ബ്രദര്‍ഹുഡ് റിപോര്‍ട്ടിന്റെ പിന്നാമ്പുറം

എ ബി ബക്കര്‍

മാറ്റങ്ങള്‍ ലക്ഷ്യമിട്ട് അറബ് ലോകത്തു രൂപപ്പെട്ട ചില ജനകീയ മുന്നേറ്റങ്ങളുടെ അനുസ്മരണങ്ങളിലാണ് ഡിസംബര്‍. പരിമളം മാറും മുമ്പേ പിച്ചിയെറിയപ്പെട്ട അറബ് വസന്തങ്ങള്‍ക്കു തുടക്കം കുറിച്ച തുനീസ്യയിലെ മുല്ലപ്പൂ വിപ്ലവം വിടര്‍ന്നതിന്റെ അഞ്ചാം വാര്‍ഷികം, സയണിസ്റ്റ് അധിനിവേശത്തിനെതിരേ രൂക്ഷമായ സമരങ്ങള്‍ തീര്‍ത്ത ഫലസ്തീന്‍ ഇന്‍തിഫാദ തുടങ്ങിയതിന്റെ 28ാം വാര്‍ഷികം തുടങ്ങിയവ ഉദാഹരണം.
ഈ അനുസ്മരണങ്ങള്‍ക്കിടെയാണ് 90 വര്‍ഷം മുമ്പ് ജനകീയ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ക്കു വിത്തുപാകിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്) പ്രസ്ഥാനത്തെക്കുറിച്ചു ബ്രിട്ടിഷ് സര്‍ക്കാരിന്റെ ഒരു റിവ്യൂ റിപോര്‍ട്ട് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചത്. ബ്രദര്‍ഹുഡിനെ ബ്രിട്ടനില്‍ നിരോധിക്കേണ്ടതില്ലെങ്കിലും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ട ഒരു തീവ്രവാദ സാധ്യതാ പ്രസ്ഥാനമാണത് എന്നാണ് റിപോര്‍ട്ടിലെ പ്രധാന ആരോപണം. ഗള്‍ഫില്‍ ബ്രിട്ടിഷ് അംബാസഡറായിരുന്ന സര്‍ ജോണ്‍ ജെര്‍കിന്‍സിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ 12 പേജ് റിപോര്‍ട്ട് അമൂര്‍ത്തമായ കുറേ പദപ്രയോഗങ്ങളും മുന്‍ധാരണകളും കൊണ്ട് ശ്രദ്ധേയമായി.
''മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചില ഭാഗങ്ങള്‍ക്ക്(?) ആക്രമണോല്‍സുക തീവ്രവാദവുമായി അതിനിഗൂഢ ബന്ധമുണ്ട്... അക്രമത്തിലും ഭീകരതയിലും പങ്കുകൊണ്ടിട്ടുള്ള ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സഞ്ചാരപാതയായ ബ്രദര്‍ഹുഡ് മനഃപൂര്‍വം അതാര്യവും മിക്കവാറും രഹസ്യസ്വഭാവമുള്ളതുമാണ്... ബ്രദര്‍ഹുഡില്‍ അംഗത്വമോ അതുമായി ബന്ധമോ അതിനാല്‍ സ്വാധീനിക്കപ്പെടലോ ഒരു തീവ്രവാദസാധ്യതാ സൂചകമായി കണക്കാക്കേണ്ടതാണ്... തീവ്രപ്രസ്താവനകള്‍ നടത്തിയ ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കെതിരേയുള്ള വിസാ നിരോധം ബ്രിട്ടന്‍ തുടരുകയും ജീവകാരുണ്യപദ്ധതികള്‍ ബ്രദര്‍ഹുഡിനെ സാമ്പത്തികമായി സഹായിക്കുന്നതിനു ദുരുപയോഗപ്പെടുത്തുന്നില്ലെന്നു സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും ചെയ്യും. മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട എല്ലാവരുടെയും പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടുകളും നിരീക്ഷിക്കുന്നത് ശക്തിപ്പെടുത്തും...'' അങ്ങനെ പോകുന്നു റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.
