ബ്രസീലില്‍ പിഎംഡിബി ഭരണമുന്നണി വിട്ടു

സാവോപോളോ: ബ്രസീലിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷി പിഎംഡിബി (ബ്രസീലിയന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടി) ഭരണമുന്നണി വിട്ടു. പുതിയ നീക്കം പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ത്വരിതപ്പെടുത്തും. ഭരണമുന്നണിയില്‍ ഘടകമായ പാര്‍ട്ടിയുടെ ആറു മന്ത്രിമാരും രാജിവയ്ക്കണമെന്നു ചൊവ്വാഴ്ച നടന്ന പിഎംഡിബി  നേതൃയോഗത്തില്‍ തീരുമാനമായിരുന്നു. റൂസഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ധാര്‍മികത തെളിയിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. പിഎംഡിബിയില്‍ നിന്നുള്ള ടൂറിസം മന്ത്രി ഹെന്റിക് എഡുറാഡോ ആല്‍വ്‌സ് തിങ്കളാഴ്ച രാജിവച്ചിരുന്നു.  രാജ്യത്തു വളര്‍ന്നുവരുന്ന സാമ്പത്തിക കമ്മി മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് പ്രസിഡന്റിന്റെ രാജിക്കായി പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നുണ്ട്. ഇടതുകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമൊത്ത് ഭരണമുന്നണിയില്‍ തുടരുന്നതിന് പിഎംഡിബി സെനറ്റര്‍മാരില്‍ ഭൂരിപക്ഷത്തിനും താല്‍പര്യമില്ലായിരുന്നെന്നു രാഷ്ട്രീയ നിരീക്ഷകര്‍ അറിയിച്ചു. പിഎംഡിബിയുടെ നടപടിയെത്തുടര്‍ന്ന് പ്രസിഡന്റ്് തന്റെ ന്യൂയോര്‍ക്ക് സന്ദര്‍ശനം റദ്ദാക്കി.മെയ് ആദ്യത്തോടെ തന്നെ പ്രസിഡന്റ് റൂസഫിനെ സ്ഥാനത്തുനിന്നു താല്‍ക്കാലികമായി മാറ്റിനിര്‍ത്തുമെന്നു വിലയിരുത്തപ്പെടുന്നു. പിഎംഡിബി നേതാവ്  വൈസ് പ്രസിഡന്റ് മിഷേല്‍ ടെമെറാകും പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കുക.
Next Story

RELATED STORIES

Share it