World

ബ്രെക്‌സിറ്റിനെ തള്ളി പുതിയ ഹിതപരിശോധനയ്ക്ക് ആവശ്യം; 10ലക്ഷത്തിലധികം പേര്‍ പിന്തുണച്ചു

ലണ്ടന്‍: ബ്രെക്‌സിറ്റ് ഫലത്തെത്തുടര്‍ന്ന് ബ്രിട്ടനില്‍ യൂറോപ്യന്‍ യൂനിയനുമായി ബന്ധപ്പെട്ട പുതിയ ഹിതപരിശോധനയ്ക്ക് ആവശ്യം.
ബ്രിട്ടിഷ് സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും വെബ്‌സൈറ്റുകളിലാണ് പുതിയ ഹിതപരിശോധനയ്ക്കാവശ്യപ്പെട്ട് 10ലക്ഷത്തിലധികം പേര്‍ ഒപ്പുവച്ച അപേക്ഷ സമര്‍പ്പിച്ചത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 72.2 ശതമാനം വോട്ടര്‍മാരായിരുന്നു പങ്കെടുത്തത്.
ഇതില്‍ 51.9 ശതമാനം യൂറോപ്യന്‍ യൂനിയന്‍ വിടണമെന്നും 48.1 ശതമാനം യൂനിയനില്‍ തുടരണമെന്നും ആവശ്യപ്പെടുകയായിരുന്നു. 75 ശതമാനത്തില്‍ കുറവ് വോട്ടര്‍മാര്‍ പങ്കാളിയായ ഹിതപരിശോധനയിലെ 60 ശതമാനത്തില്‍ താഴെമാത്രം പിന്തുണ ലഭിച്ച ബ്രെക്‌സിറ്റ് വിധിയെഴുത്തിനെ തള്ളിക്കളയാന്‍ പരാതിക്കാര്‍ ആവശ്യപ്പെട്ടു.
ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരുലക്ഷത്തിലധികം പേര്‍ ഒപ്പുവച്ച നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് പരിഗണിക്കണമെന്നാണു നിയമം. ഈ പരിധിയുടെ പത്തിരട്ടിയിലധികം പിന്തുണയാണ് പുതിയ പരാതിക്കു ലഭിച്ചത്. പരാതി സഭയില്‍ പരിഗണിക്കണോ എന്നു പരിശോധിക്കുന്ന പാര്‍ലമെന്റ് പരാതി സമിതി ചൊവ്വാഴ്ചയാണ് അടുത്ത യോഗം ചേരുക.
പരാതിയില്‍ ഒപ്പുരേഖപ്പെടുത്താനെത്തിയവരുടെ തിരക്കുകാരണം വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം കഴിഞ്ഞദിവസം താല്‍ക്കാലികമായി നിലച്ചതായി ഹൗസ് ഓഫ് കോമണ്‍സ് വക്താവ് അറിയിച്ചു.
നഗരങ്ങളില്‍ നിന്നുള്ളവരാണ് പുതിയ ഹിതപരിശോധനയെ പിന്തുണയ്ക്കുന്നവരില്‍ ഭൂരിപക്ഷവും. ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത് ലണ്ടനില്‍ നിന്നുള്ളവരാണ്. ബ്രെക്‌സിറ്റില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന ആവശ്യത്തിനു കൂടുതല്‍ പിന്തുണ ലഭിച്ചത് നഗരവാസികളില്‍ നിന്നായിരുന്നു. സര്‍വകലാശാലാ വിദ്യാഭ്യാസം നേടിയവരില്‍ വലിയ വിഭാഗം യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ പിന്തുണച്ചപ്പോള്‍ വിദ്യാഭ്യാസയോഗ്യത കുറഞ്ഞവരില്‍ ഭൂരിപക്ഷവും പുറത്തുപോവുന്നതിനെ അനുകൂലിച്ചു.
Next Story

RELATED STORIES

Share it