വിപ്ലവാനന്തര ഈജിപ്തില്‍ ജനാധിപത്യ ഭരണകൂടം രൂപീകരിക്കുന്നതിനു നേതൃത്വം കൊടുത്ത കാരണത്താല്‍ ജന്മനാടിനു പുറമേ അട്ടിമറി സ്‌പോണ്‍സര്‍ ചെയ്ത അറബ് രാജ്യങ്ങളിലും ഭീകരപ്പട്ടികയില്‍പ്പെടുത്തി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ബ്രദര്‍ഹുഡിനെക്കുറിച്ചു പഠിക്കാന്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായ ബ്രിട്ടന്‍ നിര്‍ബന്ധിതമായത് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ഈയിടെയെങ്ങാനും ബ്രിട്ടനില്‍ നുഴഞ്ഞുകയറിയവരായതുകൊണ്ടല്ല. അറബ് ലോകത്തിനു പുറത്ത് ബ്രദര്‍ഹുഡുകാര്‍ക്ക് പണ്ടുമുതലേ സാമാന്യം സാന്നിധ്യമുള്ളിടമാണ് ബ്രിട്ടന്‍. ഈജിപ്തില്‍ ബ്രദര്‍ഹുഡിന്റെ സഹായത്തോടെ അധികാരത്തിലേറിയ ഒന്നാം പട്ടാള പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിര്‍ തിരിഞ്ഞുകുത്തി ബ്രദര്‍ഹുഡുകാരെ വേട്ടയാടിയപ്പോള്‍ നാടു വിടേണ്ടിവന്ന ധാരാളം പേര്‍ ബ്രിട്ടനില്‍ കുടികെട്ടിയിരുന്നു. വിവിധ മാനവ വികസനമേഖലകളില്‍ നൈപുണി തെളിയിച്ച ഇവര്‍ ബ്രിട്ടനിലെയും പുറത്തെയും മുസ്‌ലിം ജനതയെ സക്രിയമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കു പ്രാപ്തരാക്കുന്നതിലും ശ്രദ്ധിച്ചിരുന്നു.
അറബ് ലോകത്ത് നിര്‍ണായക ശക്തിയായ ഈജിപ്ത് വിപ്ലവാനന്തരം യഥാര്‍ഥ ജനാധിപത്യ പാതയിലേക്കു സഞ്ചരിക്കുന്നതു കണ്ട് സ്വന്തം കസേരയെക്കുറിച്ച് ഭയപ്പെട്ടവര്‍ അവരെ നിശ്ശബ്ദരാക്കാന്‍ പണവും ആധിപത്യവും നിരന്തരം ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗം തന്നെയാണ് ബ്രിട്ടിഷ് സര്‍ക്കാരിന്റെ ബ്രദര്‍ഹുഡ് റിപോര്‍ട്ട് എന്നു ബ്രിട്ടിഷ് മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു.
രണ്ടാം ഇന്‍തിഫാദയ്ക്കു ശേഷം ജനാധിപത്യരീതി അനുകരണീയമാംവിധം ഉപയോഗപ്പെടുത്തി 2006ല്‍ ഫലസ്തീനില്‍ അധികാരമേറിയ ഹമാസിനെ അധികാരത്തില്‍ നിന്നു വലിച്ചു താഴെയിട്ട് അമേരിക്കന്‍ ഭീകരമുദ്രയടിപ്പിക്കാന്‍ അരങ്ങേറിയ രംഗങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പാശ്ചാത്യര്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചു തോരാതെ മഞ്ഞു പെയ്യുമെങ്കിലും അവര്‍ക്ക് ജനാധിപത്യത്തേക്കാള്‍ വലുത് കച്ചവടം തന്നെയാണ്. ജര്‍മനിയുടെ സീമെന്‍സ് കമ്പനിക്ക് ഈജിപ്തില്‍ കോടികളുടെ കരാര്‍ കിട്ടിയപ്പോള്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ മനുഷ്യാവകാശനിഷേധ ആരോപണങ്ങളെല്ലാം മറന്ന് അബ്ദുല്‍ ഫതാഹ് സീസിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചത് ഒന്നാംതരം ഉദാഹരണം.
