ബ്രാഹ്മണ മേല്‍ക്കോയ്മയുടെ രാഷ്ട്രീയം

ബ്രിജ് രഞ്ജന്‍ മണി

ദലിത്-ബഹുജന്‍-നവീന ഇടതുപക്ഷ വിദ്യാര്‍ഥികളില്‍ കണ്ട ഐക്യമാണ് സംഘപരിവാരത്തെ പരിഭ്രമിപ്പിക്കുന്നത്. ഇടതുപക്ഷ വിദ്യാര്‍ഥികളെ വിദേശ പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ എന്നാക്ഷേപിക്കുക എളുപ്പമാണ്. എന്നാല്‍, അംബേദ്കര്‍-ഫുലേ വാദികളെ അങ്ങനെ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പുറത്തുചാടുക തങ്ങളുടെ ബ്രാഹ്മണരാഷ്ട്രീയം തന്നെയാവും.
സര്‍വകലാശാലകളില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണം നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്കുമെതിരായ പ്രതിഷേധം മാത്രമല്ല, പുതിയൊരു സാമൂഹിക ജനാധിപത്യക്രമത്തിനുവേണ്ടിയുള്ള ആഹ്വാനം കൂടിയാണത്. ആസാദി എന്ന അവരുടെ മുദ്രാവാക്യം ജാതി-വര്‍ഗ മേധാവിത്വം, ഫ്യൂഡലിസം, ബ്രാഹ്മണിസം, മുതലാളിത്തം എന്നിവയില്‍നിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഹ്വാനമാണ്. ഈ മഴവില്‍സഖ്യം ഭരണകൂടത്തെ നന്നായി ഭയപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ സംഘപരിവാര ദേശീയത വിദേശികളെയല്ല ശത്രുക്കളായി കാണുന്നത്. ബ്രാഹ്മണിസവും ദേശീയതയും ഒന്നാണെന്ന വാദത്തെ എതിര്‍ക്കുന്നവരൊക്കെ അവരുടെ എതിരാളികളാണ്. ഹിന്ദുത്വരുടെ അകത്തെ ശത്രുക്കളാണവര്‍.
എന്തോ മഹാദുരന്തം വരാന്‍പോവുന്നുവെന്നും മുസ്‌ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ് കുതന്ത്രങ്ങള്‍ കാരണം ഹിന്ദു ഇന്ത്യ പൊട്ടിത്തകരാന്‍ പോവുന്നുവെന്നുമുള്ള പ്രചാരണം ആര്‍എസ്എസ് മുമ്പ് ഉപയോഗിച്ച ഒരു കുതന്ത്രമാണ്. യഥാര്‍ഥത്തില്‍ അവരുടെ രാഷ്ട്രീയം ബ്രാഹ്മണ മേല്‍ക്കോയ്മയ്ക്കു ചുറ്റുമാണു കറങ്ങുന്നത്. അതിനെതിരേ നവജാഗരണങ്ങള്‍ ഉണ്ടാവുമ്പോള്‍ അവര്‍ പുതിയ കുതന്ത്രങ്ങളുമായി വരും. ആര്‍എസ്എസ് ഉടലെടുക്കുന്നത് അംബേദ്കറും ഫുലേയും ജനിച്ച നാട്ടില്‍ തന്നെയാണ് എന്നത് യാദൃച്ഛികതയല്ല. ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്ഗവാറിന്റെ ജീവചരിത്രമെഴുതിയ സി പി ഭിസ്‌കീക്കര്‍ ആര്‍എസ്എസ് രൂപീകരിക്കാനുള്ള പ്രധാന പ്രേരകം 'മുസ്‌ലിം ഭീഷണി'ക്ക് പുറമേ 1870കളില്‍ ജ്യോതിബാ ഫുലേയുടെ നേതൃത്വത്തില്‍ ബ്രാഹ്മണിസത്തിനെതിരായി ഉയര്‍ന്നുവന്ന പ്രസ്ഥാനമാണെന്നു രേഖപ്പെടുത്തുന്നു. ഫുലേയുടെ സത്യശോധക് സമാജ് പ്രചരിപ്പിച്ച ജാതിവിരുദ്ധ ആശയങ്ങള്‍ ദലിത്-ബഹുജന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമായ സ്വാധീനം നേടിവരുന്നുണ്ടായിരുന്നു. 1920കള്‍ ആയതോടെ അംബേദ്കറുടെ നേതൃത്വത്തില്‍ ദലിതര്‍ സംഘടിക്കാന്‍ തുടങ്ങി. 1920ല്‍ അംബേദ്കര്‍ നാഗ്പൂരിലാണ് അഖിലേന്ത്യാ അധ:കൃതവര്‍ഗ സമ്മേളനം വിളിച്ചുകൂട്ടിയത്.
