Sports

ബ്ലാസ്റ്റേഴ്‌സിന് ഇസുമി 'ഇഞ്ചുറി'

ബ്ലാസ്റ്റേഴ്‌സിന് ഇസുമി ഇഞ്ചുറി
X
sekkondhumme

കൊച്ചി: ഐഎസ്എല്ലില്‍ മുന്നേറാമെന്നുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങള്‍ക്കു മേല്‍ കനത്ത ആഘാതമേല്‍പ്പിച്ചത്. ഇഞ്ചുറിടൈമില്‍ ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ ആറാറ്റ ഇസുമിയാണ് മഞ്ഞപ്പടയുടെ അന്തകനായി കൊല്‍ക്കത്തയുടെ വിജയഗോള്‍ നിറയൊഴിച്ചത്.
മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ കൊല്‍ക്കത്ത അടിയറവ് പറയിക്കുകയായിരുന്നു. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിഫൈനല്‍ മോഹങ്ങളും തുലാസിലായി. എന്നാല്‍, വിജയത്തോടെ കൊല്‍ക്കത്ത സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഇരട്ട ഗോളുകളുമായി ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ആന്റോണിയോ ജെര്‍മന്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ഫൈനല്‍ വിസിലിനായി റഫറി വിസില്‍ ചുണ്ടില്‍ വച്ച സമയത്ത് ഇസുമി മഞ്ഞപ്പടയെ ഞെട്ടിക്കുകയായിരുന്നു.
90 മിനിറ്റിനു ശേഷം അനുവദിച്ച മൂന്നാം മിനിറ്റിലായിരുന്നു ഇസുമിയിലൂടെ കൊല്‍ക്കത്ത വിജയഗോള്‍ നേടിയത്. ഗോള്‍ വീണ് സെക്കന്‍ഡുകള്‍ക്കകം റഫറി ഫൈനല്‍ വിസില്‍ വിളിക്കുകയും ചെയ്തു. പ്രഥമ ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടത്തിലും കൊല്‍ക്കത്തയ്‌ക്കെതിരേ ബ്ലാസ്‌റ്റേഴ്‌സിന് സമാനമായ അനുഭവമാണുണ്ടായത്. അന്ന് ഫൈനല്‍ വിസിലിന് മുമ്പ് വഴങ്ങിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സിന് കിരീടം നഷ്ടമായത്.
66ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയാണ് ഇസുമി മഞ്ഞപ്പടയുടെ അന്തകനായും കൊല്‍ക്കത്തയുടെ ഹീറോയായും മാറിയത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ വീഴ്ചയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. സമീജ് ഡൗട്ടി നല്‍കിയ പാസ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കാഴ്ചക്കാരെ പോലെ നോക്കി നിന്നപ്പോള്‍ ഇസുമി അനായാസം പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
കളിയില്‍ ഇസുമി ഇരട്ട ഗോള്‍ നേടുകയും ചെയ്തു. 84ാം മിനിറ്റിലായിരുന്നു ഇസുമിയുടെ ആദ്യത്തെ ഗോള്‍. നല്ലപ്പന്‍ മോഹന്‍രാജാണ് (29ാം മിനിറ്റ്) കൊല്‍ക്കത്തയുടെ മറ്റൊരു സ്‌കോറര്‍. 42, 85 മിനിറ്റുകളിലാണ് ജെര്‍മന്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ലക്ഷ്യംകണ്ടത്.
കളിയില്‍ പന്തടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു നേരിയ മുന്‍തൂക്കമെങ്കില്‍ ആക്രമിച്ചു കളിക്കുന്നതില്‍ കൊല്‍ക്കത്ത ഒരുപടി മുന്നില്‍ നിന്നു. ടൂര്‍ണമെന്റില്‍ അഞ്ചാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍, ജയത്തോടെ രണ്ട് സ്ഥാനങ്ങള്‍ കയറിയ കൊല്‍ക്കത്ത പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി.
Next Story

RELATED STORIES

Share it