kozhikode local

ഭക്ഷ്യവസ്തുക്കളിലെ മായം; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

കോഴിക്കോട്: ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനും അളവുതൂക്ക നിയമവും അവശ്യ സാധനങ്ങളുടെ വിലനിലവാരം പ്രദര്‍ശിപ്പിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ കാര്യക്ഷമമാക്കാന്‍ എഡിഎം ടി ജെനില്‍ കുമാര്‍ നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാമ്പത്തിക വര്‍ഷം പൊതുവിപണികളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് ഫുഡ് സേഫ്റ്റി വിഭാഗം 14 ലക്ഷം രൂപയും ലീഗല്‍ മെട്രോളജി വിഭാഗം 25 ലക്ഷം രൂപയും സിവില്‍ സപ്ലൈസ് വകുപ്പ് 2.5 ലക്ഷം രൂപയും പിഴ ചുമത്തിയതായി യോഗം വിലയിരുത്തി.
ഇത്തരം പരിശോധനകള്‍ തുടരും. ഗാര്‍ഹിക പാചകവാതകം വിതരണം ചെയ്യുന്നതിന് ഡെലിവറി ചാര്‍ജ് 5 കി.മീറ്റര്‍ വരെ ഒന്നും നല്‍കേണ്ടതില്ലെന്നും 5 മുതല്‍ 10 കി.മീറ്റര്‍ വരെ 20 രൂപ, 10 മുതല്‍ 15 കി.മീറ്റര്‍ വരെ 35 രൂപ, 15 മുതല്‍ 20 രൂപവരെ 45 രൂപ, 20 കി.മീറ്റര്‍ മുതല്‍ 60 രൂപ എന്നിങ്ങനെയാണെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ രവീന്ദ്രന്‍ കുരുനിലത്ത് പറഞ്ഞു.
കോഴിക്കോട് എഫ്‌സിഐ അടച്ചു പൂട്ടാനുള്ള അധികൃതരുടെ നീക്കം അംഗീകരിക്കാനാകില്ല. റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയ അവസാന ഘട്ടത്തിലാണ്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അര്‍ഹരായ മുന്‍ഗണനാ വിഭാഗക്കാരുടെ കരടു ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും കേട്ട് തീരുമാനമെടുത്ത ശേഷം പുതിയ കാര്‍ഡ് വിതരണം ചെയ്യും. പച്ചക്കറിയിലെ വിഷാംശം കണ്ടെത്തുന്നതിനുള്ള ആധുനിക ജിസിഎംഎസ് പോലുള്ള ഉപകരണങ്ങള്‍ കോഴിക്കോട് ലാബോറട്ടറിയില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഫുഡ്‌സേഫ്റ്റി ഓഫിസര്‍ പി കെ ഏലിയാമ്മ, ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ സുധീര്‍രാജ്, സപ്ലൈകോ ആര്‍ എം ഇന്‍ചാര്‍ജ് കെ രാജീവ്, മുഹമ്മദാലി, ടി കെ എ അസീസ്, വി വി കുഞ്ഞായിന്‍, കെ പി കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it