ഇപ്പോള്‍ സംഘപരിവാരം അംബേദ്കറെയും ഫുലേയെയും ഹിന്ദു വിപ്ലവകാരികളായി ആദരിക്കുന്നത് ദലിത്-ബഹുജനങ്ങളെ കബളിപ്പിക്കാനാണ്. ഈയിടെ നരേന്ദ്രമോദി താന്‍ അംബേദ്കര്‍ ആരാധകനാണെന്നു പറയാനായി വല്ലാതെ വളഞ്ഞുപുളയുന്നത് നാം കണ്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് ഫുലേക്ക് ഭാരതരത്‌നം നല്‍കണമെന്നാവശ്യപ്പെട്ടു. ദുഷിച്ച കാപട്യമാണ് രണ്ടിലുമുണ്ടായിരുന്നത്. അംബേദ്കറെയും ഫുലേയെയുമറിയുന്നവര്‍ക്ക് അവര്‍ ബ്രാഹ്മണ-ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പൂര്‍ണമായി തിരസ്‌കരിച്ചവരാണെന്നു നന്നായറിയാം. കൊളോണിയലിസത്തിന്റെ ഏറ്റവും ഹീനമായ രൂപമാണ് ബ്രാഹ്മണിസമെന്ന് ഇരുവരും കരുതി. വ്യാജ മതംകൊണ്ടും വ്യാജ പ്രത്യയശാസ്ത്രംകൊണ്ടും ഹിന്ദുത്വവാദികള്‍ ദലിത്-ബഹുജന്‍ വിഭാഗങ്ങളെയും സ്ത്രീകളെയും അടിച്ചമര്‍ത്തുകയാണെന്ന് എല്ലാവരും വാദിച്ചു. സംഘപരിവാരം അംബേദ്കറെയും ഫുലേയെയും എക്കാലത്തും എതിര്‍ക്കുകയായിരുന്നു. ആര്‍എസ്എസ് നേതാക്കള്‍ ഫുലേയെ ശൂദ്രന്‍ എന്നാക്ഷേപിച്ചു. അംബേദ്കര്‍ ഇന്ത്യക്ക് വിരുദ്ധമായ ഭരണഘടനയാണുണ്ടാക്കിയതെന്ന് അധിക്ഷേപിച്ചു.
ഇരുവരും പറഞ്ഞതിനു വിപരീതമായി ആര്‍എസ്എസ് വര്‍ണാശ്രമധര്‍മം ജാതിവിവേചനം നടത്തുന്നില്ലെന്നു വാദിക്കുന്നു. അതേയവസരം ദലിത്-ബഹുജന്‍ പ്രക്ഷോഭം വിഭാഗീയവും ദേശവിരുദ്ധവുമാണെന്നു പ്രചരിപ്പിക്കുന്നു. അവരുടെ ഹിന്ദുധര്‍മം, ഹിന്ദുസംസ്‌കാരം, ഹിന്ദുപാരമ്പര്യം എന്നീ പദങ്ങള്‍ക്കടിയില്‍ വര്‍ണാശ്രമധര്‍മത്തിന്റെ രക്ഷ ഒളിഞ്ഞിരിക്കുന്നുണ്ട്. ആര്‍എസ്എസ് മേധാവിയായിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് ലോകത്തിലെ ആദ്യത്തെ, ഏറ്റവും മഹാനായ നിയമദാതാവാണ് മനു എന്നാണ്. ബ്രാഹ്മണരുടെ പാദങ്ങള്‍ക്കരികിലിരുന്ന് ഓരോ ജാതിയും തങ്ങളുടെ ധര്‍മമെന്തെന്നറിയാന്‍ മനു പഠിപ്പിച്ചെന്നും ഗോള്‍വാള്‍ക്കര്‍ എഴുതുന്നു. ജനാധിപത്യം ഇന്ത്യക്ക് ചേര്‍ന്നതല്ലെന്നും ജനാധിപത്യവും ഹിന്ദുത്വവും ഒരുമിച്ചുപോവില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു. ജാതിക്കെതിരായ ആര്‍എസ്എസിന്റെ സമരം കപടമാണ്. അക്രമാസക്തമായ രാഷ്ട്രീയത്തിലൂടെ മുസ്‌ലിം എന്ന അപരനെ ചൂണ്ടിക്കാണിച്ച് ഹിന്ദു ഐക്യം സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരേയവസരം ദലിത്-ബഹുജന്‍ വിഭാഗത്തെ നുകത്തിനു താഴെ നിര്‍ത്താമെന്നും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മറ്റു പരദേശികളെയും ആക്രമിക്കാമെന്നും അവര്‍ കരുതുന്നു.
