Sports

ബ്ലാസ്റ്റേഴ്‌സ് പൊരുതി മടങ്ങി

ബ്ലാസ്റ്റേഴ്‌സ് പൊരുതി മടങ്ങി
X
isl-kerala-blasters-2015

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സീസണിലെ തങ്ങളുടെ അവസാന മല്‍സരത്തില്‍ അവസാന നിമിഷം വരെ പൊരുതി  നേടിയ സമനിലയുമായി കേരളം മടങ്ങുന്നു.  മൂന്നു ഗോളൂകള്‍ വീതം നേടിയാണ്   റോബര്‍ട്ടോ കാര്‍ലോസ് പരിശീലിപ്പിക്കുന്ന കരുത്തരായ ഡല്‍ഹിയുമായി ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. അവസാന നിമിഷം വരെ ലീഡ് നിലനിര്‍ത്തിയ ശേഷം ഇഞ്ച്വറി ടൈമില്‍ സഹനാജ് സിങ്ങ് നേടിയ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഷോട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ മോഹങ്ങള്‍ക്കു മേല്‍  കരിനിഴല്‍ വീഴ്ത്തിയത്. ക്രിസ് ഡാഗ്നല്‍ (9), ജാവോ കോയിബ്ര (39) അന്റോണിയോ ജര്‍മന്‍ (39) എന്നിവര്‍ കേരളത്തിനായി എതിര്‍വലചലിപ്പിച്ചപ്പോള്‍   ഗുസ്താവോ സാന്റോസ് (7), ആദില്‍ നബി (40),സഹനാജ്‌സിങ് എന്നിവരിലൂടെ ഡല്‍ഹിയും മറുപടി നല്‍കി.

സെമിഫൈനല്‍ ഉറപ്പിച്ച ഡ ല്‍ഹിയും പുറത്തായതിനാല്‍ ഒന്നും നഷ്ടപ്പെടാനില്ലാതെ ബൂട്ടണിഞ്ഞ കേരളവും തമ്മില്‍ നടന്ന മല്‍സരത്തില്‍ കേരളത്തിനു തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഏഴാം മിനിറ്റില്‍ത്തന്നെ ലീഡ് നേടിയ ഡല്‍ഹി കേരളത്തെ വിറപ്പിച്ചു. കേരളത്തിന്റെ പ്രതിരോധ നിരയെ നിസ്സഹായരാക്കി ഫ്‌ളോറന്റ് മലൂദ ഉയര്‍ത്തി വിട്ട പന്ത് ഓടിയടുത്ത ഗുസ്താവോ വലയിലേക്ക് തിരിച്ചു വിട്ടു(1-0). എന്നാല്‍ രണ്ട് മിനിറ്റ് കഴിയും മുമ്പേ ഡാഗ്നലിലൂടെ കേരളം മറുപടി നല്‍കി.  ഡല്‍ഹി പ്രതിരോധ നിരയിലെ മലയാളി താരം അനസ് എടത്തൊടിക പന്ത് ഹെഡ് ചെയ്തകറ്റുന്നതില്‍ വന്ന പിഴവ് മുതലെടുത്ത് ഡഗ്നല്‍ ഡല്‍ഹി വലയിലേക്ക് നിറയൊഴിച്ചു (1-1). 30-ാം മിനിറ്റില്‍ കേരളം ലീഡുയര്‍ത്തി. മധ്യനിരയില്‍ ജര്‍മയ്‌നില്‍ നിന്നും ലഭിച്ച പാസ്  ഡല്‍ഹി ബോക്‌സിനുള്ളിലേ ക്ക്. പന്ത് തടയാനെത്തിയ ഡല്‍ഹി പ്രതിരോധ നിരയെ കബളിപ്പിച്ച് ജാവോ കോയിമ്പ്ര മനോഹരമായി പന്ത് വലയിലേക്കെത്തിച്ചു (2-1). ഒമ്പതു മിനിറ്റുകള്‍ക്കു ശേഷം മെഹ്താബ് ഹുസൈന്റെ സഹായത്തോടെ കേരളം വീണ്ടും ലീഡുയര്‍ത്തി. ബോക്‌സിനുള്ളിലേക്ക് ഹുസൈന്‍ നീട്ടിയടിച്ച പന്തില്‍ ജര്‍മെയ്‌ന്റെ ഇടങ്കാലന്‍ ഷോട്ട് ഡല്‍ഹി ഗോളിയെ നിസ്സഹായനാക്കി (3-1). സീസണില്‍ മികച്ച ഫോം പുലര്‍ത്തിയ ജെര്‍മെയ്‌ന്റെ ആറാമത്തെ ഗോ ള്‍ കൂടിയായിരുന്നു ഇത്. തൊട്ടടുത്ത നിമിഷം തന്നെ വീണ്ടും ഡല്‍ഹിയുടെ ഗോളെത്തി.

മാല്‍സ്‌വാം തുലുങ്കയില്‍ നിന്നും ബോക്‌സിനുളളിലേക്ക് പറന്നെത്തിയ പന്ത് ആദില്‍ നബിയുടെ മനോഹര ഹെഡര്‍ കേരള വലയില്‍ പതിച്ചു (3-2). തൊട്ടടുത്ത നിമിഷം തന്നെ മലൂദയിലൂടെ ഡല്‍ഹിക്കു ഒപ്പമെത്താനുള്ള അവസരം ലഭിച്ചെങ്കിലും പാഴായി. ഇരുടീമുകളുടേയും ആക്രമണ പ്രത്യാക്രമണങ്ങളോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. എന്നാല്‍ ഗോളൊഴിഞ്ഞു നിന്നതിനാല്‍ കേരളം വിജയിച്ചുവെന്നു ഉറപ്പിച്ച നിമിഷത്തിലാണ് 90-ാം മിനിറ്റില്‍ സഹനാജ് സിങിന്റെ ഇടിത്തീ കേരള പോസ്റ്റില്‍ പതിച്ചത്. സമനിലയോടെ 13 പോയിന്റുമായി പട്ടികയില്‍ മുംബൈയെ പിന്തള്ളി ഏഴാം സ്ഥാനത്തേക്ക് കയറാനും കേരളത്തിന് കഴിഞ്ഞു.
Next Story

RELATED STORIES

Share it