thrissur local

ഭരണകൂടത്തിന്റെ കപടപ്രേമം ദലിതര്‍ തിരിച്ചറിയണം: പ്രിയനന്ദന്‍

തൃശൂര്‍: ദലിത്ജനവിഭാഗങ്ങളോട് ഭരണകൂടം കാണിക്കുന്നത് കപടപ്രേമമാണെന്നും അത് തിരിച്ചറിയണമെന്നും സംവിധായകന്‍ പ്രിയനന്ദന്‍ പറഞ്ഞു. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിച്ച് സിപിഐ ജില്ലാ കൗണ്‍സില്‍ തെക്കേ ഗോപുരനടയില്‍ സംഘടിപ്പിച്ച സാംസ്‌കാരികസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സവര്‍ണപൗരോഹിത്യത്തിന്റെ കപടദളിത്‌പ്രേമം ജനതയെ വഴിതെറ്റിക്കുകയാണ്. നാം എങ്ങോട്ടാണ് യാത്ര ചെയ്യുന്നത് എന്ന് തിരിച്ചറിയണം. നമ്മെ വഴിതെറ്റിക്കുകയും നമ്മുടേതെല്ലം നാമറിയാതെ നമ്മില്‍ നിന്ന് തട്ടിപ്പറിച്ചെടുക്കുകയുമാണ് ഫാഷിസ്റ്റ് ഭരണകൂടം ചെയ്യുന്നത്. അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും അവര്‍ എല്ലാത്തരം അട്ടിമറികളും നടത്തുന്നു. മുമ്പ് നിശ്ശബ്ദമായി വിതച്ച വിത്തുകളുടെ ഫലങ്ങളാണ് ഇപ്പോള്‍ ഫാഷിസത്തിന്റെ വിതക്കാര്‍ കൊയ്‌തെടുക്കുന്നത്. ക്ഷേത്രമൈതാനത്ത് വിസില്‍ മുഴങ്ങുമ്പോള്‍ നാം തിരിച്ചറിയേണ്ടതായിരുന്നു ഈ മാറ്റം. സാംസ്‌കാരികമായ അധിനിവേശത്തിനെതിരെ അതിശക്തമായ ജനകീയ പ്രതിരോധനിര പടുത്തുയര്‍ത്താതെ ഇന്ത്യയില്‍ സഹിഷ്ണുതയോടെ ജീവിക്കാനാകില്ലെന്നും പ്രിയനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍, സംവിധായകന്‍ പ്രേംലാല്‍, ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ്, എഴുത്തുകാരി പാര്‍വ്വതി പവനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, ഗീത ഗോപി എംഎല്‍എ, എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി. പ്രദീപ്കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it