ആര്‍എസ്എസിന്റെ സ്ഥാപകരൊക്കെ ബ്രാഹ്മണരായിരുന്നു- ഹെഡ്ഗവാര്‍, മുന്‍ജെ, പരഞ്ജ്‌പെ, താല്‍ക്കര്‍, ബാബുറാവു സവര്‍ക്കര്‍ അങ്ങനെയെല്ലാവരും. ബി എസ് മുന്‍ജെ തന്റെ ഡയറിയില്‍ കുറിച്ചത് ആര്‍എസ്എസ് ബ്രാഹ്മണ യുവാക്കളുടെ സംഘടനയാണെന്നാണ്. ആര്‍എസ്എസ് ആദരിക്കുന്ന ബാലഗംഗാധരതിലക്, ശ്യാമപ്രസാദ് മുഖര്‍ജി, ദീന്‍ ദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരും ബ്രാഹ്മണര്‍ തന്നെ. ഹിന്ദു ഐക്യത്തിനു വേണ്ടി ശ്രമിക്കുന്നവരുടെ കാപട്യം മണ്ഡല്‍ പ്രക്ഷോഭകാലത്ത് തെളിഞ്ഞുവന്നു. മണ്ഡലിനെതിരേ തങ്ങള്‍ കമണ്ഡലുവെടുത്തുവെന്നു ബാബരി മസ്ജിദ് തകര്‍ക്കാനുള്ള പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്ത അഡ്വാനി പറഞ്ഞപ്പോള്‍ സംഘപരിവാരത്തിലെ ഒരു ഒബിസി നേതാവും ഒന്നുമുരിയാടിയില്ല. മായാവതി പറഞ്ഞപോലെ അവര്‍ ആര്‍എസ്എസിന്റെ അടിമവേലക്കാരായിരുന്നു. ഇപ്പോഴത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സംവരണനയം പുനപ്പരിശോധിക്കണമെന്നു പറഞ്ഞപ്പോഴും മൗനികളായിരുന്നു അവര്‍.
രാഷ്ട്രം ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളോട് കാണിക്കുന്ന വിവേചനമാണു സര്‍വകലാശാലകളില്‍ പ്രക്ഷോഭമായി വളരുന്നത് എന്നും നാം കണ്ടു. കോണ്‍ഗ്രസ് വിവേചനത്തോട് നിസ്സംഗത കാണിച്ചപ്പോള്‍ ബിജെപി വിശുദ്ധ ഹിന്ദുപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു വിവേചനം ആഘോഷിക്കുന്നു. ദേശമെന്നത് അവര്‍ക്ക് ജനങ്ങളല്ല, പൗരത്വമല്ല, മേല്‍ജാതി മേല്‍ക്കോയ്മയാണ്. അത്തരം ആഖ്യാനങ്ങള്‍ കീഴാളവിഭാഗത്തിന്റെ പ്രക്ഷോഭം നിയമസാധുതയില്ലാത്തതെന്നാരോപിച്ച് അടിച്ചമര്‍ത്താന്‍ സഹായിക്കുന്നു. ബ്രിട്ടിഷ് ഭരണകാലത്താണ് പഴയ ബ്രാഹ്മണമതം സൂത്രത്തിലൂടെ ജാതിമേല്‍ക്കോയ്മയുള്ള ദേശീയതയുമായി കൂടിക്കലരുന്നത്. കൂടുതല്‍ ഹീനവും കപടവുമായ രീതിയിലൂടെ ബിജെപി അതു തുടരുന്നു.
