malappuram local

ഭരണസമിതി-ഉദ്യോഗസ്ഥ അനാസ്ഥയുടെ നേര്‍സാക്ഷ്യമായി മഞ്ചേരി നഗരസഭ

മഞ്ചേരി: മഞ്ചേരിവഴിയാത്ര ചെയ്യുന്നവര്‍ ഒന്നു ശ്രദ്ധിക്കണം. കാരണം, നിങ്ങളെ കാത്തിരിക്കുന്നത് കറുത്തിരുണ്ട മാലിന്യക്കുഴികളാണ്. ഏതു സമയവും ഇത്തരം കുഴിയിലകപ്പെട്ടുപോവുന്ന രീതിയിലാണ് ടൗണിലെ സംവിധാനങ്ങള്‍. മാലിന്യക്കുഴികള്‍ കാരണം യാത്രക്കാര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. സ്ലാബിടാത്ത ഓടകളാണ് പ്രധാനമായും ടൗണിനെ നാറ്റിക്കുന്നത്.
മഞ്ചേരി-നിലമ്പൂര്‍ റോഡിലെ ജസീല ജംങ്ഷന്‍, ടൗണിലെ പ്രധാന കവല, ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലാണ് ഇത്തരം ചതിക്കുഴികളുള്ളത്. പ്രധാന ജങ്ഷനിലെ ട്രാന്‍സ്‌ഫോമറിനടുത്തുള്ള മാലിന്യചാല്‍ മാസങ്ങളായി തുറന്നിട്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും ഇത്തരം കുഴികളില്‍ സ്ത്രീകളും കുട്ടികളും വീഴുന്നതും പതിവായിട്ടുണ്ട്. വസ്ത്രത്തില്‍ മുഴുവനും മാലിന്യം കലര്‍ന്ന് കരയ്ക്കു കയറുന്ന ദയനീയ കാഴ്ചയില്‍ സഹയാത്രികര്‍ പോലും രോഷാകുലരാണ്. ഈ ഭാഗത്ത് സ്ലാബിട്ടിട്ടുണ്ടെങ്കിലും ജങ്ഷന്‍ മാത്രം ഒഴിച്ചിട്ടിരിക്കുകയാണ്. പഴയ ബസ്സ്റ്റാന്റിനു മുന്നിലുള്ള തുറന്നിട്ട ഓടയിലും യാത്രക്കാര്‍ വീണിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് ഇത് പിന്നീട് മൂടുകയായിരുന്നു. ജസീല ജങ്ഷനില്‍ അഴുക്കുചാല്‍ അടഞ്ഞിട്ട് മാസങ്ങളായി. സമീപത്തെ പള്ളിയിലേക്കെത്തുന്ന വിശ്വാസികള്‍ക്കും തൊട്ടടുത്ത കച്ചവടക്കാര്‍ക്കും ബസ് യാത്രികര്‍ക്കും മൂക്കു പൊത്തിയല്ലാതെ ഇതു വഴി കടന്നുപോവാനാവില്ല. ഇവിടെ മാലിന്യക്കുഴിയില്‍ വീണ ഒരു സ്ത്രീയെ നാട്ടുകാരാണ് തൊട്ടടുത്ത കുളത്തിലെത്തിച്ചത്. നഗരസഭാ അധികൃതര്‍ ഇതുവരെ ഇവിടെ പരിശോധിക്കുകയല്ലാതെ നടപടിയെടുത്തിട്ടില്ല. മലപ്പുറം റോഡില്‍ കൂടുതല്‍ ഭാഗത്തും സ്ലാബുകള്‍ തകര്‍ന്നിട്ടുണ്ട്. ഇതുമൂലം മാര്‍ക്കറ്റിലേക്കുള്ള വാഹനങ്ങള്‍ക്കും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും പ്രയാസം നേരിടുന്നുണ്ട്. മാര്‍ക്കറ്റ് ടൈല്‍സ് പതിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായിട്ടില്ല. നഗരസഭയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുണ്ടെങ്കിലും മാലിന്യ പ്രശ്‌നത്തില്‍ ഇടപെടാറില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. വര്‍ഷത്തിലൊരു തവണ ചില തട്ടുകടകളിലും മറ്റും പേരിന് പരിശോധന നടത്തുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. പല ഹോട്ടലില്‍നിന്നും കൈക്കൂലി വാങ്ങാന്‍ മാത്രമുള്ള ഒരു ഓഫിസായി മാറിയെന്നും ആരോപണമുണ്ട്. മഞ്ചേരി നഗരസഭയില്‍ കാലങ്ങളായി മാലിന്യമാണ് പ്രധാന പ്രശ്‌നം.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ മാലിന്യ പ്ലാന്റ് നിര്‍മാണം വേഗത്തിലാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഒച്ചിന്റെ വേഗതയുള്ള കൗണ്‍സില്‍ നടപ്പാക്കാന്‍ വര്‍ഷങ്ങള്‍ പിടിക്കും. പത്രങ്ങള്‍ ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയാല്‍ വാര്‍ത്താസമ്മേളനം വിളിച്ച് ന്യായീകരിക്കുകയല്ലാതെ മറ്റൊന്നും അധികൃതരില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നാണു നാട്ടുകാരുടെ പക്ഷം. പ്രതിപക്ഷവും പ്രശ്‌നങ്ങളില്‍ കാര്യമായി ഇടപെടാറില്ല. സ്വന്തം താല്‍പര്യം മാത്രം ശ്രദ്ധിക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവുമാണ് മഞ്ചേരിയിലുള്ളതെന്നും ആക്ഷേപമുണ്ട്.
മാലിന്യത്തിനു പുറമെ ഗതാഗത പ്രശ്‌നവും മഞ്ചേരിയെ ശ്വാസംമുട്ടിക്കുന്നുണ്ട്. ജസീല ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ വാഹനമിടിച്ച് തകര്‍ന്നിട്ട് മാസങ്ങളായി. വാഹന ഉടമയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കിയിട്ടും നന്നാക്കിയിട്ടില്ല. ഗതാഗതക്കുരുക്കുള്ള ഈ ഭാഗത്ത് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് സ്ഥലം എംഎല്‍എ പറഞ്ഞുവെന്നല്ലാതെ യാതൊരു പുരോഗതിയും പിന്നീടുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it