thiruvananthapuram local

ഭരണസമിതി സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ്; മൂന്ന് പദവികള്‍ വേണമെന്ന് ബിജെപി

തിരുവനന്തപുരം: കോര്‍പറേഷനിലെ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ വീതംവെക്കല്‍ സങ്കീര്‍ണമായിരിക്കെ മൂന്ന് അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്.
ഇതുസംബന്ധിച്ച് ബിജെപി മേയര്‍ക്ക് കത്ത് നല്‍കി. മരാമത്ത്, വികസനം, ക്ഷേമം എന്നീ സുപ്രധാന സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനങ്ങള്‍ വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ ചോദിച്ചുവാങ്ങില്ലെന്നും മറിച്ച് മല്‍സരിച്ച് നേടുമെന്നുമാണ് ബിജെപി കഴിഞ്ഞദിവസം നിലപാട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മൂന്ന് അധ്യക്ഷ സ്ഥാനങ്ങള്‍ കിട്ടാന്‍ അര്‍ഹതയുള്ളതിനാലാണ് കത്ത് നല്‍കിയതെന്നും തരില്ലെങ്കില്‍ തിരഞ്ഞെടുപ്പിലേക്ക് പോവുമെന്നുമാണ് ഇപ്പോള്‍ അവര്‍ അറിയിച്ചിരിക്കുന്നത്. കോര്‍പറേഷനിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് ചൊവ്വാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് സ്റ്റാന്റിങ് കമ്മിറ്റികളില്‍ രണ്ടെണ്ണമെങ്കിലും കിട്ടുന്നില്ലെങ്കില്‍ വോട്ടിങ്ങിലൂടെ തീരുമാനിക്കാന്‍ ബിജെപി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. വോട്ടിങ്ങായാല്‍ കേവല ഭൂരിപക്ഷമില്ലാത്ത ഇടതുമുന്നണിയുടെ കൈയില്‍നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. അതുകൊണ്ട് വോട്ടിങ് ഒഴിവാക്കാന്‍ ഇടതുമുന്നണിയും സിപിഎമ്മും ശ്രമിച്ചേക്കും. കോര്‍പറേഷനില്‍ എട്ട് സ്റ്റാന്റിങ് കമ്മിറ്റികളാണുള്ളത്. ആരോഗ്യം, വികസനം, വിദ്യാഭ്യാസം സ്‌പോര്‍ട്‌സ്, നഗരാസൂത്രണം എന്നീ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ ഇക്കുറി പുരുഷന്മാര്‍ക്കാണ്. ധനകാര്യമടക്കമുള്ള മറ്റ് മൂന്നെണ്ണം വനിതകള്‍ക്കുള്ളതും. ഇതില്‍, ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം ചട്ടപ്രകാരം ഡെപ്യൂട്ടി മേയര്‍ ഏറ്റെടുത്തുകഴിഞ്ഞു. ബാക്കിയുള്ളതിനായാണ് പിടിവലി. എന്നാല്‍, ആരോഗ്യം, ടൗണ്‍ പ്ലാനിങ്, നികുതി അപ്പീല്‍ തുടങ്ങിയവക്ക് അത്ര ഡിമാന്‍ഡില്ല. ഓരോ സ്റ്റാന്റിങ് കമ്മിറ്റിയിലും 12 അംഗങ്ങള്‍ വീതം വേണം.
100 അംഗ കൗണ്‍സിലില്‍ മേയറൊഴികെ എല്ലാവരും ഒരു സ്റ്റാന്റിങ് കമ്മിറ്റിയില്‍ അംഗമായിരിക്കണം. 12 അംഗങ്ങള്‍വച്ച് എട്ട് സ്റ്റാന്റിങ് കമ്മിറ്റികളിലേക്ക് 96 പേരെ വേണം. ബാക്കിവരുന്ന മൂന്ന് കൗണ്‍സിലര്‍മാരെ ഏത് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്ത—ണമെന്ന് പിന്നീട് ചേരുന്ന കൗണ്‍സില്‍ യോഗം തീരുമാനിക്കും. 35 സീറ്റുള്ള ബിജെപിക്ക് അംഗബലമനുസരിച്ച് രണ്ട് സ്ഥിരസമിതി അധ്യക്ഷ പദവികള്‍ക്ക് അര്‍ഹതയുണ്ട്. 36 കൗണ്‍സിലര്‍മാരുണ്ടായിരുന്നെങ്കില്‍ മൂന്നെണ്ണം കിട്ടുമായിരുന്നു. ഈ സാഹചര്യത്തില്‍ വോട്ടിങ്ങിലൂടെ നിര്‍ണായക ശക്തിയാവാനുള്ള പുറപ്പാടിലാണ് അവര്‍. എന്നാല്‍, മല്‍സരിച്ച് സ്ഥാനം നേടാനൊന്നും യുഡിഎഫില്ലെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിന് ഒരു അധ്യക്ഷ സ്ഥാനം ലഭിക്കും. ഇത് കഴിഞ്ഞ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവായിരുന്ന ജോണ്‍സണ്‍ ജോസഫിനായി മാറ്റിവെക്കും. എന്നാല്‍ വനിതാ സംവരണ സ്ഥിരംസമിതിയാണ് ലഭിക്കുന്നതെങ്കില്‍ ഘടകകക്ഷിയായ സിഎംപി പ്രതിനിധി വി ആര്‍ സിനിക്ക് നറുക്ക് വീണേക്കും. അതേസമയം, ഓരോ അംഗങ്ങള്‍ വീതമുള്ള കോണ്‍ഗ്രസ് (എസ്), കേരള കോണ്‍ഗ്രസ് എന്നിവര്‍ അധ്യക്ഷ സ്ഥാനങ്ങള്‍ ചോദിക്കും. രണ്ടര വര്‍ഷംവീതം കോണ്‍ഗ്രസ് എസിനും കേരള കോണ്‍ഗ്രസിനുമായി വീതിച്ചു നല്‍കാനും ആലോചനയുണ്ട്.
Next Story

RELATED STORIES

Share it