wayanad local

ബോണസ് പ്രശ്‌നം: തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയം

കല്‍പ്പറ്റ: ഹരിസണ്‍ മലയാളം കമ്പനിയിലെ ബോണസ് പ്രശ്‌നം പരിഹരിക്കുന്നതിനായി യൂനിയന്‍ പ്രതിനിധികള്‍ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മാനേജ്‌മെന്റിന്റെയും ഒരുവിഭാഗം ട്രേഡ് യൂണിയനുകളുടെയും തൊഴിലാളിവിരുദ്ധ നിലപാടാണ് ചര്‍ച്ച പരാജയപെടാനിടയാക്കിയതെന്നും ന്യായമായ ബോണസ് ലഭിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനും വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂനിയന്‍(സിഐടിയു) എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ചര്‍ച്ചയില്‍ 8.33 ശതമാനം ബോണസ് മാത്രമേ നല്‍കുവെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. 20 ശതമാനം വേണമെന്ന് സിഐടിയു ശക്തമായി ആവശ്യപ്പെട്ടു. മാനേജ്‌മെന്റിന്റെ വാദം ശരിയല്ലെന്നും കഴിഞ്ഞ വര്‍ഷം നല്‍കിയ 16 ശതമാനമെങ്കിലും നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ ഇത് നല്‍കണമെങ്കില്‍ കമ്പനി സര്‍ക്കാരില്‍ കെട്ടിവെച്ച സീനിയറേജ് മടക്കി നല്‍കണമെന്നും റബര്‍ മരങ്ങള്‍ ഉള്‍പ്പെടെ മുറിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടയില്‍ ഐഎന്‍ടിയുസി, ബിഎംഎസ്, എസ്ടിയു സംഘടനാ പ്രതിനിധകള്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയി. കമ്പനി പ്രഖ്യാപിച്ച 8.33 ശതമാനം വാങ്ങിയിട്ടുണ്ടെന്നും കൂടുതല്‍ ലഭിക്കാന്‍ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇവിടെ വിധിയാവുമ്പോ ള്‍ബാക്കി ബോണസ് മതിയെന്നും ഈ യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. ഇതോടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ 8.33 ശതമാനമേ നല്‍കുവെന്നവാശിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ന്യായമായ ബോണസ് ലഭിക്കാതെ തങ്ങളുടെ സമരം അവസാനിപ്പിക്കില്ലെന്ന് സിഐടിയുവിനെ പ്രതിനിധീകരിച്ച കെ കെ ജയചന്ദ്രന്‍ എംഎല്‍എ, പി ഗഗാറിന്‍,എന്‍ സി പ്രസാദ് എന്നിവര്‍ യോഗത്തില്‍ വ്യക്തമാക്കി.
ജില്ലയിലെ മറ്റ് എസ്‌റ്റേറ്റുകളെല്ലാം അര്‍ഹമായ ബോണസ് നല്‍കിയപ്പോള്‍ എച്ച്എംഎല്‍ തൊഴിലാളികളെ വെല്ലുവിളിക്കുകയാണെന്ന് വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂനിയന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it