Editorial

ബ്രിട്ടന്റെ ഭാവി; യൂറോപ്പിന്റെയും

യൂറോപ്യന്‍ യൂനിയനില്‍ തുടരണോ അതോ വിട്ടുപോരണോ എന്ന വിഷയത്തെക്കുറിച്ച് ബ്രിട്ടന്‍ ഈ വ്യാഴാഴ്ച ഹിതപരിശോധന നടത്താനിരിക്കുകയാണ്. ബ്രിട്ടനിലെ പൊതുജനാഭിപ്രായം ഇക്കാര്യത്തില്‍ കടുത്ത ഭിന്നതകളെ നേരിടുകയാണ്. ഭിന്നതകള്‍ അക്രമത്തിന്റെ തലത്തിലേക്കു കടന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ലേബര്‍ പാര്‍ട്ടി എംപിയായ ജോ കോക്‌സ് കൊല്ലപ്പെട്ട സംഭവം.
ജോ കോക്‌സ് യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ തുടരണം എന്ന അഭിപ്രായം പ്രകടിപ്പിച്ചുവന്ന രാഷ്ട്രീയനേതാവായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധമേഖലയിലടക്കം സന്നദ്ധപ്രവര്‍ത്തകയായി സേവനമനുഷ്ഠിച്ചയാളാണ് 41കാരിയായ ഈ മാതാവ്. ലോകം സംഘര്‍ഷഭരിതമാണെന്നും ഒരുപാടു നാടുകളില്‍നിന്ന് അശരണരായ ജനങ്ങള്‍ പലായനം ചെയ്യുകയാണെന്നും ബ്രിട്ടനും യൂറോപ്പിനും ഈ സന്ദിഗ്ധാവസ്ഥയില്‍ സ്വന്തം വാതിലുകള്‍ കൊട്ടിയടച്ച് കഴിയാനാവുകയില്ലെന്നും അവര്‍ വിശ്വസിച്ചു. അതിനാല്‍ ലോകത്തിന്റെ നിലവിളികള്‍ക്ക് ബ്രിട്ടിഷ് ജനതയും ചെവികൊടുക്കണം. അഭയാര്‍ഥി പ്രതിസന്ധിയില്‍ വലയുന്ന യൂറോപ്പിന്റെ ഭാഗമായി നിന്നുകൊണ്ട് പ്രശ്‌നങ്ങളുടെ പരിഹാരത്തിനു ശ്രമിക്കണം.
എന്നാല്‍, യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി അടക്കമുള്ള തീവ്ര വലതുപക്ഷ കക്ഷികള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുപോവണം എന്ന അഭിപ്രായക്കാരാണ്. ഭരണകക്ഷിയായ യാഥാസ്ഥിതിക പാര്‍ട്ടിയിലും അത്തരം നിലപാടുകാര്‍ ധാരാളമുണ്ട്. നേരത്തേ ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാതിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സമീപവേളയിലാണ് ഇയു അംഗത്വത്തിന് അനുകൂലമായ സമീപനം സ്വീകരിക്കാന്‍ തുടങ്ങിയത്. ചുരുക്കത്തില്‍ ഇയു അംഗത്വം തുടരണോ വേണ്ടയോ എന്ന കാര്യത്തിലുള്ള ഭിന്നതകള്‍ സമൂഹത്തെ ആഴത്തില്‍ കീറിമുറിക്കുകയാണ്.
ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ലോകരംഗത്തെ അതിന്റെ പദവി നിലനിര്‍ത്തുന്നതിനും ഇയു അംഗത്വം തുടരുകയാണു നല്ലത് എന്ന അഭിപ്രായമാണ് പൊതുവിലുള്ളത്. ബ്രിട്ടനിലേക്ക് ഒഴുകിവരുന്ന ജനങ്ങളില്‍ ഒരു വലിയ പങ്ക് അവരുടെ തൊഴില്‍രംഗത്ത് വലിയ മുതല്‍ക്കൂട്ടാണ്. പുറത്തുനിന്നു വരുന്ന കൂട്ടര്‍ ആ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ സംഭാവന നല്‍കുന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, വര്‍ധിച്ചുവരുന്ന അഭയാര്‍ഥിപ്രവാഹവും അതുണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങളും വലതുപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് എരിതീയില്‍ എണ്ണയൊഴിക്കാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ ബ്രിട്ടന്റെ സുരക്ഷയ്ക്കു ഭീഷണിയാണ് എന്ന മട്ടിലുള്ള പ്രചാരവേലയാണ് അവര്‍ സംഘടിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ പശ്ചിമേഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നും പ്രതിവര്‍ഷം 30 ലക്ഷം വരെ അഭയാര്‍ഥികള്‍ ബ്രിട്ടനിലെത്തും എന്നാണ് ചിലര്‍ പറയുന്നത്. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ബ്രിട്ടന്‍ സ്വന്തം വഴി നോക്കിപ്പോവുന്നു എന്നു പറഞ്ഞാല്‍ അത് കടുത്ത പ്രതിസന്ധികളുണ്ടാക്കും. ചുരുക്കത്തില്‍ ഹിതപരിശോധന ബ്രിട്ടന്റെ ഭാവിയെ സംബന്ധിച്ച് മാത്രമല്ല, യൂറോപ്പിന്റെ ഭാവിയെ സംബന്ധിച്ചുകൂടി നിര്‍ണായകമാണ്.
Next Story

RELATED STORIES

Share it