ബ്രസീലില്‍: ലുല മന്ത്രിയാകും

ബ്രസീലിയ: പെട്രോബ്രാസ് അഴിമതിക്കേസില്‍ പെട്ട ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡ സില്‍വ ദില്‍മ റൂസ്സൂഫ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് അറിയിച്ചു.
സ്ഥാനം സംബന്ധിച്ച ചര്‍ച്ച നടത്താനിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിയമനിര്‍മാണ മന്ത്രാലയത്തിന്റെയോ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെയോ ചുമതല ലഭിക്കാനാണ് സാധ്യത.
ലുല മന്ത്രിസ്ഥാനം സ്വീകരിക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. അഴിമതിയാരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന ദില്‍മ റൂസ്സൂഫിന്റെ മന്ത്രിസഭയിലേക്കുള്ള ലുലയുടെ പ്രവേശനം സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഉപകരിക്കുമെന്നാണ് ഭരണകക്ഷിയായവര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
പെട്രോബ്രാസ് അഴിമതിയുമായി ബന്ധപ്പെട്ട് കേസില്‍ കഴിഞ്ഞയാഴ്ച ലുലയെ പോലിസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച ലുല ആരോപണമുന്നയിക്കുന്നവര്‍ തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞിരുന്നു.
അതേസമയം, മന്ത്രിസ്ഥാനം ഏറ്റെടുത്താല്‍ ലുലയ്ക്ക് നിയമപരിരക്ഷയും ലഭിക്കും. ലുല മന്ത്രിയാവുകയാണെങ്കില്‍ സുപ്രിംകോടതിയില്‍ മാത്രമേ വിചാരണ നടത്താനാവൂ. അതോടെ അഴിമതിയുമായി ബന്ധപ്പെട്ട് ലുലയെ അറസ്റ്റ് ചെയ്യാനും അന്വേഷണം നടത്താനും ഉത്തരവിട്ട ഫെഡറല്‍ ജഡ്ജി സെന്‍ഗിയോ മോറോയില്‍ നിന്നും ലുലയ്ക്ക് സംരക്ഷണം ലഭിക്കും. അതിനിടെ റൂസ്സൂഫിന്റെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സാവോപോളോയില്‍ പത്തു ലക്ഷത്തിലധികം പേര്‍ പ്രക്ഷോപം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it