ബ്രിട്ടനില്‍ കുട്ടികള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപോര്‍ട്ട്. ലണ്ടനില്‍ ഈ വര്‍ഷം ഇതുവരെ ഇത്തരം 60 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതായി മെട്രോപൊളിറ്റന്‍ പോലിസ് അറിയിച്ചു. ബി.ബി.സി. പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയാണിത്. 2013ല്‍ 23ഉും 2014ല്‍ 46ഉം കേസുകളാണ് ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. വിശ്വാസത്തിന്റെ ദുരുപയോഗമാണിവിടെ നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു കൂടുതലും ഇരകളാവുന്നത് കുട്ടികളാണെന്നു ബി.ബി.സി. റിപോര്‍ട്ട് വ്യക്തമാക്കുന്നു.

പകുതിയിലധികം പോലിസുകാരും ഇത്തരത്തിലുള്ള കേസുകള്‍ രേഖപ്പെടുത്താതിരിക്കാന്‍ നിര്‍ബന്ധിതരാവുന്നതായും കേസുകളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയാറില്ലെന്നും ബി.ബി.സി. റിപോര്‍ട്ട് ചെയ്യുന്നു. ഈ വിഭാഗത്തില്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലവും മറ്റും കണ്ടെത്തി ശക്തമായ നടപടികളെടുക്കാന്‍ പോലിസ് തയ്യാറാവണമെന്നു കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന എന്‍.എസ്.പി.സി.സി. എന്ന സംഘടന ആവശ്യപ്പെട്ടു. ലണ്ടനില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി 'പ്രൊജക്റ്റ് വയലറ്റ്' എന്ന പേരില്‍ പ്രത്യേക പോലിസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സംഘടന കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it