Gulf

ബോട്ടില്‍ പോകുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ദോഹ: മല്‍സ്യബന്ധനത്തിനും വിനോദത്തിനുമായി കടലില്‍ പോകുന്നവര്‍ക്കായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കോസ്റ്റ്‌സ് ആന്റ് ബോര്‍ഡേര്‍സ് സെക്യൂരിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിബന്ധനകള്‍ പാലിക്കാതെ കടലില്‍ പോകുന്നതു മൂലം പല ബോട്ടുകളും നിയമ നടപടിക്ക് വിധേയമാകേണ്ടി വരുന്ന സാഹചര്യത്തിലാണ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രാദേശിക പത്രങ്ങള്‍ വഴി അധികൃതര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ബോട്ടിന്റെ രേഖകളും ജീവനക്കാരുടെ രേഖകളും ദോഹ, അല്‍സഫ്‌ലിയ, അല്‍ആലിയ, വക്‌റ, അല്‍ഖോര്‍, റുവൈസ് എന്നിവിടങ്ങളിലെ കോസ്റ്റ് ഗാര്‍ഡ് രജിസ്‌ട്രേഷന്‍ സെന്ററുകളില്‍ സമര്‍പ്പിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. ബോട്ടില്‍ സമുദ്ര ആശയ വിനിമയത്തിനും സുരക്ഷയ്ക്കും ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. ബോട്ടിന്റെ ഭാരവും വലുപ്പവും വഴികാട്ടാനുള്ള വിളക്കുകളും കടലില്‍ പോകാന്‍ പര്യാപ്തമാണെന്ന് ഉറപ്പ് വരുത്തണം.
ഖത്തറിനും അയല്‍രാജ്യങ്ങള്‍ക്കുമിടയിലെ സമുദ്രാതിര്‍ത്തി ലംഘിക്കുകയോ അതിര്‍ത്തിക്കു സമീപത്തേക്കു പോവുകയോ ചെയ്യരുത്. സമുദ്രാതിര്‍ത്തി ലംഘിക്കുന്നത് മൂലം മല്‍സ്യത്തൊഴിലാളികള്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുടെ പിടിയിലാവുന്നത് പതിവാണ്.
സമുദ്രത്തില്‍ മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുത്. എണ്ണ, വാതക മേഖലകള്‍ പോലുള്ള നിരോധിത മേഖലകളിലേക്ക് പ്രവേശിക്കരുത്. സമുദ്രത്തില്‍ വഴി കണ്ടുപിടിക്കുന്നതിനുള്ള ജിപിഎസ്, ഇലക്ട്രോണിക് മാപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ബോട്ടില്‍ ഉണ്ടായിരിക്കണം. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കോസ്റ്റ്‌സ് ആന്റ് ബോര്‍ഡേര്‍സ് സെക്യൂരിറ്റി അതത് സമയത്ത് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
10 മാസം മുമ്പ് ബോട്ട് തീരദേശ സേനയുടെ പിടിയിലായതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 11 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തിലായിരുന്നു. സമുദ്രത്തില്‍ പോവുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ബോട്ട് പിടിയിലായത്.
മാധ്യമപ്രവര്‍ത്തകന്‍ വഴി ഇവരുടെ സ്ഥിതി അറിഞ്ഞ കേരള സാമൂഹിക ക്ഷേമ മന്ത്രി എം കെ മുനീര്‍ കഴിഞ്ഞ ദിവസം ഇവരുടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്ന്, അംബാസഡര്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it