ഭരണഘടനയാണ് രാഷ്ട്രത്തിന്റെ അടിത്തറ

സ്വന്തം ഭൂമിയില്‍ അന്യനാക്കപ്പെടുന്നവനും അന്യനാണെന്നു തോന്നുന്നവനും ഭയവിഹ്വലനാവും. അസ്വസ്ഥരായ ജനങ്ങള്‍ ഒരു രാജ്യത്തിനും മുതല്‍ക്കൂട്ടല്ല. സഹവര്‍ത്തിത്വത്തിലും സഹിഷ്ണുതയിലും മാത്രമേ ഒരു ക്ഷേമരാജ്യം കെട്ടിപ്പടുക്കാനാവൂ. നീതിയുടെ കരങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ മരിച്ചുവീഴുന്നത് മനുഷ്യത്വമായിരിക്കും. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന അനിഷ്ടസംഭവങ്ങള്‍ നമ്മുടെ പാരമ്പര്യത്തെ പിന്നോട്ടടിക്കുന്നു. ഇന്ത്യയില്‍ ഏതു മതം സ്വീകരിക്കാനും സമാധാനപരമായി ആശയപ്രചാരണം നടത്താനും അവകാശമുണ്ട്. മതമില്ലാത്തവന് അതിനായി പ്രചാരവേല നടത്താനും സ്വാതന്ത്ര്യമുണ്ട്. ഏതു രാഷ്ട്രീയപ്പാര്‍ട്ടി അധികാരത്തില്‍ വരുന്നതും മതേതര-ജനാധിപത്യ ഭരണഘടനയെ സാക്ഷിയാക്കിക്കൊണ്ടാണ്. ജനങ്ങളോട് തുല്യനീതി പ്രവര്‍ത്തിക്കുമെന്നാണ് സത്യവാചകം.

ഇ ഖാലിദ് പുന്നപ്ര

മഷിയടയാളം

വോട്ടു തേടി അണികളുടെയും നേതാക്കളുടെയും പരക്കംപാച്ചില്‍ തുടരുകതന്നെയാണ്. രാഷ്ട്രീയത്തിലും പാര്‍ട്ടികളിലുമുള്ള പൊതുസമൂഹത്തിന്റെ വിശ്വാസത്തിനു തന്നെ കോട്ടം തട്ടുന്ന വിധത്തിലുള്ള പൊള്ളവാഗ്ദാനങ്ങളും പ്രലോഭനങ്ങളുമാണ് ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും അണിനിരത്തുന്നത്. ജനങ്ങള്‍ വോട്ട് ചെയ്ത് ഇഷ്ടപ്പെട്ട പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. അതോടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാവുകയും തങ്ങള്‍ ജനങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തരാണെന്ന രീതിയില്‍ പെരുമാറാന്‍ തുടങ്ങുകയും ചെയ്യുന്നു. കീശകള്‍ക്കു കനം കൂടുന്നു. കാലാവധി തീരുമ്പോള്‍ ചുണ്ടിലൊരു ചിരിയുമൊട്ടിച്ച് അവര്‍ വീണ്ടും വരും. വാഗ്ദാനങ്ങളുടെ പെരുമഴയില്‍ എട്ടും പൊട്ടും തിരിയാത്ത ജനം ഒരിക്കല്‍ കൂടി കൈയില്‍ മഷിയടയാളമിടും.

ബാസിത് കോട്ടപ്പുറം

തിരിച്ചറിഞ്ഞു

മുസ്‌ലിംകള്‍, ദലിതുകള്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍ എന്നിവര്‍ക്കെതിരേ തുടര്‍ച്ചയായുണ്ടാവുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ഉദയ് പ്രകാശ്, നയന്‍താര സെഹ്ഗാള്‍, അശോക് ബാജ്‌പേയി, ഗുര്‍ബച്ചന്‍ ഭുല്ലര്‍, അജ്മീര്‍സിങ് ഔലഖ്, അതംജിത്‌സിങ്, ഗുലാംനബി ഗയാല്‍, റഹ്മാന്‍ അബ്ബാസ്, ഡി എന്‍ ശ്രീനാഥ്, വാര്യം സന്ധു, ജി എന്‍ രംഗനാഥറാവു, ഗണേഷ് ദേവി, മംഗലേഷ് ദബ്രാന്‍, രാജേഷ് ജോഷി, ദാലിപ് കൗര്‍ തിവാന, പ്രഫ. റഹാമത്ത് താരിക്കരി, കാശിനാഥ് സിങ്, കാര്‍ത്യായനി വിദ്മാഹെ, നാടകനടി മായ കൃഷ്ണറാവു എന്നിവര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ സന്നദ്ധത കാണിച്ചതും സച്ചിദാനന്ദന്‍, പി കെ പാറക്കടവ്, അരവിന്ദ് മാലാഗട്ടി തുടങ്ങിയ എഴുത്തുകാര്‍ സാഹിത്യ അക്കാദമി സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ തയ്യാറായതും ഇന്ത്യയുടെ മതേതരത്വ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും പ്രതീക്ഷയും നല്‍കുന്നു.  അതില്‍ പ്രതിഷേധിച്ച മഹാകവി അക്കിത്തം, എസ് രമേശന്‍നായര്‍, സുരേഷ് ഗോപി, മേജര്‍ രവി തുടങ്ങിയവരുടെ സംഘപരിവാരദാസ്യം തിരിച്ചറിയാനും കേരളീയര്‍ക്കു കഴിഞ്ഞു. ജസീല്‍ കുറ്റിക്കകംഎടക്കാട് കഷ്ടം വെള്ളം കുടിക്കാന്‍ ഗ്ലാസെടുത്തതിന്റെ പേരില്‍ മധുരയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ കണ്ണ് അധ്യാപകന്‍ അടിച്ചുപൊട്ടിച്ചുവത്രേ. കഷ്ടം!

സി മുഹമ്മദ് വണ്ടൂര്‍
Next Story

RELATED STORIES

Share it