ബ്രസ്സല്‍സ് വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ തിരിച്ചെത്തി

സ്വന്തം  പ്രതിനിധിന്യൂഡല്‍ഹി: ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലെ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ ഇരുനൂറിലേറെ ഇന്ത്യക്കാരെ ആംസ്റ്റര്‍ഡാം വഴി നാട്ടില്‍ തിരിച്ചെത്തിച്ചു. 28 ജീവനക്കാര്‍ ഉള്‍പ്പെടെ 242 പേരുമായി ഇന്നലെ പുലര്‍ച്ചെ 5.10ഓടെയാണ് ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം ഡല്‍ഹിയിലെത്തിയത്. ഇവിടെ 150ഓളം പേരെ ഇറക്കിയശേഷം ശേഷിക്കുന്നവരുമായി വിമാനം മുംബൈയിലേക്ക് തിരിച്ചു. ലഗേജുകളില്ലാതെ ഹാന്‍ഡ് ബാഗുകള്‍ മാത്രമായാണ് മിക്കവരും തിരിച്ചെത്തിയത്. ലഗേജുകള്‍ പിന്നീട് ലഭിക്കും. തന്റെ ലഗേജ് രണ്ടാഴ്ചയ്ക്കകം എത്തിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി മുംബൈയില്‍ ഇറങ്ങിയ യാത്രക്കാരി അഫ്ഷ പറഞ്ഞു. ബ്രസ്സല്‍സിലെ ഇന്ത്യന്‍ എംബസി മുഖേന ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ റോഡ്മാര്‍ഗം എത്തിയതിനുശേഷമാണ് ഇവരുള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്കു തിരിച്ചത്. അമേരിക്കയിലെ ബന്ധുവിനെ സന്ദര്‍ശിച്ച് ബ്രസ്സല്‍സ് വഴി നാട്ടിലേക്കു മടങ്ങിയതായിരുന്നു അഫ്ഷ. വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ വേറെ ചിലരും ഇതുപോലെ അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നും വന്നവരായിരുന്നു. എന്നാല്‍, ആക്രമണത്തിനുശേഷം ഒരുദിവസം കഴിഞ്ഞാണ് എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടതെന്നാണ് യാത്രക്കാരുടെ പരാതി. ചൊവ്വാഴ്ചയാണ് ബ്രസ്സല്‍സില്‍ ഇരട്ടസ്‌ഫോടനമുണ്ടായത്. 34 പേര്‍ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.അതേസമയം, രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ യാത്രക്കാരെ ചെരിപ്പും ബെല്‍റ്റും അഴിച്ച് പരിശോധിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. ബ്രസ്സല്‍സ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, അഹ്മദാബാദ് വിമാനത്താവളങ്ങളിലാണ് സിഐഎസ്എഫും പോലിസും യാത്രക്കാരെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുന്നത്.
Next Story

RELATED STORIES

Share it