World

ബ്രസീല്‍: റൂസഫിനെതിരായ കുറ്റവിചാരണയ്ക്ക് പാര്‍ലമെന്റ് അധോസഭ അനുകൂലം

ബ്രസീലിയ: പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ കുറ്റവിചാരണയെ അനുകൂലിച്ച് ബ്രസീല്‍ പാര്‍ലമെന്റിന്റെ അധോസഭ. കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പില്‍ 513 അംഗസഭയില്‍ കുറ്റവിചാരണയ്ക്കനുകൂലമായി 342 പേര്‍ വോട്ടു രേഖപ്പെടുത്തിയതായാണ് വിവരം. ഏതാനും അംഗങ്ങള്‍ കൂടി വോട്ട് രേഖപ്പെടുത്താനുണ്ട്.
സഭയിലെ മൂന്നില്‍ രണ്ടിലധികം അംഗങ്ങളുടെ വോട്ടുകളും കുറ്റവിചാരണയെ അനുകൂലിച്ചായതോടെ വിഷയം ഉപരിസഭയായ സെനറ്റിന്റെ പരിഗണനയിലേക്കുമാറി.
മെയ് മാസത്തിലാവും സെനറ്റിലും കേവല ഭൂരിപക്ഷം നേടാനായാല്‍ റൂസഫിനെതിരായ കുറ്റവിചാരണാ നടപടികള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി റൂസഫിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കുകയും വൈസ് പ്രസിഡന്റ് മിഷേല്‍ തെമറിന് ചുമതല നല്‍കുകയും ചെയ്യും. തുടര്‍ന്ന്, 180 ദിവസത്തെ സമയപരിധിക്കുള്ളില്‍ റൂസഫിനെതിരായ വിചാരണ സെനറ്റ് പൂര്‍ത്തിയാക്കണം.
ഒരു മാസത്തിനുള്ളില്‍ തന്നെ ഉപരിസഭ ഈ വിഷയം പരിഗണിക്കുമെന്ന് സെനറ്റ് അംഗം റെനാന്‍ കലേറിയസ് അറിയിച്ചു. റൂസഫിനു മുന്നില്‍ ഇനിയും മാര്‍ഗങ്ങളുണ്ട്. അവര്‍ക്ക് ബ്രസീലിലെ പരമോന്നത കോടതിയായ സുപ്രിം ഫെഡറല്‍ ട്രൈബ്യൂണലിനെ സമീപിക്കാം. അത്തരം നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍തന്നെ വ്യക്തമാക്കിയതാണെന്നും കലേറിയസ് പറഞ്ഞു.
അതേസമയം റൂസഫ് തനിക്കെതിരായ കുറ്റങ്ങള്‍ വീണ്ടും നിഷേധിച്ചു. ബജറ്റ് നിയമങ്ങള്‍ ലംഘിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണങ്ങളിന്‍മേലാണ് ദില്‍മയ്‌ക്കെതിരായ നടപടികള്‍. മുന്‍ പ്രസിഡന്റുമാരും ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തനിക്കെതിരേ ക്രിമിനല്‍ കുറ്റങ്ങളോ അഴിമതി ആരോപണങ്ങളോ നിലനില്‍ക്കുന്നില്ലെന്നും റൂസഫ് പറഞ്ഞു.
വൈസ് പ്രസിഡന്റ്‌തെമറടക്കമുള്ളവര്‍ അട്ടിമറി നീക്കം നടത്തുകയാണെന്ന വാദവും റൂസഫ് ആവര്‍ത്തിച്ചു. കുറ്റവിചാരണയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടുമുള്ള ആയിരക്കണക്കിന് പ്രക്ഷോഭകരാണ് തലസ്ഥാനമായ ബ്രസീലിയയില്‍ ഇന്നലെ എത്തിച്ചേര്‍ന്നത്. കോണ്‍ഗ്രസ്സിനു പുറത്ത് ഇരു വിഭാഗവും റാലികള്‍ സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it