ബ്ലാസ്‌റ്റേഴ്‌സിന് മെന്‍ഡോസ ഷോക്ക്

ചെന്നൈ: ഐഎസ്എല്ലിലെ നിര്‍ണായക മല്‍സരത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിയോട് കനത്ത തോല്‍വിയേറ്റുവാങ്ങിയതോടെ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് സെമിഫൈനല്‍ മോഹം സങ്കീര്‍ണ്ണമായി. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ ചെന്നൈ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു.
ചെന്നൈയുടെ കൊളംബിയന്‍ സ്‌ട്രൈക്കര്‍ സ്റ്റീവന്‍ മെന്‍ഡോസയുടെ ഹാട്രിക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ ചതിച്ചത്. മല്‍സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ചെന്നൈ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി ഫൈനല്‍ മോഹം ഏതാണ്ട് അവസാനിച്ചപ്പോള്‍ തുടര്‍ച്ചയായ തോല്‍വികള്‍ മൂലം സമ്മര്‍ദ്ദത്തിലായിരുന്ന ചെന്നൈ ജയത്തോടെ ഉയിര്‍ത്തെഴുന്നേറ്റു. ഇന്നലെ നേടിയ ജയം ചെന്നൈയുടെ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കളിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ തകര്‍പ്പന്‍ ജയം നേടിയ ബ്ലാസ്റ്റേഴ്‌സ് ചെന്നൈക്കെതിരേ ഗോളടിക്കാന്‍ മറക്കുന്ന കാഴ്ചയാണ് കണ്ടത്. മല്‍സരഫലം കാണുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല കളി. മല്‍സരത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും ചെന്നൈക്കൊപ്പം നില്‍ക്കുന്ന പ്രകടനമാണ് മഞ്ഞക്കുപ്പായക്കാര്‍ നടത്തിയത്.
എന്നാല്‍, ചെന്നൈ കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഗോളിനുള്ള നിരവധി സുവര്‍ണാവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് പാഴാക്കി. മൂന്നാം മിനിറ്റില്‍ തന്നെ ധാന്‍ചന്ദ്ര സിങിലൂടെ മുന്നിലെത്തിയ ചെന്നൈ പിന്നീട് മെന്‍ഡോസയിലൂടെ ആധികാരികമായി മല്‍സരം കൈക്കലാക്കുകയായിരുന്നു. 16, 80, 81 മിനിറ്റുകളിലാണ് മെന്‍ഡോസ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വല കുലുക്കിയത്. ഒമ്പത് ഗോളുമായി ടൂര്‍ണമെന്റിന്റെ ഗോള്‍ വേട്ടയില്‍ ബഹുദൂരം മുന്നിലാണ് മെന്‍ഡോസ.
ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പാളിച്ചകളാണ് വന്‍ തോല്‍വിക്ക് കാരണമാക്കിയത്. 90ാം മിനിറ്റില്‍ അന്റോണിയോ ജര്‍മനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ മടക്കിയത്. ഇനി ബ്ലാസ്‌റ്റേഴ്‌സിന് സെമി കാണണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണം. സീസണില്‍ ഇനി ശേഷിക്കുന്ന മൂന്നു മല്‍സരങ്ങളില്‍ ജയിക്കുന്നതോടൊപ്പം മറ്റു ടീമുകളുടെ മല്‍സരഫലങ്ങളും തുണയായെങ്കില്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് സെമിയിലെത്താനാവുകയുള്ളൂ. വ്യാഴാഴ്ച മുംബൈ സിറ്റിക്കെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.
Next Story

RELATED STORIES

Share it