ഭരണസമിതി തിരഞ്ഞെടുപ്പ്; യുഡിഎഫില്‍ എതിര്‍പ്പ് ശക്തം

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ തത്വത്തില്‍ ഏറ്റെടുത്തിട്ടും ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോവുന്നതിനെതിരേ യുഡിഎഫില്‍ എതിര്‍പ്പ് ശക്തം. നിലവില്‍ അധികാരത്തിലുള്ള സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫില്‍ ആശങ്കയും അനിശ്ചിതത്വവും തുടരുകയാണ്. ഡിസംബര്‍ 20ന് പരിയാരം പബ്ലിക് സ്‌കൂളില്‍ തിരഞ്ഞെടുപ്പ് നടത്താനാണു സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഇതുപ്രകാരം സഹകരണ വകുപ്പ് മാടായി യൂനിറ്റ് ഓഫിസര്‍ സുനിലിനെ വരണാധികാരിയായും കണ്ണൂര്‍ അസി. രജിസ്ട്രാര്‍ രാജനെ തിരഞ്ഞെടുപ്പ് ഓഫിസറായും നിയമിച്ചിട്ടുണ്ട്. വ്യക്തിഗത അംഗങ്ങളും സൊസൈറ്റി അംഗങ്ങളും ഉള്‍പ്പെടെ 3,835 അംഗങ്ങളുള്ള സ്ഥാപനത്തില്‍ 12 ഭരണസമിതി അംഗങ്ങളെയും മാനേജിങ് ഡയറക്ടറെയുമാണ് തിരഞ്ഞെടുക്കേണ്ടത്.
നിലവിലെ ഭരണസമിതി ചെയര്‍മാനും സിപിഎം സംസ്ഥാന സമിതിയംഗവുമായ എം വി ജയരാജന്‍ വീണ്ടും മല്‍സരിക്കാന്‍ സാധ്യതയില്ല. ഇദ്ദേഹത്തിനു പകരം സിപിഎം നേതാക്കളായ ടി ഐ മധുസൂദനന്‍, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിച്ചേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാണ്. തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഭരണം നിലനിര്‍ത്താമെന്ന ആത്മവിശ്വാസവും അവര്‍ക്കുണ്ട്. എന്നാല്‍, യുഡിഎഫില്‍ പരിയാരത്തെച്ചൊല്ലി ഇപ്പോഴും ആശങ്ക ശക്തമാണ്.
കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലായിരുന്നു പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച വിവിധ വകുപ്പുകളുടെ കണക്കെടുക്കല്‍ പുരോഗമിക്കുന്നതിനിടെ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങുകയായിരുന്നു. ഇതോടെ നടപടികള്‍ അനിശ്ചിതത്വത്തിലായെന്നാണ് യുഡിഎഫ് വാദം. ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് മല്‍സരിച്ചേക്കില്ലെന്നാണ് സൂചന. ഏറ്റെടുക്കല്‍ വൈകുന്നതില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. മുസ്‌ലിം ലീഗാവട്ടെ സര്‍ക്കാരിന്റെ വീഴ്ചയ്‌ക്കെതിരേ പ്രക്ഷോഭം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
അതേസമയം, സ്റ്റാഫ് പാറ്റേണ്‍, സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി തുടങ്ങിയ വിഷയങ്ങളാണ് പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ വൈകുന്നതിനു കാരണമെന്നും ഏറ്റെടുക്കല്‍ ഉടന്‍ യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ ഡി മുസ്തഫ പറഞ്ഞു. 2011 ജനുവരി ഒമ്പതിനാണ് എം വി ജയരാജന്‍ ചെയര്‍മാനായുള്ള ഭരണസമിതി പരിയാരത്ത് അധികാരമേറ്റത്. 2016 ജനുവരി ഒമ്പതിന് പുതിയ ഭരണസമിതി നിലവില്‍ വരേണ്ടതുണ്ട്.
Next Story

RELATED STORIES

Share it