ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കോഴിക്കോട്: നാദാപുരം തെരുവന്‍പറമ്പ് കിണമ്പ്രക്കുന്നില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. നരിപ്പറ്റയിലെ കുയിതേരിന്റവിട കുഞ്ഞിക്കണ്ണന്റെയും ലീലയുടെയും മകനായ ലിനീഷ് (35) ആണ് ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ലിനീഷിനു ഗുരുതര പരിക്കേറ്റത്. ഇരുകൈകളും തകര്‍ന്ന ഇയാളെ വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
ബോംബ് നിര്‍മാണത്തില്‍ വിദഗ്ദനായ ഇയാളും സംഘവും പതിമൂന്ന് ബോംബുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് പോലിസ് പറയുന്നു. ഇതില്‍ രണ്ടെണ്ണമാണ് പൊട്ടിത്തെറിച്ചത്. ബോംബ് നിര്‍മാണത്തിനുള്ള രണ്ട് കണ്ടെയ്‌നറും വെടിമരുന്നും സ്ഥലത്ത് നിന്നു പോലിസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനത്തിനിടെ തലയില്‍ തുളച്ചു കയറിയ സ്റ്റീല്‍ ചീളുകള്‍ തലച്ചോറില്‍ ഏല്‍പ്പിച്ച ഗുരുതര മുറിവാണ് മരണകാരണം. മൃതദേഹം ഇന്നലെ വൈകീട്ട് വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. പിതാവ് കുഞ്ഞിക്കണ്ണന്‍ മാതാവ്: ലീല. സഹോദരന്‍. ജിനീഷ്.
സംഭവത്തില്‍ പരിക്കേറ്റ വണ്ണത്താംവീട്ടില്‍ ലിനേഷ് (26) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പയന്തോങ്ങിലെ താനിയുള്ളതില്‍ വിവേക് (24), വാണിമേല്‍ പുത്തലത്ത് താഴെ ജിനീഷ് (28), കിണമ്പ്രയിലെ ചമ്പോട്ടുമ്മല്‍ വിജേഷ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. നാദാപുരം ഗവണ്‍മെന്റ് കോളജിനായി ജനകീയ കമ്മിറ്റി വിലയ്ക്ക് വാങ്ങിയ തെരുവന്‍പറമ്പ് കിണംമ്പ്രകുന്നിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ മുമ്പും വന്‍തോതില്‍ ബോംബ് നിര്‍മാണം നടന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പരിക്കേറ്റവരെ ഇവിടെ നിന്നു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നു പരാജയപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it