2015 നവംബര്‍ 6ലെ ഒരു റിപോര്‍ട്ട് പ്രകാരം, 2012ല്‍ ഡോ. മുഹമ്മദ് മുര്‍സി ഈജിപ്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേ ദിവസം തന്നെ ബ്രിട്ടനില്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇവരുടെ ഇമേജ് ബില്‍ഡിങ് ചുമതലയുള്ള സൈമണ്‍ പിയേഴ്‌സ് എന്ന ഡിപ്ലോമാറ്റ് പ്രധാനമന്ത്രി കാമറണിനു കൈമാറിയ ബ്രീഫിങ് നോട്ടില്‍, അറബ് ലോകത്തെ വിപ്ലവങ്ങള്‍ക്ക് അനുകൂലമായി ബിബിസി റിപോര്‍ട്ടുകള്‍ വരുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
ബ്രദര്‍ഹുഡിനെ നിയന്ത്രിക്കുന്നതിനു പ്രതിഫലമായി 600 കോടി പൗണ്ടിന്റെ യുദ്ധവിമാന കച്ചവടം ഉറപ്പിക്കുന്നതിനു പുറമേ ബ്രിട്ടിഷ് പെട്രോളിയം (ബിപി) കമ്പനിക്ക് എണ്ണക്കച്ചവടത്തില്‍ കാര്യമായ റോളും ഓഫറുമുണ്ടായിരുന്നു. മേഖലയില്‍ ജനാധിപത്യത്തിനു മുറവിളി കൂട്ടുന്നതിനു മുമ്പ് ബ്രദര്‍ഹുഡ് പോലുള്ളവര്‍ അധികാരം കൈയാളുന്നത് തങ്ങളെയും മേഖലയിലെ മറ്റു രാജ്യങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കണമെന്നും ജോര്‍ദാന്‍, ലബ്‌നാന്‍, ഇസ്രായേല്‍ പോലുള്ള രാജ്യങ്ങള്‍ക്ക് എന്തു സന്ദേശമാണ് ബ്രദര്‍ഹുഡിന്റെ അധികാരം നല്‍കുന്നതെന്നു നോക്കണമെന്നും ബ്രീഫിങ് നോട്ടില്‍ ഉണര്‍ത്തലുണ്ടായി.
ബ്രിട്ടനില്‍ നിന്ന് ഉടനെ നടപടിയൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പ്രസിഡന്റ് മുര്‍സിക്ക് ലണ്ടനില്‍ ഊഷ്മള സ്വീകരണവും ലഭിച്ചു. 2013ല്‍ മുര്‍സി അട്ടിമറിക്കപ്പെട്ടതോടെ, അവര്‍ ഇനിയും തിരിച്ചുവരുന്നത് തടയണമെന്ന റിമൈന്‍ഡറിനു ശേഷവും ബ്രിട്ടന്റെ ഭാഗത്തുനിന്നു തൃപ്തികരമായ നടപടികള്‍ ഇല്ലാതായപ്പോള്‍ പ്രസ്തുത രാജ്യത്തെ എണ്ണപദ്ധതികളുടെ ടെന്‍ഡറുകളില്‍ നിന്നു ബിപി കമ്പനി പുറത്തായി. 2013 അവസാനത്തില്‍ ഫൈറ്റര്‍ ജെറ്റ് കച്ചവടപദ്ധതി റദ്ദാക്കപ്പെട്ടു. 2014 ആദ്യത്തോടെ പ്രസ്തുത രാജ്യത്ത് പണിയെടുത്തിരുന്ന നൂറോളം ബ്രിട്ടിഷ് മിലിറ്ററി ഉപദേശകര്‍ക്കു പണി പോയി.