മേല്‍ജാതി മേല്‍ക്കോയ്മ തന്നെയാണ് കോണ്‍ഗ്രസ്സിലും ബിജെപിയിലും കാണുന്നതെങ്കിലും രണ്ടും തമ്മില്‍ അടിസ്ഥാനപരമായ അന്തരങ്ങളുണ്ട്. കോണ്‍ഗ്രസ്സിന്റെ കേന്ദ്ര അജണ്ട ബ്രാഹ്മണിസമോ സാംസ്‌കാരികമായ മൗലികവാദമോ വെറുപ്പിന്റെ രാഷ്ട്രീയമോ അല്ല. ചെറിയ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി അത് ചിലപ്പോള്‍ ഇത്തരം അപകടകരമായ ആശയങ്ങളുമായി ശൃംഗരിക്കാന്‍ നോക്കിയെന്നുവരും. എന്നാല്‍, അത് ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയാണ്. ബിജെപിയാവട്ടെ മുന്‍ സ്ഥിതി പുനസ്ഥാപിക്കണമെന്നാഗ്രഹിക്കുന്ന ഫാഷിസ്റ്റ് അച്ചുതണ്ടും. ശിവസേനയും ഉവൈസിയുടെ മജ്‌ലിസും ഒഴിച്ചാല്‍ ഇന്ത്യയിലെ മിക്ക പാര്‍ട്ടികളും കോണ്‍ഗ്രസ് പോലെയാണ്. അഴിമതി നിറഞ്ഞതും കുടുംബരാഷ്ട്രീയം പയറ്റുന്നതുമാണെങ്കിലും അവയൊന്നും പൂര്‍ണമായി വര്‍ഗീയമല്ല. ബിജെപി നേരെമറിച്ചാണ്. മാറ്റമില്ലാത്ത ഇന്ത്യയാണ് അവര്‍ക്കു വേണ്ടത്. ആര്‍എസ്എസിന്റെ സര്‍കാര്യവാഹ് ബയ്യാജി ജോഷി മാറ്റമില്ലാത്ത ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് ഈയിടെയാണു പറഞ്ഞത്. അസമത്വത്തിന്റെയും ജാതിമേല്‍ക്കോയ്മയുടെയും ബ്രാഹ്മണിസത്തിന്റെയും ഇന്ത്യയാണത്. ജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രമാണത്. മാര്‍ട്ടിന്‍ നീമൊള്ളറുടെ പ്രസിദ്ധമായ കവിതയെ അനുകരിച്ച് ഞാന്‍ മുമ്പെഴുതി: അവര്‍ ലൗ ജിഹാദിനു പ്രതികാരം ചെയ്യാന്‍ വന്നു. ഞാനൊന്നും പറഞ്ഞില്ല. കാരണം, ഞാന്‍ മുസ്‌ലിമായിരുന്നില്ല. പിന്നെയവര്‍ ഘര്‍വാപസിക്കായി വന്നു. ഞാനൊന്നും പറഞ്ഞില്ല. കാരണം, ഞാന്‍ ക്രിസ്ത്യാനിയായിരുന്നില്ല. പിന്നെയവര്‍ സിഖുകാരെ കാവിയണിയിക്കാന്‍ വന്നു. ഞാനൊന്നും പറഞ്ഞില്ല. കാരണം, ഞാന്‍ സിഖുകാരനായിരുന്നില്ല. പിന്നെ അവര്‍ ദലിതുകളെ അംബേദ്കറില്‍നിന്നു മോചിപ്പിക്കാന്‍ വന്നു. ഞാനൊന്നും പറഞ്ഞില്ല. കാരണം, ഞാന്‍ ദലിതനായിരുന്നില്ല. പിന്നെയവര്‍ ആദിവാസികളെ ശുദ്ധീകരിക്കാന്‍ വന്നു. ഞാനൊന്നും പറഞ്ഞില്ല. കാരണം, ഞാന്‍ ആദിവാസിയായിരുന്നില്ല. അങ്ങനെ മുസ്‌ലിമും ക്രിസ്ത്യാനിയും സിഖുകാരനും ദലിതനും ആദിവാസിയും പിന്നാക്കജാതിയും ചേര്‍ന്ന ഭൂരിപക്ഷം ജയിലിലായി. പിന്നെ നാഗ്പൂരില്‍ നിയാണ്ടര്‍ താലിന്റെ ഭരണം.
ഇന്ദ്രജാലവും നിഗൂഢതയും ചേര്‍ന്ന പുതിയ തന്ത്രങ്ങളുമായിട്ടാണ് സംഘപരിവാരം ഇപ്പോള്‍ വരുന്നത്. വന്ദേമാതരവും ഭാരത് മാതായും ഗുരുകുല വിദ്യാഭ്യാസവും സംസ്‌കൃതപഠനവും വേദഗണിതവുമൊക്കെ സൂത്രങ്ങളാണ്. അവ പരാജയപ്പെടുമ്പോള്‍ അവര്‍ കൂടുതല്‍ വൃത്തിഹീനമായ പദ്ധതികള്‍ നടപ്പാക്കും. എന്നാല്‍, ആധുനികതയുടെയും ജനാധിപത്യത്തിന്റെയും ജിന്ന് പുറത്തുകടന്നാല്‍ ഈ ശക്തികള്‍ക്കു വീണ്ടുമതിനെ കുപ്പിയിലടയ്ക്കാന്‍ പറ്റില്ല. ബ്രാഹ്മണ മേല്‍ക്കോയ്മയുടെ കാലത്തിന് അന്ത്യംകുറിക്കുന്ന സംഭവങ്ങള്‍ക്കു സാക്ഷിയാവുകയാണ് നാമിപ്പോള്‍. കീഴാളവിമോചനത്തിന്റെ നൂറ്റാണ്ടാണിത്.

(അവസാനിച്ചു)

(ഡീ ബ്രാഹ്മണൈസിങ് ഹിസ്റ്ററി എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it