ബ്രസീല്‍: ലുലയുടെ നിയമനം കോടതി തടഞ്ഞു

ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡാ സില്‍വയുടെ കാബിനറ്റ് പദവിയുള്ള സര്‍ക്കാര്‍ നിയമനം സുപ്രിംകോടതി സസ്‌പെന്‍ഡ് ചെയ്തു. അഴിമതിയാരോപണത്തില്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.
ലുലയെയും അദ്ദേഹത്തിന്റെ വിശ്വസ്തയായ നിലവിലെ പ്രസിഡന്റ് ദില്‍മ റൗസേഫിനെയും പിന്തുണച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയതിനു പിന്നാലെയാണ് ജസ്റ്റിസ് ഗില്‍മെര്‍ മെന്‍ഡെസ് ഉത്തരവിറക്കിയത്. ദില്‍മ റൗസേഫിന്റെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചകളില്‍ ലക്ഷങ്ങള്‍ തെരുവുകള്‍ കീഴടക്കിയിരുന്നു. അന്വേഷണം നടത്തണമെന്ന കീഴ്‌ക്കോടതി ഉത്തരവില്‍നിന്നു ലുലയെ രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ നീക്കത്തിനു പിന്നിലെന്നു വ്യക്തമാണെന്നു കോടതി ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പെട്രോബ്രാസുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി രണ്ടാഴ്ച മുമ്പ് ലുലയെ കസ്റ്റഡിയിലെടുത്തിരുന്നു. കോടതിവിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it