ബ്രസ്സല്‍സ് ആക്രമണം; ബെല്‍ജിയം ഗതാഗതമന്ത്രി രാജിവച്ചു

ബ്രസ്സല്‍സ്: ബ്രസ്സല്‍സ് വിമാനത്താവളത്തില്‍ ആക്രമണമുണ്ടായത് മതിയായ സുരക്ഷാസംവിധാനം ഇല്ലാതിരുന്നതിനാലെന്ന ആരോപണത്തെ തുടര്‍ന്ന് ബെല്‍ജിയം ഗതാഗതമന്ത്രി ജാക്വിലിന്‍ ഗളന്‍ദ് രാജി വച്ചു.
2015ല്‍ യൂറോപ്യന്‍ യൂനിയന്‍ അന്വേഷക സമിതി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വിമാനത്താവളത്തില്‍ വേണ്ടത്ര സുരക്ഷാസംവിധാനമില്ലെന്നു ചൂണ്ടിക്കാട്ടിയ രേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് രാജി. ഗതാഗതവകുപ്പ് ഇതിന് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നാണ് ആരോപണം. എന്നാല്‍, താന്‍ റിപോര്‍ട്ട് കണ്ടിരുന്നില്ലെന്നാണ് ജാക്വിലിന്‍ പറയുന്നത്. പ്രതിപക്ഷമാണ് ഇപ്പോള്‍ രേഖകള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സാവെന്‍തെ വിമാനത്താവളത്തിലും രണ്ടു മെട്രോ സ്റ്റേഷനുകളിലുമുണ്ടായ ആക്രമണങ്ങളില്‍ 32 പേര്‍ മരിച്ചിരുന്നു. വിമാനത്താവളത്തിന്റെ സുരക്ഷയുറപ്പാക്കുന്നതില്‍ ഗതാഗതമന്ത്രി ഫണ്ട് അനുവദിച്ചിരുന്നില്ലെന്ന് ബെല്‍ജിയം ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്റ് ലോറന്റ് ലെഡൂക്‌സ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തുടര്‍ന്ന്, അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജാക്വിലിന്റെ രാജി.
Next Story

RELATED STORIES

Share it