Idukki local

ബ്ലേഡ് മാഫിയ ആക്രമണം: മുന്ന് ക്വട്ടേഷന്‍ അംഗങ്ങള്‍ അറസ്റ്റില്‍

അടിമാലി: ബ്ലേഡ് മാഫിയാ സംഘത്തിന്റെ നേതൃത്വത്തില്‍ അടിമാലി കാംകോ ജങ്ഷനില്‍ ആക്രമണം നടത്തിയ കേസില്‍ മുന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോതമംഗലം, മുവാറ്റുപുഴ സ്വദേശികളും കേസിലെ 17ാം പ്രതിയുമായ കറുകടം പുത്തന്‍പുരയ്ക്കല്‍ ഷാജഹാന്‍ (20), 19ാം പ്രതി കറുകടം മറ്റത്തില്‍ വിജേഷ് (29), 18ാം പ്രതി പുതുപ്പാടി ചാലില്‍ പുത്തന്‍പുരയില്‍ ദിലീപ് (33) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ ഇ കുര്യന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ മുവാറ്റുപുഴ മുളവൂര്‍ ഭാഗത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. കേസിലെ ഒന്നാം പ്രതിയും അക്രമത്തിലെ മുഖ്യ സൂത്രധാരനുമായ ചാലക്കുടി സ്വദേശി ഷിയാസിന്റെ നിര്‍ദേശാനുസരണം ക്വട്ടേഷന്‍ സംഘ തലവന്‍ അന്‍വറാണ് ഇവരെ കരാറേല്‍പ്പിച്ചത്. ഒരാള്‍ക്ക് 4,000 രൂപ വീതം പ്രതിഫലം നിശ്ചയിച്ചിരുന്നു. ആലുവ സ്വദേശിയായ ഫെനിയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘവും അക്രമണത്തില്‍ പങ്കാളിയായിരുന്നു.എന്നാല്‍ ഷിയാസ്, ഫെനി, അന്‍വര്‍ എന്നിവരെ പിടികൂടാന്‍ പോലിസിനായിട്ടില്ല. പിടിയിലായ ഷാജഹാന്‍ കൊലക്കേസില്‍ ജയിലിലായിരുന്നു.
അടിമാലിയിലെ അക്രമത്തിന് ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ദിലീപ്, വിജീഷ് എന്നിവര്‍ മുമ്പ് വധശ്രമ കേസുകളിലെ പ്രതികളാണ്. ഇവര്‍ക്കെതിരെ മറ്റു നിരവധി കേസുകളുമുള്ളതായി പോലിസ് അറിയിച്ചു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി ദേവികുളം സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 20ന് അടിമാലി കാംകോ ജങ്ഷനിലെ കെ എം കെ വര്‍ക്ക് ഷോപ്പിലും സല്‍ക്കാര ഹോട്ടലിലുമാണ് ബ്ലേഡ് സംഘം അക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it