Kollam Local

ഭക്ഷ്യസുരക്ഷാ പരിശോധന: 51500 രൂപ പിഴ ഈടാക്കി

കൊല്ലം: സംസ്ഥാന ഫുഡ്‌സേഫ്റ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ ജില്ലയിലെ ഭക്ഷ്യസംരംഭ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 51500 രൂപ ഈടാക്കി.
ജില്ലയിലെ ഒന്‍പത് കുടിവെള്ള നിര്‍മാണ യൂനിറ്റുകളില്‍ പരിശോധന നടത്തി സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചു. കൂടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകള്‍, ജ്യൂസ് സ്റ്റാളുകള്‍, ഐസ് കമ്പനികള്‍, ഐസ്‌ക്രീം സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ പരിശോധിച്ച് ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. ഉമയനല്ലൂരില്‍ ഇതര സംസ്ഥാനക്കാര്‍ വൃത്തിഹീനമായും ലൈസന്‍സില്ലാതെയും അനധികൃതമായി നടത്തിവന്ന ചെമ്പകം ഫുഡ്‌സ് എന്ന ഐസ്‌ക്രീം നിര്‍മാണ യൂനിറ്റ് സാമ്പിള്‍ എടുത്തതിന് ശേഷം അടപ്പിച്ചു. ഇവിടെ നിന്നെടുത്ത സാമ്പിളില്‍ മാരകമായ കൃത്രിമ മധുര പദാര്‍ത്ഥം കണ്ടെത്തിയതിനാല്‍ പ്രോസിക്യൂഷന്‍ നടപടി തുടരും.
എല്ലാ വെളിച്ചെണ്ണ മില്ലുകളും പരിശോധിച്ച് സാമ്പിള്‍ എടുക്കുകയും ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.
ജില്ലയിലെ ബ്രാന്‍ഡഡ് വെളിച്ചെണ്ണ നിര്‍മാതാക്കള്‍ ഏപ്രില്‍ 16നകം തങ്ങളുടെ ബ്രാന്റുകള്‍ കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവയുടെ വില്‍പ്പന ഏപ്രില്‍ 16ന് ശേഷം നിരോധിക്കും.
റസ്റ്റോറന്റ്, ബേക്കറി, ചായക്കട, വഴിയോര തട്ടുകട, പലചരക്കുകട, പലഹാര നിര്‍മാണ യൂനിറ്റ്, കറി പൗഡര്‍ നിര്‍മാണ യൂനിറ്റ് തുടങ്ങി 86 സ്ഥലങ്ങളില്‍ പരിശോധന നടത്തിയതില്‍ ഭക്ഷ്യസുരക്ഷാ നിലവാര നിയമലംഘനമനുസരിച്ച് 33 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 28 സ്ഥാപനങ്ങളില്‍ നിന്ന് സാമ്പിളുകള്‍ എടുക്കുകയും ചെയ്തു.
ഭക്ഷ്യസുരക്ഷാ ലൈസന്‍സുകള്‍ കാലാവധിക്ക് 30 ദിവസം മുമ്പ് പുതുക്കണം. നിശ്ചിത കാലാവധിക്കുള്ളില്‍ പുതുക്കാത്ത ലൈസന്‍സുകള്‍ റദ്ദാക്കും. ലൈസന്‍സ് ഫീ ഓണ്‍ലൈനായി അടയ്ക്കാം. അസിസ്റ്റന്റ് കമ്മീഷണര്‍ കെ അജിത്ത്കുമാര്‍ നേതൃത്വം നല്‍കിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ ഇ ഷെരീഫ്, എസ് സുജിത്‌പെരേര, എ എ അനസ്, കെ ശ്രീകല, എസ് പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it