ബ്രിട്ടിഷ് പ്രഫസര്‍മാര്‍ ഇസ്രായേലിനെ ബഹിഷ്‌കരിക്കും

ലണ്ടന്‍: ഇസ്രായേലിനെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി ബ്രിട്ടനില്‍ നിന്നുള്ള 300ലധികം വിദ്യാഭ്യാസ വിദഗ്ധര്‍. സര്‍വകലാശാലകളടക്കമുള്ള 72 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 343 പ്രഫസര്‍മാരാണ് ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഇസ്രായേലി വിദ്യാലയങ്ങളുമായുള്ള സഹകരണം നിര്‍ത്തിവയ്ക്കും.
ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരേ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് നടപടിയെന്നു പ്രഫസര്‍മാര്‍ അറിയിച്ചു. ഫലസ്തീന്‍ ജനതക്കുനേരെ ഇസ്രായേല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നു. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതിന് ഇന്നത്തെ സാഹചര്യത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്നു പ്രസ്താവനയില്‍ പറഞ്ഞു.
അഞ്ചുവര്‍ഷം മുമ്പു തന്നെ ഇത്തരമൊരു ബഹിഷ്‌കരണം നടത്തേണ്ടതായിരുന്നുവെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സ് പ്രഫസര്‍ ജൊനാഥന്‍ റോസെന്‍ഹെഡ് പറഞ്ഞു. വ്യക്തിപരമായി ഇസ്രായേലിന്റെ നയങ്ങളെ പലരും വിമര്‍ശിക്കുന്നുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിനോട് എതിര്‍പ്പു പുലര്‍ത്തുന്നുമുണ്ട്. പക്ഷേ ഇക്കാര്യം ഒരു രാഷ്ട്രീയ പ്രസ്താവനയായി ഇതുവരെ അവതരിപ്പിക്കാന്‍ പറ്റിയിരുന്നില്ല. ഇസ്രായേലിനെതിരേ കൂടുതല്‍ പ്രഫസര്‍മാര്‍ പരസ്യമായ നിലപാടെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും റോസെന്‍ഹെഡ് പറഞ്ഞു. ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നതിനായി അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന പ്രചാരണങ്ങളുടെ ഭാഗമായാണ് പ്രഫസര്‍മാരുടെ നടപടി.
Next Story

RELATED STORIES

Share it