Kollam Local

ബൈക്ക് കത്തിച്ച കേസിലെ പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ കഞ്ചാവുമായി അറസ്റ്റില്‍

കൊല്ലം: എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി ആര്‍ അനില്‍കുമാര്‍ നടപ്പിലാക്കിയ ക്ലീന്‍ സിറ്റി - സേഫ് യൂത്ത് പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ റെയ്ഡില്‍ 75 പൊതി കഞ്ചാവുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി സുനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സഹോദരന്മാരായ തഴുത്തല കിഴവൂര്‍ സുധീഷ് ഭവനില്‍ രതീഷ് (18), സുധീഷ് (23), നിയാസ് മന്‍സിലില്‍ നിഷാദ് (21) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു. രതീഷിനെതിരേ എഴുകോണ്‍ പോലിസ് സ്റ്റേഷനില്‍ ബൈക്ക് കത്തിച്ച കേസുണ്ട്. കിഴവൂര്‍ മിനി കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ജി രാധാകൃഷ്ണപിള്ളയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിഴവൂര്‍ ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച സംഘത്തെ കോളനി നിവാസികളുടെ സഹായത്തോടെയാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി വിനോദ്, പ്രിവന്റീവ് ഓഫിസര്‍ ആര്‍ ജി വിനോദ്, എക്‌സൈസ് ഷാഡോ അംഗങ്ങളായ അരുണ്‍ ആന്റണി, അശ്വന്ത് എസ് സുന്ദരം, എവേഴ്‌സന്‍ ലാസര്‍, വിഷ്ണുരാജ്,ടി എസ് സുനില്‍, റാസ്മിയ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ജില്ലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനായ പെരുമ്പുഴ സ്വദേശി അജിയുടെ പ്രധാന കാരിയര്‍മാരാണ് പ്രതികള്‍. സ്‌കൂട്ടറില്‍ തമിഴ്‌നാട്ടില്‍ പോയാണ് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത്. ഇലക്ഷനോടനുബന്ധിച്ച് അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കിയതിനാല്‍ ബസിലും ട്രെയിനിലും മറ്റും കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിന് ബുദ്ധിമുട്ടായതിനാലാണ് സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നത്. കഞ്ചാവ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് നൂല് കെട്ടി പെട്രോള്‍ ടാങ്കിലിറക്കി വച്ചും സ്‌കൂട്ടറിന്റെ പ്ലാറ്റ് ഫോമിന് അടിയില്‍ രഹസ്യ അറ നിര്‍മിച്ചുമാണ് കഞ്ചാവ് കടത്തിയിരുന്നത്. 500 രൂപ വിലവരുന്ന പൊതികളിലാക്കിയാണ് ആവശ്യകാര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത്. പ്രതികള്‍ വര്‍ഷങ്ങളായി കഞ്ചാവിന് അടിമകളാണെന്നും ദിവസവും ഇവര്‍ക്ക് 300 മുതല്‍ 500 രൂപയ്ക്കുവരെ കഞ്ചാവ് വലിച്ചുതീര്‍ക്കുന്നതിന് ആവശ്യമായിരുന്നു. കഞ്ചാവ് വലിക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനായാണ് പ്രതികള്‍ കഞ്ചാവ് കടത്തുകാരായത്.
ക്ലീന്‍ സിറ്റി -സേഫ് യൂത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്ന് എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണര്‍ വി ആര്‍ അനില്‍കുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it