ മന്‍സിലില്‍ അജ്മല്‍ ബഷീറിനെതിരെയാണു പരാതി. 2014 ഫെബ്രുവരി രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ദുബയില്‍ എമിഗ്രേഷന്‍ പി.ആര്‍.ഒ. എന്നായിരുന്നു വിവാഹസമയം പറഞ്ഞിരുന്നത്. പിന്നീടുള്ള അന്വേഷണത്തില്‍ ദുബയിലെ അഡ്രസ് വ്യാജമാണെന്നു വ്യക്തമായി.

വിവാഹം കഴിഞ്ഞ് 10 ദിവസത്തിനകം ഇയാള്‍ ദുബയിലേക്കു പോയിരുന്നു. പിന്നീട് കുറച്ചുദിവസത്തേക്ക്  യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആറുമാസം മുമ്പ് ത്വലാഖ് ചൊല്ലിയെന്ന് വാട്‌സ്ആപ്പിലൂടെ ഇയാള്‍ സന്ദേശം അയക്കുകയായിരുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അക്കമിട്ട് എഴുതിയ ശേഷം മൊഴിചൊല്ലിയിരിക്കുന്നുവെന്നാണു സന്ദേശത്തിലുള്ളത്. ഫോണില്‍ ബന്ധപ്പെട്ടപ്പോഴും ഇത് ആവര്‍ത്തിച്ചു. നിയമനടപടി എന്തുവേണമെങ്കിലും സ്വീകരിച്ചോളൂവെന്നു ഭീഷണിയും മുഴക്കി. ഭര്‍തൃപിതാവിന്റെ ഉപദ്രവമുണ്ടായതോടെ  സ്വവസതിയിലേക്കു പോരുകയായിരുന്നുവെന്നു യുവതി പറഞ്ഞു. വാട്‌സ്ആപ്പിലൂടെ ലഭിച്ച സന്ദേശങ്ങള്‍ കാണിച്ച് ഇരു മഹല്ലുകള്‍ക്കും അപേക്ഷ നല്‍കിയെങ്കിലും ഭര്‍ത്താവ് നേരിട്ടെത്തിയാലേ ത്വലാഖ് സാധുവാകൂവെന്ന നിലപാടാണു സ്വീകരിച്ചത്.

ഭര്‍ത്താവിനെതിരേ നടപടിയാവശ്യപ്പെട്ടും സ്ത്രീധനമായി നല്‍കിയ 10 ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണാഭരണങ്ങളും തിരികെ ആവശ്യപ്പെട്ടും ഏറ്റുമാനൂര്‍ കുടുംബകോടതിയില്‍ കേസ് നല്‍കിയിരുന്നു. എന്നാല്‍ നിരവധി സിറ്റിങ് കഴിഞ്ഞെങ്കിലും ഒരു പ്രാവശ്യം പോലും ഭര്‍തൃവീട്ടുകാര്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണു പാലായില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ യുവതി പരാതിനല്‍കിയത്.ഇത്തരമൊരു ത്വലാഖ് ചൊല്ലല്‍ ശരീഅത്ത് പ്രകാരം നിയമവിരുദ്ധമാണെന്നു വനിതാ കമ്മീഷന്‍ അംഗം ജെ പ്രമീളാ ദേവി പറഞ്ഞു. വരന്റെ വീട്ടുകാരെ അടുത്ത അദാലത്തില്‍ എത്തിക്കാന്‍ ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദുബയിലുള്ള വരനെ ബന്ധപ്പെടാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കയെ ചുമതലപ്പെടുത്തിയതായും ജെ പ്രമീള ദേവി തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it