ഫലത്തില്‍, 2014 മാര്‍ച്ചില്‍ ബ്രദര്‍ഹുഡിനെക്കുറിച്ച് പഠിക്കാന്‍ പ്രധാനമന്ത്രി കാമറണ്‍ ഉത്തരവിട്ടതായി ഗാര്‍ഡിയന്‍ പറയുന്നു. ഒരു മാസത്തിനകം റിപോര്‍ട്ട് റെഡിയായെങ്കിലും നിയമക്കുരുക്കുകള്‍ ഭയന്നു പുറത്തുവിട്ടിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ നവംബറില്‍ പ്രസിഡന്റ് അല്‍സീസി ബ്രിട്ടന്‍ സന്ദര്‍ശിച്ചത്. ബ്രദര്‍ഹുഡിനെക്കുറിച്ചുള്ള സര്‍ക്കാര്‍ റിപോര്‍ട്ട് ഉടനെ പ്രസിദ്ധീകരിക്കുമെന്ന ഉറപ്പു വാങ്ങിയിട്ടാണ് സീസിയോടൊപ്പമുണ്ടായിരുന്ന പട്ടാളക്കൂട്ടം തിരിച്ചുപോയത്.
ബ്രദര്‍ഹുഡിനെ ബ്രിട്ടന്‍ ഒറ്റയിരിപ്പിനു നിരോധിച്ചില്ലെങ്കിലും ഭാവിയില്‍ ഏതു സര്‍ക്കാരിനും അതു ചെയ്യുന്നതിനുള്ള അടിത്തറയാകാവുന്ന റിപോര്‍ട്ടിനെതിരേ നിയമപോരാട്ടം നടത്തുമെന്ന് ബ്രദര്‍ഹുഡ് നേതൃത്വം പറയുന്നു. ബ്രിട്ടനിലെ നിയമപോരാട്ട സാധ്യതകള്‍ അവരെ എത്രത്തോളം സഹായിക്കുമെന്നു കണ്ടറിയണം. കാരണം, അറബ്-മുസ്‌ലിം ലോകത്തെവിടെയും ഒരു ജനാധിപത്യ മാറ്റം അടുത്തൊന്നും വരില്ലെന്ന് ഉറപ്പാക്കുന്നതില്‍ ബദ്ധശ്രദ്ധരാണ് പണാധിപത്യങ്ങള്‍.
യമനില്‍ ബ്രദര്‍ഹുഡ് രാഷ്ട്രീയം അധികാരത്തില്‍ എത്തില്ലെന്ന് ഉറപ്പാക്കി മാത്രമേ അവിടത്തെ വിശുദ്ധ യുദ്ധം അവസാനിക്കുകയുള്ളൂ. അലി സാലിഹുമാരെ തിരിച്ചുകൊണ്ടുവന്നാലും, ഹൂഥികള്‍ക്കും അല്‍ഖാഇദക്കും ഓഹരി മുറിച്ചുകൊടുത്താലും മുര്‍സിമാര്‍ തിരിച്ചുവരാതിരിക്കാന്‍ പണം ഒഴുകിക്കൊണ്ടിരിക്കും. കൊടിയും ചിഹ്നവും മുദ്രാവാക്യവും മാറ്റിയാല്‍ സമ്മര്‍ദ്ദം കുറയുമെന്ന് ഇസ്‌ലാമിക രാഷ്ട്രീയക്കാര്‍ ആലോചിക്കുന്നത് വെറുതെയാണ്. ലക്ഷ്യമാണ് പ്രശ്‌നം. ജനാധിപത്യ പ്രതീക്ഷകള്‍ വെടിഞ്ഞു മറ്റു വഴികള്‍ അന്വേഷിക്കുന്നത് വേട്ടക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുമെന്ന തിരിച്ചറിവ് അറബ് ലോകത്തെ ജനസംഖ്യയില്‍ 70 ശതമാനം വരുന്ന യുവതയ്ക്ക് ഉണ്ടെന്നു തോന്നുന്നു. അറബ് വസന്തങ്ങളുടെ അഞ്ചാം വര്‍ഷത്തില്‍ വിപ്ലവം തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങള്‍ ശക്തമാവുന്നത് അതാണ് സൂചിപ്പിക്കുന്നത്. $
Next Story

RELATED STORIES

Share it