ernakulam local

ബോട്ട് സര്‍വീസുകള്‍ താളം തെറ്റുന്നതായി പരാതി; യാത്രക്കാര്‍ ബുദ്ധിമുട്ടില്‍

മട്ടാഞ്ചേരി: ജലഗതാഗത വകുപ്പിന്റെ എറണാകുളം റൂട്ടിലെ ബോട്ട് സര്‍വീസുകള്‍ താളം തെറ്റുന്നു. ദിവസേന ആയിരക്കണക്കിനാളുകള്‍ നഗരത്തിലെത്താന്‍ ആശ്രയിക്കുന്ന ബോട്ട് ഷെഡ്യൂളുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വെട്ടി ചുരുക്കുന്ന അധികൃതരുടെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ബോട്ടുകള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോ ഗ യോഗ്യമാക്കേണ്ടതിന് പകരം അവ സര്‍വീസ് നടത്തുന്നത് അപകടത്തിനും കാരണമാവുന്നുണ്ട്. കഴിഞ്ഞ ദിവസം ജലഗതാഗത വകുപ്പിന്റെ ബോട്ട് യന്ത്രം നിലച്ച് കായലില്‍ ഒഴുകി നടന്നത് ഇതിന് ഉദാഹരണമാണ്. എസ്.33 എന്ന സ്റ്റീല്‍ ബോട്ട് കഴിഞ്ഞ ദിവസം സൈലന്‍സര്‍ ലീക്കിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയിരുന്നു. അതുപോലെ എസ്.27 എന്ന ബോട്ടും ഇതേ കാരണത്താല്‍ തകരാറിലായി.
വളരെ തിരക്കുള്ള രാവിലത്തേയും വൈകുന്നേരത്തേയും സര്‍വീസുകളാണ് പലപ്പോഴും റദ്ദാക്കപ്പെടുന്നത്. ഇത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. നഗരത്തില്‍ ജോലിക്കായും മറ്റ് പല ആവശ്യങ്ങള്‍ക്കായും പോവുന്നവരില്‍ ഏറിയ പങ്കും ആശ്രയിക്കുന്നത് എറണാകുളം-ഫോര്‍ട്ട്‌കൊച്ചി ബോട്ട് സര്‍വീസുകളെയാണ്.
വളരെ എളുപ്പത്തില്‍ എറണാകുളം നഗരത്തിലെത്താമെന്നതും പണം ലാഭിക്കാമെന്നതുമാണ് യാത്രക്കാരെ ബോട്ട് സര്‍വീസിനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്തെ പഴക്കം ചെന്ന 14 ബോട്ടുകള്‍ ഒഴിവാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിന്റെ മറവില്‍ ഫോര്‍ട്ട്‌കൊച്ചി-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എ.88 എന്ന മരബോട്ട് ഇവിടെ നിന്ന് വൈക്കത്തേക്ക് നീക്കിയതായും പരാതിയുണ്ട്. ഒഴിവാക്കുന്ന ബോട്ടുകള്‍ക്ക് പകരം സ്റ്റീല്‍ ബോട്ടുകള്‍ ഇറക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിന് അധികൃതര്‍ വേണ്ടത്ര വേഗത നല്‍കുന്നില്ലന്നാണ് പശ്ചിമകൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പത്മനാഭ മല്ലയ്യ പറയുന്നത്.
സാധാരണക്കാര്‍ ആശ്രയിക്കുന്ന ബോട്ട് സര്‍വീസുകള്‍ കാര്യക്ഷമമാക്കുവാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊച്ചി വികസന മുന്നണി ചെയര്‍മാന്‍ വി എം ഖാദര്‍, ജനറല്‍ കണ്‍വീനര്‍ പി എ അബ്ദുല്‍ റസാക്ക് എന്നിവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it