kozhikode local

ബൈക്ക് മോഷണം: രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പിടിയില്‍

കോഴിക്കോട്: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പിടിയില്‍. മോഷ്ടിച്ച ബൈക്കില്‍ കറങ്ങുമ്പോള്‍ കല്ലായി കലക്ടേഴ്‌സ് റോഡില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. രണ്ടുപേരും നഗരത്തിലെ പ്രധാന സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. മോഷ്ടിച്ച നാലു ബൈക്കുകള്‍ പോലിസ് കണ്ടെടുത്തു. കാഴിക്കോട് നഗരത്തിലെ ബീച്ച്, ലിങ്ക് റോഡ്, ഗുജറാത്തി സ്ട്രീറ്റ്, കൊയിലാണ്ടി കൊല്ലം ഭാഗങ്ങളില്‍ നിന്ന് മോഷ്ടിച്ചതാണിവ. അടുത്തിടെ നഗരത്തില്‍ നിരവധി ബൈക്കുകള്‍ മോഷണം പോയിരുന്നു.
സൗത്ത് എസിപി എ ജെ ബാബുവിന്റെ നിര്‍ദേശപ്രകാരം നടന്ന അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്നാണ് ടൗണ്‍ സിഐ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ ചെമ്മങ്ങാട് എസ്‌ഐ പി എം വിമോദ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.വിദ്യാര്‍ഥികള്‍ ബൈക്കുകളുടെ നമ്പര്‍ മാറ്റിയാണ് ഉപയോഗിച്ചിരുന്നത്. ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബൈക്കില്‍ വരുന്നവരെ നിരീക്ഷിക്കുകയാണ് രീതി. ഉടമകള്‍ പോവുന്നതോടെ ഹാന്റില്‍ ലോക്ക് പൊട്ടിച്ച് പ്ലഗ് ഊരി ബൈക്ക് സ്റ്റാര്‍ട്ടാക്കി ഓടിച്ചു പോവുകയാണ് ചെയ്യുക. മോഷണം നടത്തിയ ബൈക്കുകള്‍ നമ്പര്‍ മാറ്റി പലയിടത്തായി നിര്‍ത്തിയിട്ട് ആരും പിന്തുടരുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കും. ശേഷം കുറഞ്ഞ വിലയ്ക്ക് വില്‍ക്കും.
ലഭിക്കുന്ന പണം ആര്‍ഭാട ജീവിതം നയിക്കാനാണ് ഉപയോഗിച്ചിരുന്നത്. മയക്കുമരുന്ന്, വിലകൂടിയ വസ്ത്രങ്ങള്‍, ഷൂ എന്നിവ വാങ്ങുന്നതിന് പുറമെ ഗോവയിലേക്കും ബാംഗ്ലൂരിലേക്കും വിനോദയാത്ര പോവുന്നതും പതിവായിരുന്നു. വിലകൂടിയ വസ്തുക്കള്‍ സ്‌കൂളില്‍ കൂടെ പഠിക്കുന്നവരെ കാണിച്ച് മോഷണത്തിലേക്ക് ആകര്‍ഷിച്ചതായും പോലിസ് പറയുന്നു.
ഫറോക്ക്, നല്ലളം, ടൗണ്‍, കസബ, ചേവായൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ അടുത്തിടെ ബൈക്കു മോഷണത്തിന് പിടിയിലായ വിദ്യാര്‍ഥികളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ഏഴു ബൈക്കുകളുമായി നല്ലളം പോലിസ് പിടികൂടിയ കേസ്സില്‍ ജുവനൈല്‍ ഹോമിലായിരുന്നു ഇവര്‍. രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. മോഷ്ടാക്കളിലേറെയും മയക്കു മരുന്നിന് അടിമകളാണെന്ന് പോലിസ് പറഞ്ഞു. ചെമ്മങ്ങാട് സ്‌റ്റേഷനിലെ എഎസ്‌ഐ സജീവന്‍, സിപിഒമാരായ പ്രസാദ്, ബിനീഷ്, ഷാഡോ പോലിസിലെ കെ കെ രമേശ്ബാബു, പി ടി സുനില്‍കുമാര്‍, രജിത്ത് ചന്ദ്രന്‍, വിജീഷ്, റിജില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it