ബോളിവുഡ് ചലച്ചിത്രങ്ങള്‍ നിരോധിക്കണമെന്ന് പാക് നിര്‍മാതാക്കള്‍

ലാഹോര്‍: രാജ്യത്ത് ബോളിവുഡ് ചലച്ചിത്രങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താനിലെ ഒരു വിഭാഗം നിര്‍മാതാക്കളും വിതരണക്കാരും ലാഹോര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. രാജ്യത്തെ പ്രാദേശിക സിനിമാ വ്യവസായത്തിന് ബോളിവുഡ് ഭീഷണി സൃഷ്ടിക്കുന്നതായി ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. പാകിസ്താനി സിനിമകള്‍ കാണുന്നതില്‍ നിന്ന് ബോളിവുഡ് സിനിമകള്‍ പ്രേക്ഷകരെ അകറ്റി നിര്‍ത്തുന്നതായി വിതരണക്കാരിലൊരാളായ ചൗധരി കര്‍മാന്‍ പറഞ്ഞു.
പാകിസ്താനി സിനിമ വളരുന്നത് മധ്യവര്‍ഗത്തെ ആശ്രയിച്ചാണ്. എന്നാലിപ്പോള്‍ ബോളിവുഡ് ചിത്രങ്ങള്‍ കാരണം മധ്യവര്‍ഗം പാകിസ്താനി ചിത്രങ്ങളെ അവഗണിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പാകിസ്താനിലെ സിനിമാ വ്യവസായത്തെ രക്ഷിക്കണമെങ്കില്‍ ബോളിവുഡ് ചിത്രങ്ങള്‍ അനിവാര്യമാണെന്ന് ലാഹോറിലെ പിഎഎഫ് സിനിമ ഡയറക്ടര്‍ നാദിര്‍ മിന്‍ഹാസ് പറഞ്ഞു. രാജ്യത്ത് നിര്‍മാണ സ്റ്റുഡിയോകള്‍ തന്നെയാണ് സിനിമാശാലകളും നടത്തുന്നത്. സിനിമാശാലകളിലെ ടിക്കറ്റ് വരുമാനം സിനിമാ നിര്‍മാണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ സിനിമാശാലകളില്‍ പോകുന്ന ശീലം രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. 12 സ്‌ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ലാഹോറില്‍ ഇപ്പോള്‍ 32 സിനിമാശാലകളുണ്ട്. ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഈ വ്യവസായം ഒതുങ്ങിപ്പോവുമെന്നും നാദിര്‍ മിന്‍ഹാസ് പറഞ്ഞു.
Next Story

RELATED STORIES

Share it