ബ്രസ്സല്‍സ് ആക്രമണം; ആദ്യം ലക്ഷ്യമിട്ടത് ഫ്രാന്‍സിനെയെന്ന് മൊഴി ആക്രമണം നടത്താന്‍ പദ്ദതിയിട്ടിരുന്നു

ബ്രസ്സല്‍സ്: ഫ്രാന്‍സില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ബ്രസ്സല്‍സ് ആക്രമണവുമായി ബന്ധപ്പെട്ടു പിടിയിലായ മുഹമ്മദ് അബ്രിനി വിചാരണയ്ക്കിടെ അറിയിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍. ബെല്‍ജിയം തലസ്ഥാനം ബ്രസ്സല്‍സിനു പകരം ഫ്രാന്‍സില്‍ ആക്രമണം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, നവംബറിലെ പാരിസ് ആക്രമണവുമായി ബന്ധമുള്ള അബ്ദുല്‍സലാമിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ആക്രമണം ബ്രസ്സല്‍സിലേക്കു മാറ്റുകയായിരുന്നുവെന്ന് അബ്രിനി പറഞ്ഞു.
നവംബര്‍ 13ന് പാരിസിലുണ്ടായ ആക്രമണത്തില്‍ 130 പേരും കഴിഞ്ഞ മാസം 22നുണ്ടായ ബ്രസ്സല്‍സ് ഇരട്ട ആക്രമണങ്ങളില്‍ 32 പേരുമാണ് കൊല്ലപ്പെട്ടത്. ഇരു ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. അതേസമയം ബ്രസ്സല്‍സ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട തൊപ്പി ധരിച്ച മനുഷ്യന്‍ താനാണെന്ന് അബ്രിനി സമ്മതിച്ചുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ ആക്രമണം നടത്താന്‍ ബോംബുമായെത്തിയ മൂന്നാമത്തെയാള്‍ താനാണെന്ന് ഇയാള്‍ സമ്മതിച്ചതായും റിപോര്‍ട്ടുകളുണ്ട്.
മൊറോക്കോ വംശജനായ ബെല്‍ജിയം സ്വദേശിയാണ് 31കാരനായ അബ്രിനി. അതേസമയം അബ്രിനിയുടെ മൊഴിയില്‍ സംശയമുള്ളതായി രാഷ്ട്രീയ നിരീക്ഷകന്‍ പീറ്റര്‍ വാന്‍ ഒസ്തയേന്‍ പറഞ്ഞു. യഥാര്‍ഥ ആക്രമിയെ രക്ഷിക്കാനാണ് അബ്രിനി ശ്രമിക്കുന്നതെന്നാണ് ഒസ്തയേന്‍ അഭിപ്രായപ്പെട്ടത്.
Next Story

RELATED STORIES

Share it