ഭരണഘടനയിലെ ആശയങ്ങളെ ഫാഷിസം ഇല്ലാതാക്കുന്നു: സെബാസ്റ്റ്യന്‍ പോള്‍

കോഴിക്കോട്: ഫാഷിസ്റ്റ് ഭരണകൂടവും പിന്നണിയിലുള്ള ഗൂഢശക്തികളും ഭരണഘടനയിലെ ആശയങ്ങളെ ഇല്ലാതാക്കുകയാണെന്ന് മാധ്യമ നിരൂപകനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍. ദിശ സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദിശ പ്രസിഡന്റ് ജമാല്‍ കൊച്ചങ്ങാടി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ദിശ ഏര്‍പ്പെടുത്തിയ ബാബുരാജ് പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ കമല്‍ സംഗീതസംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ക്കു സമ്മാനിച്ചു.

ശില്‍പവും പ്രശസ്തിപത്രവും 25,000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. ഭീതിയും വേദനയുമുള്ള സാഹചര്യമാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്ന് കമല്‍ അഭിപ്രായപ്പെട്ടു. ഉദ്ഘാടനത്തിന്റെ ഭാഗമായി കലാകാരികളായ നിലമ്പൂര്‍ ആയിഷ, മച്ചാട്ട് വാസന്തി, റംല ബീഗം എന്നിവരെ മാമുക്കോയ ഉപഹാരം നല്‍കി ആദരിച്ചു. കോഴിക്കോട്ടെ പ്രധാന ഉപകരണ സംഗീതജ്ഞരായ ആര്‍ച്ചി ഹട്ടന്‍, കോഴിക്കോട് പപ്പന്‍, കോഴിക്കോട് അബൂബക്കര്‍, വില്‍സണ്‍ സാമുവല്‍, ഡേവിഡ് ബാബു, ടി സി കോയ, എം ഹരിദാസ്, ജോയ് വിന്‍സെന്റ് എന്നിവരെയും ആദരിച്ചു. തുടര്‍ന്ന് പ്രശസ്ത ഗായകന്‍ വി ടി മുരളി നയിച്ച സംഗീത സദസ്സ് അരങ്ങേറി. നടന്‍ മാമുക്കോയ, പി എ എം ഹനീഫ്, ഗോപാല്‍ മേനോന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it