ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഇന് ജീവപര്യന്തം

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പരമോന്നത ഉപദേഷ്ടാവ് മുഹമ്മദ് ബദീഇന് ജീവപര്യന്തം തടവ്. ബദീഇനു പുറമേ മറ്റു 35 പേരെയും ഈജിപ്ത് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
രാജ്യത്ത് ആദ്യമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരത്തിലെത്തിയ ശേഷം നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷയെന്ന് നിയമവിഭാഗം ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കേസില്‍ 48 പേര്‍ക്കെതിരേ കോടതി 15 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു. 20 പേരെ വെറുതെ വിട്ടു. സൂയസ് കനാല്‍ത്തീര നഗരമായ ഇസ്മാഈലിയ്യയിലുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവിധ കേസുകളിലായി മുഹമ്മദ് ബദീഇനെതിരേ വധശിക്ഷയും തടവുശിക്ഷകളും നിലനില്‍ക്കുന്നുണ്ട്.
2013ലെ അട്ടിമറിക്കു ശേഷം മുഹമ്മദ് മുര്‍സിയടക്കം ആയിരക്കണക്കിനു ബ്രദര്‍ഹുഡ് നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ഈജിപ്തിലധികാരമേറ്റ പട്ടാള ഭരണകൂടം അറസ്റ്റ് ചെയ്തത്. നൂറുകണക്കിനു ബ്രദര്‍ഹുഡുകാരെ ഈജിപ്ഷ്യന്‍ കോടതികള്‍ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it