Kollam Local

ബൈക്ക് മോഷ്്ടാക്കള്‍ പിടിയില്‍

കൊല്ലം: ബൈക്ക് മോഷണ കേസ്സുകളിലെ പ്രതികളെ കൊല്ലം ഈസ്റ്റ് പോലിസ് പിടികൂടി. കൊല്ലം കല്ലുവാതുക്കല്‍ വില്ലേജില്‍ നടയ്ക്കല്‍ ആലുവിള എന്ന സ്ഥലത്ത് ചരുവിള പുത്തന്‍ വീട്ടില്‍ മക്കു എന്നു വിളിക്കുന്ന ബിനുമോഹന്‍ (വയസ്സ് 20), ചവറ വില്ലേജില്‍ പുത്തന്‍തുറ ചേരിയില്‍ ഫിഷര്‍മെന്‍ കോളനിയില്‍ പുതുമംഗലത്ത് വീട്ടില്‍ ജോവിന്‍ എന്നു വിളിക്കുന്ന ജീവന്‍ (വയസ്സ് 22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായത്.  രാത്രികാല പോലിസ് പെട്രോളിങ്ങിനിടെ കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റിന് സമീപം സംശയകരമായ സാഹചര്യത്തിലാണ് പ്രതികള്‍ പോലിസ് കസ്റ്റഡിയിലായത്.  ഇവര്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിളിനെ കുറിച്ച് അന്വേഷിച്ചതില്‍ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള മുസ്്‌ലിം പള്ളിയുടെ കോംപൗണ്ടില്‍ നിന്നും മോഷണം പോയ മോട്ടോര്‍ സൈക്കിളാണെന്ന് കണ്ടെത്തി.  പകല്‍ സമയങ്ങളില്‍ ആശുപത്രി പരിസരങ്ങളിലും, കെഎസ്ആര്‍ടിസി,  റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും കറങ്ങിനടന്ന് പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ കണ്ടുവച്ച ശേഷം രാത്രി കാലങ്ങളില്‍ വാഹനങ്ങളുടെ സ്വിച്ച് വയര്‍ ഇളക്കി മാറ്റി മോഷണം നടത്തുന്നതാണ്  ഇവരുടെ രീതി.  മക്കു എന്നു വിളിക്കുന്ന ബിനുമോഹന്‍ പെരൂമ്പാവൂര്‍ പോലിസ് സ്റ്റേഷനില്‍ മുമ്പ് വാഹനമോഷണ കേസ്സില്‍ പ്രതിയായി ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് പല സ്ഥലങ്ങളിലും കറങ്ങി നടന്ന് ആര്‍ഭാട ജീവിതത്തിനായിട്ടാണ് വിനിയോഗിച്ചിരുന്നത്. ഒറ്റയ്ക്കും കൂട്ടമായിട്ടും മോഷണം നടത്തുന്ന ഇവരുടെ കൂട്ടുകാരായ മോഷ്ടാക്കളെപ്പറ്റി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. അവര്‍ ഉടന്‍ പോലിസ് പിടിയിലാവും. കൊല്ലം സിറ്റി പോലിസ്  കമ്മീഷണര്‍ പി പ്രകാശ് ഐപിഎസ്സിന്റെ നേതൃത്വത്തില്‍  കൊല്ലം എസിപി എം എസ്സ് സന്തോഷ്, കൊല്ലം ഈസ്റ്റ് സിഐ എസ്സ് ഷെരീഫ്, കൊല്ലം ഈസ്റ്റ് എസ്‌ഐ യു പി വിപിന്‍കുമാര്‍, ജൂനിയര്‍ എസ്‌ഐ രാജേഷ്‌കുമാര്‍, അഡീഷണല്‍ എസ്‌ഐ പ്രകാശന്‍, ആന്റീ തെഫ്റ്റ് സ്‌ക്വാഡിലെ അംഗങ്ങളായ ജോസ് പ്രകാശ്,  അനന്‍ബാബു, ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്്് ചെയ്തു.
Next Story

RELATED STORIES

Share it